നിരന്തരം മാറുന്ന ലോകം
വിചാരപരമായും പ്രാവര്‍ത്തികമായും സംഭവിക്കുന്ന നിരന്തരമായ മാറ്റങ്ങള്‍ സമൂഹമനസിന് ആഘോഷവും ആനന്ദവുമാണ്. സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്നതൊന്നും യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനപ്പെട്ട വിഷയമല്ല. അപ്പോഴത്തെ ഇഷടം, സാഹചര്യം, ലക്ഷ്യം എന്നതിനൊക്കെയേ പ്രസക്തിയുണ്ടാവുന്നുള്ളൂ.
സാഹചര്യത്തോട് നന്നായി പ്രതികരിക്കാന്‍ കഴിയുന്നവരുടെ താത്പര്യങ്ങള്‍ സമൂഹത്തിന്റെ ശരികള്‍ എന്നതായി വരുന്നു. അതു തന്നെ നിയമം! അതിനെ കടന്നുപോകാന്‍ കഴിയാത്തവര്‍ ആ ശരികള്‍ക്കു മാറ്റം വരുന്നതു വരെ അങ്ങനെ അനുസരിച്ചു തുടരുന്നു. കുറേ കഴിയുമ്പോള്‍ മറ്റൊരു ശരി സ്ഥാനം പിടിക്കുന്ന സ്ഥിതിയുണ്ടാവുന്നു. അപ്പോള്‍ അതേവരെ ഉണ്ടായിരുന്ന ശരികള്‍ തെറ്റുകളായി വ്യാഖ്യാനിക്കപ്പെടുന്നു. ഇത്തരം ശരി-തെറ്റുകള്‍ നിരന്തര മാറ്റങ്ങളോടെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സമൂഹത്തിന്റെ, വ്യക്തിയുടെയും മനസാക്ഷിയെന്നത് ഇത്തരമൊരു കടംകഥയാണ് അല്ലെങ്കില്‍ നേരമ്പോക്കാണ്.
മുമ്പൊക്കെ, ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല, രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനായിരുന്നു. രാജാവിനെ വണങ്ങുന്നതും മുഖം കാണിക്കുന്നതും, കാണുന്നതു പോലും വലിയ ഭാഗ്യമായിരുന്നു. രാജഭരണകാലത്ത് സവര്ണ്ണന് എന്ന വിഭാഗത്തില്‍ പെടുന്നവന് പ്രത്യേകിച്ച് യോഗ്യതയൊന്നുമില്ലെങ്കിലും ആദരണീയനായിരുന്നു. സവര്‍ണ്ണന്റെ അടുത്തെങ്ങും എത്താതെ സ്വയം അകലം പാലിക്കുന്നത് അവര്‍ണ്ണന്റെ ധര്‍മ്മമായിരുന്നു. സവര്ണ്ണന് അവര്‍ണ്ണനെ വധിക്കുന്നത് ഉള്‍പ്പടെ എന്തു ചെയ്യുന്നതിനും അധികാരമുണ്ടായിരുന്നു. ആ അധികാരത്തിന് വിധേയനായിരിക്കുക എന്നതായിരുന്നു അവര്‍ണ്ണന്റെ അവകാശം! പിന്നെ അതുമാറി. സവര്ണ്ണന് ചെയ്യുന്നതു പോലെ ചെയ്ത് അവര്‍ണ്ണനും സവര്ണ്ണന് ഒപ്പമാകാന്‍ ശ്രമം തുടങ്ങി.
മുമ്പെങ്ങും പരിചയമില്ലാത്ത അമ്പലത്തില്‍ പോക്കും ആരാധനകളും മറ്റ് ചടങ്ങുകളുമെല്ലാമായി അവര്ണ്ണന് സവര്‍ണ്ണനെ അനുകരിക്കുന്നതിലേക്ക് വന്നു. അങ്ങനെ അവര്ണ്ണന് സവര്ണ്ണനാവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. സവര്ണ്ണന് തികഞ്ഞ ഇഷ്ടക്കേടുണ്ടെങ്കിലും, അവര്‍ണ്ണരുടെ ഇന്നത്തെ അനുകരണവും ആശയപരമായി പ്രകടിപ്പിക്കുന്ന വിധേയത്വവും വലിയ സമൂഹമെന്ന ലേബല്‍ ഉണ്ടാവുന്നതിന് സവര്‍ണ്ണര്‍ക്ക് തീര്‍ത്തും സഹായകമായി. ന്യൂനപക്ഷം മാത്രമായ സവര്‍ണ്ണരെ സംബന്ധിച്ച് അവര്‍ണ്ണരുടെ അനുകരണശ്രമം അറിയാതെ വന്നുപെട്ട വലിയൊരു സംരക്ഷണമാണ്. അങ്ങനെ സംഭവിച്ചതുകൊണ്ട് മുമ്പേ ചെയ്തതിന് പകരം വീട്ടാനൊന്നും ആരും തുനിയുന്നില്ലെന്നത് എല്ലാവര്ക്കും വലിയ ആശ്വാസമാണ്. ബോധപൂര്‍വ്വമല്ലാതെ സംഭവിച്ച വലിയൊരു കോംപ്രമൈസിന്റെ സുഖത്തിലാണ് സമൂഹം ഇന്ന്. അത്രത്തോളം സന്തോഷം.. സമാധാനമുണ്ടല്ലൊ..
ഉടമയും അടിമയും എന്നത് മുമ്പ് സമൂഹത്തിന്റെ ഘടനാപരമായ ഏറ്റവും വലിയ ശരിയായിരുന്നു. ഇന്നത് ഏറ്റവും വലിയ തെറ്റായി മാറി. അടിമയെ എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും ഉടമയ്ക്കുണ്ടായിരുന്നു. ഉടമയുടെ തീരുമാനം അനുസരിക്കുക അടിമയ്ക്ക് അഭിമാനമായിരുന്നു. അക്കാലത്തെക്കുറിച്ചും നമ്മള്, ചരിത്രപരമായി നല്ലകാലമെന്നു പറഞ്ഞു പാടി രസിക്കുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം!
ഇന്ന് ഉടമ-അടിമ സമ്പ്രദാത്തില്‍ നിന്നു തത്ത്വത്തില്‍ മോചനമായി. മുമ്പത്തെ അപേക്ഷിച്ച് എല്ലാവര്ക്കും സുഖസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. ജനാധിപത്യത്തിന്റെ ഇക്കാലത്തും ചൂഷണം പക്ഷേ അതിശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുമ്പത്തെ അടിമകള്‍ ഇന്ന് ചൂഷിതവര്ഗ്ഗമായി മാറിയിരിക്കുന്നു.. ഒരു വ്യത്യാസം മാത്രം- അതൊരു ജാതീയമായ പിന്തുടര്ച്ചയുടെ രീതിയിലല്ല നടപ്പാകുന്നത്..
ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കൊടുക്കുന്നത് പുണ്യകര്‍മ്മമായി മുമ്പ് പ്രചരിപ്പിച്ചിരുന്നു. ഇന്നു കഥമാറി. ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കൊടുക്കുന്നത് നല്ലതല്ലെന്ന വിചാരം ശക്തിപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ അവസ്ഥയില്‍ വന്ന മാറ്റം ഇത്തരത്തില്‍ വിചാരിക്കാന്‍ പ്രേരിപ്പിക്കുന്നു.
കുട്ടികളെക്കൊണ്ട് ആവതുപോലെ പണിയെടുപ്പിക്കുക എന്നത് മുമ്പൊക്കെ വലിയ ശരിയായിരുന്നു. ‘പ്ലാവില എടുക്കാറായതിനെക്കാണ്ട് എടുപ്പിക്കുക’ എന്ന പറച്ചില് തന്നെ ഉദാഹരണം. ഇന്ന് കുട്ടികളെക്കൊണ്ട് പണി എടുപ്പിക്കുന്നത് വലിയ കുറ്റകൃത്യമാണ്.
ഏകാധിപത്യം അടക്കി ഭരിച്ചിരുന്ന കാലത്ത് ലോകത്തു മാറ്റത്തിനായി മുറവിളിയുണ്ടായി. തല്‍ഫലമായി യൂറോപ്പിലും ഏഷ്യയിലും ലാറ്റിന്അമേരിക്കയിലുമെല്ലാം ഏകാധിപത്യത്തെ അടിച്ചമര്‍ത്തി കമ്യൂണിസം വന്നു; മുതലാളിത്വത്തെ തല്ലിത്തകര്‍ത്തു. ലോകത്തിന്റെ രക്ഷ കമ്യൂണിസത്തിലൂടെയാണെന്ന് ബുദ്ധിജീവികള്‍ എന്ന വിഭാഗം കുറേക്കാലം പറഞ്ഞു നടന്നു. വെറുതേ സ്വപ്നം കാണാന്‍ അവകാശം ലഭിച്ച പാവങ്ങള്‍ അതേറ്റു പറഞ്ഞു. എങ്കിലും ആ സ്വപ്നം ഏകാധിപത്യം പോലെ മറ്റൊരു ശാപമായി കുറേക്കാലം കഴിഞ്ഞപ്പോള്‍ തോന്നിത്തുടങ്ങി. പിന്നെ, കമ്യൂണിസത്തെ ഇല്ലായ്മ ചെയ്യാന്‍ ഏകാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ പെട്ട പാടിനെക്കാള്‍ വലിയ പാട് അനുഭവിക്കേണ്ടി വന്നു. ആ പ്രക്രിയ ഏതാണ്ട് അന്ത്യത്തോട് അടുത്തിരിക്കുന്നുവെങ്കിലും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഇന്നു വിഷമിക്കുകയാണ്.
ഏറെ രാജ്യങ്ങളിലും ഇന്ന് ജനാധിപത്യമാണ്. ഭൂരിപക്ഷം തീരുമാനിക്കുന്നതാണ് ശരി. നിയമവും ഭരണനടത്തിപ്പിന്റെ ശക്തിയും അതു തന്നെ! സമൂഹത്തില്‍ അപകടം വിതയ്ക്കുന്ന സംഗതികള്‍ മാത്രം നിഷിദ്ധമാണ്. നിഷേധ പട്ടികയില്‍ വരാത്ത ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും അവകാശമുണ്ടെന്നതാണ് പൊതു നയം. തെമ്മാടികള്‍ക്ക് വിലസാനുള്ള നല്ല ഒന്നാം തരം വേദി.! എല്ലാം മാറിമറിഞ്ഞുവെന്ന് തോന്നാമെങ്കിലും വലിയവന്‍ വലിയവനായും ചെറിയവന് ചെറിയവനായും ഇന്നും തുടരുന്നു.
തുല്യാവകാശ ജനാധിപത്യത്തില്‍ തുല്യാവകാശം പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. പക്ഷേ ഒന്നുണ്ട്, നിശ്ചിത കാലത്തെ പ്രകടനത്തിനു ശേഷം ഭരണക്കാരെ തീരുമാനിക്കാന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. താത്ത്വികമായി പകരം വയ്ക്കാന്‍ നിലവില്‍ മറ്റൊന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ജനാധിപത്യം നിലനില്ക്കുന്നു.
കാളിദാസന് മരിച്ചു; കണ്വമുനി മരിച്ചു; ശകുന്തള മരിച്ചു; എല്ലാരും മരിച്ചു; ദുഷ്യന്തന് മാത്രം മരിച്ചില്ല എന്നതുപോലെ.. മരിക്കാത്ത ദുഷ്യന്തനെപ്പോലെ മാറാത്ത ഒരു വിഭാഗമുണ്ട്- സര്‍ക്കാരുദ്യോഗസ്ഥരാണ് അവര്‍. കാലമേറെ കടന്നുപോയാലും പരിണാമം കാര്യമായൊന്നും സംഭവിക്കാത്ത സ്പീഷീസുപോലെ ഒരു ജനവിഭാഗം! പന്ത്രണ്ടു വര്‍ഷത്തിനു ശേഷം കുഴല്‍ ഊരിയപ്പോഴത്തെ പട്ടിവാലു പോലെ.. നിവരും, നിവരും എന്ന പ്രതീക്ഷയുമായി വെറുതേയുള്ള കാത്തിരിപ്പിന്റെ അവകാശമാണ് ജനങ്ങള്‍ക്ക് ഇവര്‍ക്കു മേലുള്ളത്. ഒന്നു ശരിയായി വിശകലനം ചെയ്തു കാണേണ്ട വര്‍ഗ്ഗം തന്നെ..!
ഇനിയുമുണ്ട് ഏറെ മഹാത്ഭുതങ്ങള്‍! കണ്ട് രസിക്കുന്നവര്‍, ഭയക്കുന്നവര്‍.. ആരെങ്കിലുമുണ്ടെങ്കില്‍ എഴുതി അറിയിക്കുക!
സ്ത്രീസ്വാതന്ത്ര്യം
ഭാരതീയ ചിന്തയുടെ ഒരു വശത്ത് സ്ത്രീ ദേവതയാണ്; വിദ്യയും ധനവും ഐശ്വര്യവും അവളാണ്; മാതാവിനെക്കാള്‍ വലിയ സ്ഥാന സങ്കല്പമില്ല. അങ്ങനെ പലവിധ അവകാശങ്ങളാണ് സ്ത്രീക്ക് കല്പിച്ചിരിക്കുന്നത്. അനുഭവമെന്ന മറുവശത്ത്, തലമുറകളിലൂടെ ഒരുപാട് പീഡനങ്ങള്‍ക്ക് വിധേയരായ വര്‍ഗ്ഗമാണ് സ്ത്രീകള്‍. അടിമയായിരിക്കുക; തന്റേടിയായ പുരുഷന്റെ ഇഷ്ടത്തിനു വഴങ്ങുക; വഴങ്ങിയില്ലെങ്കില്‍ വധിക്കപ്പെടുക; വഴങ്ങിയാല്‍ മറ്റൊരു നിയമത്തിനു വിധേയമായി ശിക്ഷിക്കപ്പെടുകയോ വധിക്കപ്പെടുകയോ തന്നെ ചെയ്യുക; ഭര്‍ത്താവ് മരിച്ചാല്‍ അഗ്നിയില്‍ ചാടി മരിക്കേണ്ടി വരിക ഒക്കെ സമൂഹം സ്ത്രീക്ക് വെച്ചു നീട്ടിയ സമ്മാനങ്ങളാണ്!
ചാതുര്‍വര്‍ണ്ണ്യം ശക്തമായിരുന്ന കാലത്ത് സവര്‍ണ്ണ പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വഴങ്ങുക എന്നത് താഴ്ന്ന ജാതിക്കാരിയുടെ അവകാശവും അഭിമാനവുമായിരുന്നു! സ്വന്തം ഭര്‍ത്താവിന് വെപ്പാട്ടികള്‍ ഉണ്ടായിരിക്കുന്നുവെന്നത് പ്രധാന ഭാര്യയ്ക്ക് അഭിമാനമായിരുന്നു! വെപ്പാട്ടികള്‍ ഭര്‍ത്താവിന്റെ വീര്യത്തെയും പ്രതാപത്തെയുമാണ് കാണിച്ചിരുന്നത്! ഭര്‍ത്താവിന്റെ വീര്യവും പ്രാതാപവും തന്നെ ഭാര്യയ്ക്ക് അഭിമാനം! പിന്നെ കഥ മാറി. പരസ്ത്രീകളുമായി ബന്ധമുള്ള പുരുഷന്മാരെ ഭാര്യമാര്‍ കുറ്റവാളികളായി കാണാന്‍ തുടങ്ങി. സുരക്ഷാബോധവും സ്വാര്‍ത്ഥതയും അവകാശങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്ന വിചാരവും ചേര്‍ന്ന് അത്തരത്തിലൊരു പിടിമുറുക്കല്‍ നടത്തി.
മുമ്പ് പുരുഷന്മാരെപ്പോലെ സ്ത്രീകളും മാറ് മറയ്ക്കാറുണ്ടായിരുന്നില്ല. സ്ത്രീകള്‍ മാറ് മറയ്ക്കാതിരിക്കുന്നതില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഒരു ശരിയല്ലായ്ക ആര്‍ക്കും തോന്നിയിരുന്നില്ല. മറയ്ക്കാത്ത മാറിന്റെ മുകളിലായിരുന്നു ആഭരണങ്ങള്‍ അണിഞ്ഞ് ചമഞ്ഞു നടന്നിരുന്നത്. തുറന്ന മാറും, മാറില്‍ ആഭരണങ്ങളും പെണ്ണിന് അലങ്കാരവും അഭിമാനവുമായിരുന്നു. പിന്നെ അത് മാറി. മാറ് മറച്ചില്ലെങ്കില്‍ അത് വലിയ അപമാനമായിപ്പോകുന്ന വിചാരം വന്നു. ഇപ്പോള്‍ പരസ്യമായി പെണ്ണ് എത്തുന്നിടത്തൊക്കെ അങ്ങനെത്തന്നെ വേണമെന്നുമായിരിക്കുന്നു.
വേശ്യകളുടെ അടുത്തേക്ക് ആണുങ്ങള് പോവുകയായിരുന്നു പണ്ടൊക്കെ പതിവ്. വേശ്യകള്‍ അല്ലാത്തവര്‍ കുലസ്ത്രീകളായിരുന്നു. ഒരു ഘട്ടത്തില്‍ ചാരിത്ര്യം സ്ത്രീയുടെ ഏറ്റവും വലിയ സമ്പാദ്യവും യോഗ്യതയും എന്നു കരുതിയിരുന്നു. പിന്നെ അതങ്ങു മാറി. സ്ത്രീ ഇന്നു പുരുഷന്റെ അടുത്തേക്കു ചെല്ലുന്നു. ഇന്നത്തെ കാഴ്ചപ്പാടില്‍ അങ്ങനെ ചെല്ലുന്ന സ്ത്രീ വേശ്യയല്ല, സുഹൃത്താണ്! ലൈംഗികമായ ബന്ധപ്പെടലിനു ശേഷം പുരുഷനോട് പണം പറ്റുന്നവള്‍ മാത്രമാണ് വേശ്യ..!
കുറച്ചു കാലം മുമ്പ്, അതായത് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തി മുതല്‍ മൂന്നു നാല് പതിറ്റാണ്ടു കാലം വരെ, സ്ത്രീപുരുഷന്മാന്‍ ലൈംഗികമായ അച്ചടക്കത്തോടെ ജീവിക്കണമായിരുന്നു. അതായിരുന്നു സമൂഹത്തിന്റെ ശരി. വ്യഭിചാരം കുറ്റകരമായിരുന്നു, നിന്ദ്യമായിരുന്നു. വ്യഭിചരിക്കുന്ന സ്ത്രീ വളരെ മോശക്കാരിയായിരുന്നു.
പത്തിരുപത്തിയഞ്ച് വര്‍ഷം മുമ്പുവരെ ലോഡ്ജുകളിലൊക്കെ റെയ്ഡ് എന്നൊരു കലാപരിപാടി ഉണ്ടായിരുന്നു. വ്യഭിചാരക്കുറ്റത്തിന് പലരും പിടിക്കപ്പെട്ടു. പ്രതീക്ഷിക്കാത്ത വണ്ണം അപ്പോഴാണ് മനസിലായത്, അഭിമാനികളും മാന്യരുമായ തങ്ങളുടെ ആണ്മക്കളും പെണ്മക്കളും ഭാര്യമാരും ഭര്ത്താക്കന്മാരും മറ്റ് വേണ്ടപ്പെട്ടവരും ഒക്കെന്നെയാണ് ഈ കുറ്റകൃത്യത്തിലെ പ്രതികളെന്ന്! അവസ്ഥ ഇതായപ്പോള്‍ യോഗ്യന്മാര് ബുദ്ധിപൂര്‍വ്വം സദാചാരസങ്കല്പത്തില് മാറ്റങ്ങള്‍ വരുത്തി യുവതീയുവാക്കളുടെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ അത്ഭുതകരമായ വിജയം കൈവരിച്ചു!
ഇന്ന് ആണും പെണ്ണും ലൈംഗികമായി ബന്ധപ്പെടുന്നതിന് തടസ്സമുണ്ടാക്കിയാല്‍ അത് വലിയ കുറ്റമാണ്. ആ തടസ്സപ്പെടുത്തലുകാര്ക്ക് വെറുപ്പുനിറഞ്ഞ ഒരു പേരുണ്ട്- സദാചാര ഗുണ്ടകള്‍.. വൃത്തികെട്ട വര്‍ഗ്ഗം! വ്യഭിചാരം എന്ന ആ പഴയ ദുഷിച്ച വാക്ക് ‘വിവേക’മുള്ള ആരും ഇന്ന് ഉപയോഗിക്കില്ല! ഫ്രണ്ട്സ് അവകാശം വിനിയോഗിക്കുന്നു; അത്രമാത്രം..
കാശിന്റെ കൊടുക്കല്‍ വാങ്ങല്‍ നടത്തി വിനിയോഗിക്കുന്ന അവകാശം പക്ഷേ, വ്യഭിചാരമായി ഇന്നും പരിഗണിക്കപ്പെടുന്നു. കാശ് വാങ്ങിക്കുന്ന പെണ്ണുങ്ങളുടെയും ഇടനിലക്കാരുടെയുമൊക്കെ വാര്‍ത്തയും ഫോട്ടോയും പത്രങ്ങളിലൊക്കെ ഇന്നും വരുന്നു.. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യം ചെയ്തവരെ പിടിച്ചിരിക്കുന്നു..! ഗതികെട്ട പെണ്ണുങ്ങള്‍ക്ക് ഇപ്പോഴും സ്ത്രീസ്വാതന്ത്ര്യം ലഭിച്ചിട്ടില്ല.. സമയമെടുക്കും!
മുമ്പ് അന്യപുരുഷനെ മറ്റുള്ളവര്‍ കാണ്‍കെ സ്ത്രീ സ്പര്‍ശിക്കുന്നത് വലിയ ശരികേടായിരുന്നു. അംഗീകൃത വേശ്യകള്‍ പോലും ഈ സദാചാര നിയമം ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ബൈക്കിന്റെ പിറകില്‍ ഇരുന്നാല്‍ മാത്രം പോരാ, പതിനായിരങ്ങള്‍ കാണ്‍കെ ഒരു ബന്ധവുമില്ലാത്ത പുരുഷനെ കെട്ടിപ്പുണര്‍ന്നു യാത്ര ചെയ്യണം. അത് യാഥാസ്ഥിതിക സമൂഹത്തോടുള്ള ഒരു വെല്ലുവിളി തന്നെയാണ്.. അതാണ് സ്വാതന്ത്രത്തിന്റെ പരസ്യമുഖം..
സിനിമകളുടെ ആദ്യകാലത്ത് നാട്ടിലെ പ്രമുഖ വേശ്യകള്‍ പോലും ‘അഭിനയ’മെന്ന നാണം കെട്ട പണിക്ക് പോകാന്‍ തയ്യാറല്ലായിരുന്നു.. എന്തു തന്നെ കിട്ടിയാലും! ഇപ്പോള്‍.. എന്തൊക്കെയോ എന്തോ..
മുമ്പ് കുറേക്കാലത്തേക്ക് വിവാഹം കഴിക്കുന്നത് പവിത്രമായൊരു ഏര്‍പ്പാടായിരുന്നു. പിരിയാന്‍ വേണ്ടിയായിരുന്നില്ല വിവാഹം. ഇന്നു വിവാഹമോചനം നടത്തുക എന്നത് സൗകര്യമുള്ളവരുടെയും വ്യക്തിത്വമുള്ളവരുടെയും അഭിമാന പ്രശ്നമാണ്.
മുമ്പൊക്കെ ഏറെ കുട്ടികള്‍ ഉണ്ടാകുന്നത് സമ്പത്തും അഭിമാനവുമായിരുന്നു. ഇന്ന് ഒരുപാട് കുട്ടികള്‍ ഭാരവും അപമാനവുമാണ്.
ഗര്‍ഭ നിരോധന സംവിധാനങ്ങളുടെ ബലത്തിലാണ് ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യം നിലവില്‍ വന്നത്..! അങ്ങനെയൊരു സംവിധാനം ഇല്ലാത്തപക്ഷം സ്വാതന്ത്ര്യമെന്നത് അറബിക്കടലില്‍..! അല്ലെങ്കില്‍ മറ്റേതെങ്കിലും ദുരിതക്കടലില്‍..!
കാണാനും കേള്‍ക്കാനും ചിന്തിക്കാനും..
വിഷയങ്ങള്‍ ഒരുപാടുണ്ട്.. അല്ല, വിഷയങ്ങളല്ലേ ഉള്ളൂ.! നമുക്കും നമ്മുടേതായ രീതിയില്‍ ശരിതെറ്റുകളെ ആനുകാലിക സംഭവങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയതു നോക്കാം. അതിനും സ്വാതന്ത്ര്യമുണ്ടല്ലൊ! ജീവിതമെന്ന തമാശ ആസ്വദിക്കാനും ഒപ്പം ചിന്തിക്കാനും കഴിയുമെന്നുറപ്പ്. ചിലതൊക്കെ കണ്ടെത്താനും കഴിയും.. തീര്‍ച്ച!
ഇങ്ങനെ വെറുതേ മാറ്റത്തിനു വേണ്ടി മാറ്റമൊന്നും ഉണ്ടായിട്ടു കാര്യമില്ലല്ലൊ! ശരിക്കും വേണ്ടത് എന്താണെന്ന് അറിയുന്നതല്ലെ കൂടുതല്‍ നല്ലത്..
ഇതിനെല്ലാം ഇടയില്‍ ചിലര്‍ പറയുന്നു, പോയ കാലം നല്ലതായിരുന്നെന്ന്.. ചിലര്‍ പറയുന്നത് പോയകാലം ചീത്തയായിരുന്നുവെന്നും.. എല്ലാം അത്രത്തോളമായ ശരിയാണ്. പഴയ ശരികളെ നമ്മള് ഒരുപാടങ്ങ് മാറ്റി. പുതിയ ശരികളിലേക്ക് വന്നു. പുതിയ ശരികളില്‍ ശരി എത്രത്തോളമുണ്ട്..?
ജീവിതം നമ്മുടെ കയ്യിലൊന്നുമല്ലെങ്കിലും, നമ്മുടെ ജീവിതമെന്നത് നമ്മുടെ എന്തെങ്കിലും പദ്ധതിയല്ലെങ്കിലും ഇതൊക്കെ കാണാനും കേള്‍ക്കാനും വിശകലനം ചെയ്യാനും നമുക്ക് വാസനയും ശേഷിയും തന്നിരിക്കുന്നുവല്ലൊ! നമുക്ക് നമ്മുടെ കാഴ്ചകളിലൂടെ നിലവിലെ വിശേഷങ്ങള്‍ കണ്ട് വിശകലനത്തിനു ശ്രമിച്ചു നോക്കാം. ആനുകാലിക സംഭവങ്ങള്‍ ഇഷ്ടംപോലെ ഉത്ഭവിക്കുന്നതുകൊണ്ട് അക്കാര്യത്തില്‍ പഞ്ഞമുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം. നമുക്ക് എല്ലാം കാണുക തന്നെ വേണ്ടിയിരിക്കുന്നു..
കുടുംബം എന്ന യാഥാര്‍ത്ഥ്യം
സമൂഹം എന്ന സങ്കല്പം അതിന്റെ യോഗ്യതയോടെ യാഥാര്‍ത്ഥ്യമാവുന്നത് കുടുംബം എന്ന ക്രമീകരണം ശക്തമായിത്തീരുന്നതിന് അനുസരിച്ചാണ്. കുടുംബം എന്നത്, എല്ലാവരും പരിചയിച്ചിരിക്കുന്നതുപോലെ, മാതാപിതാക്കളും മക്കളും അവരുടെ ധര്‍മ്മം പാലിച്ച് ജീവിച്ചു പൂര്‍ത്തീകരിക്കുന്ന പ്രക്രിയയാണ്. പരമ്പരാഗതമായും വിചാരപരമായുമുള്ള നിശ്ചയമനുസരിച്ച് കുടുംബത്തില്‍ ഓരോ വ്യക്തിക്കും ധര്‍മ്മം വ്യത്യസ്തമാണ്. നിയമാനുസൃതമായ ആ ധര്മ്മപാലനത്തിലൂടെയാണ് കുടുംബത്തിന്റെ യോഗ്യതയും അന്തസ്സും നിര്‍ണ്ണയിക്കപ്പെടുന്നത്. കുടുംബങ്ങളുടെ യോഗ്യതയും അന്തസ്സുമാണ് സമൂഹത്തിന്റെ യോഗ്യതയും അന്തസ്സുമായി മാറുന്നത്.
കുടുംബ മഹത്വം എന്നത് ബാഹ്യമായ വീക്ഷണത്തില്‍, മാതാപിതാക്കളും മക്കളും അവരുടെ ധര്‍മ്മം പാലിച്ച് ജീവിക്കുന്നതിലൂടെയാണ് സംഭവിക്കുന്നതെങ്കിലും അടിസ്ഥാനപരമായി കുടുംബം എന്നത് ലൈംഗികതയുടെ പരിണതിയാണ്. ജീവനില്‍ സംഭവിക്കുന്ന ലൈംഗികത എന്ന ഊര്‍ജ്ജ വിനിമയത്തിന്റെ ക്രമീകരണമാണ് കുടുംബത്തെ സൃഷ്ടിക്കുന്നത്. പിതാവ്, മാതാവ് എന്നിങ്ങനെ സംഭവിക്കുന്നതിന് ഇടയാവും വിധം സ്ത്രീയും പുരുഷനും ലൈംഗികമായി സംഗമിക്കുന്നതിലൂടെയാണ് കുടുംബം ഉല്പത്തിയാവുന്നത്.
പരിഷ്കൃത വിചാരത്തിലെത്തിയ മനുഷ്യരാശി, ലോകമെമ്പാടുമായി രക്തബന്ധത്തില്‍ നിന്നകലെയായ സ്ത്രീയുടെയും പുരുഷന്റെയും സംഗമത്തിലൂടെ മാത്രം കുടുബം സൃഷ്ടിക്കാന്‍ ശ്രദ്ധാലുക്കളായി നിലകൊള്ളുന്നു. അതായത്, രക്തബന്ധമില്ലാത്തവര്‍ തമ്മില്‍ സംഭവിക്കുന്ന ലൈംഗികബന്ധം മനുഷ്യസങ്കല്പത്തിലെ ഏറ്റവും വലിയ ബന്ധത്തിന്റെ അടിത്തറയായിത്തീരുന്നു! കാലം കടന്നു പോകുമ്പോഴും, വലിയ പരിഷ്കരണവാദമൊന്നും സ്വാധീനിക്കാതെയും ആശയപരമായ കയ്യേറ്റങ്ങള്‍ സംഭവിക്കാതെയും, രക്തബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര് സംഗമിച്ചുണ്ടാവുന്ന കുടുംബമെന്നത് യോഗ്യതയായി കരുതി തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരേ മാതാപിതാക്കളുടെ മക്കളെന്ന സഹോദരനും സഹോദരിയും, സാഹചര്യങ്ങള്‍ എത്ര അനുകൂലമായിരുന്നാലും പ്രതികൂലമായിരുന്നാലും, ലൈംഗികമായി ഒന്നു ചേര്‍ന്ന് കുടുംബമായിത്തീരുന്നതിന് പരിഷ്കൃത സമൂഹങ്ങള്‍ അംഗീകാരം നല്‍കുന്നില്ല. ആര്‍ക്കും, മിക്കവാറും ആവശ്യത്തിലധികം സ്വാതന്ത്ര്യമുള്ള ജനാധിപത്യത്തില്‍ പോലും ഇത്തരത്തിലാണ് കുടുംബസങ്കല്പം നിലകൊള്ളുന്നത്.
ജനത്തിന്റെ പരമാവധി സ്വാതന്ത്ര്യം കാംക്ഷിക്കുന്ന നമ്മുടെ കോടതികള്‍ പോലും, പിതാവും പുത്രിയും, മാതാവും പുത്രനും, സഹോദരിയും സഹോദരനും ചേരുന്ന ഒരു കുടുംബനിര്മ്മാണ പ്രക്രിയ സാധുവായി കാണുന്നില്ല. മാത്രവുമല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരവുമാണ്. അതായത് മറ്റൊരു വ്യക്തിക്കും യാതൊരു വിധ ഉപദ്രവവും ഉണ്ടാക്കാതെ ചെയ്യുന്ന വലിയ കുറ്റകൃത്യം..
വിചാരപരമായും പരമ്പരാഗതമായും ഇങ്ങനെയൊണെങ്കിലും പക്ഷേ, എന്തുകൊണ്ട് ഇത്തരം ബന്ധങ്ങള്‍ അംഗീകരിച്ചു കൂടാ എന്നൊരു ചോദ്യം അതിന്റെ സ്വാഭാവികതയോടെ ഉത്ഭവിക്കുന്നുണ്ടല്ലൊ. ശാസ്ത്രീയമായും, വരും തലമുറകള്‍ക്ക് ആരോഗ്യപരമായും നല്ലതല്ലെന്ന വാദമൊക്കെ അടുത്ത കാലത്തിന്റെ മാത്രം കണ്ടെത്തലാണ്. വളരെ കുറച്ചു നാളുകള്‍ക്കു മുമ്പു പോലും ശാസ്ത്രീയമായ ഇത്തരം അറിവുകളൊന്നും ഉണ്ടായിരുന്നില്ലല്ലൊ.
എന്താണ് വൈകാരിക പ്രാധാന്യം മാത്രമുള്ള രക്തബന്ധമില്ലാത്തവരുടെ ലൈംഗികത എന്ന ശരിക്കു പിന്നില്‍ നിലകൊള്ളുന്നത് എന്നതിന് ഒരു ഉത്തരമേയുള്ളൂ- അത് പോയ കാലത്തിന്റെ ആര്‍ഷ-സനാതന ജ്ഞാനികള്‍ നടപ്പാക്കിയ നിയമമാണ്. അത് ചരിത്രത്തോളം പഴക്കത്തില്‍ സുഗമമായി സംഭവിക്കുകയും ചെയ്തിരിക്കുന്നു.
അതായത്, ആധുനിക ജനതയുടെ സംസ്കാരത്തിന്റെ അടിത്തറ ലൈംഗികതയുടെ ക്രമീകരണത്തിലൂടെയാണ് സംസ്ഥാപിതമായത്.. ഇത്തരമൊരു ക്രമീകരണത്തിലൂടെ, കുടുംബബന്ധം നിമിത്തം യാതൊരു പ്രയാസവുമില്ലാതെ സാധ്യമാവുന്ന ലൈംഗികത എന്ന ഊര്‍ജ്ജവിനിമയത്തിന് തടയിടുന്നു എന്നതാണ് യഥാര്‍ത്ഥമായി സംഭവിക്കുന്നത്. ലൈംഗികതയുടെ ക്രമീകരണത്തിലൂടെ പരിവര്‍ത്തിതമാകുന്ന ഊര്‍ജ്ജം ജീവന്റെ വിചാരപരമായ മുന്നേറ്റത്തിനും കാര്യശേഷിക്കും ഉപകരിക്കുമെന്നു ജ്ഞാനികള്‍ക്ക് ഉണ്ടായിരുന്ന അറിവാണ് ഈ ക്രമീകരണത്തിന് ഇടയായതെന്ന് നിസ്സംശയം പറയാം.
ക്രമീകൃമായ ഇത്തരം ലൈംഗികതയുടെ സൃഷ്ടിയാണ് അടിസ്ഥാനപരമായി യോഗ്യതയുള്ള സമൂഹം എന്നത്. കുടുംബപരമായ ഇത്തരം ക്രമീകരണങ്ങള്‍ക്ക് അപ്പുറമുള്ള, സാമൂഹികമെന്നു തോന്നുന്ന ഏതുതരം പ്രവര്‍ത്തനങ്ങളും വാസ്തവത്തില്‍ കുടുംബമെന്ന സങ്കല്പത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആകുന്നുള്ളൂ.
കേവലമായ ലൈംഗികതയുടെ ക്രമീകരണമല്ല, പരസ്പരവിശ്വാസത്തിന്റെയും ഷെയറിംഗിന്റെയും നിയമ പാലനത്തിന്റെയും കലവറയില്ലാത്ത സ്നേഹത്തിന്റെയും ബലമാണ് ഏറ്റവും വലിയ ബന്ധം സൃഷ്ടിക്കുന്നതെന്ന് വിചാരിക്കാന്‍ ഇട വന്നേക്കാം. എന്നാല്‍, അത്തരം വിചാരങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. തൊഴിലും സമ്പത്തും സൗഭാഗ്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യുന്ന സമൂഹത്തെ സങ്കല്പിച്ചാല് അവിടെ കുടുംബം എന്നതിനു തുല്യമായ ഒരു പ്രക്രിയ സംഭവിക്കുന്നില്ലെന്നു കാണാനാവുന്നു. അതൊരു പരസ്പരസഹായ സേവനസമൂഹം മാത്രമേ ആകുന്നുള്ളൂ. ആ സമൂഹത്തെ കുടുംബമെന്ന് ആലങ്കാരികമായി പറയാനാവുന്നു എന്നുമാത്രം!
ലൈംഗികമായി ആര്‍ക്കും എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആകാവുന്ന സാമൂഹിക ക്രമത്തെ ഒന്നു സങ്കല്പിച്ചാല് കാര്യങ്ങള്‍ വിചിത്രമായി വരുന്നതും യോഗ്യതയെന്ന നിലനില്പ് അപ്പാടെ തകര്‍ന്നടിയുന്നതും എങ്ങനെയെന്ന് മനസിലാക്കാനാവുന്നു. ആര്‍ക്കും എങ്ങനെ വേണമെങ്കിലും ലൈംഗികമായി ബന്ധപ്പെടാവുന്ന സാഹചര്യം നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഗതി എന്തായിരിക്കുമെന്ന് വിചാരിക്കാവുന്നതേയുള്ളൂ. പരമാവധി ലൈംഗിക സ്വാതന്ത്ര്യം അനുവദനീയമായിടത്തു പോലും പല മേഖലകളിലും ലൈംഗികതയുടെ നിയമങ്ങള്‍ കര്‍ക്കശം തന്നെയാണ്. അല്ലാത്ത പക്ഷം, സ്ത്രീക്കു പുരുഷനോടും പുരുഷന് സ്ത്രീയോടും ഉത്തരവാദിത്വവും ബാധ്യതയും ഒന്നും ഉണ്ടാവുന്നില്ല. പിന്നെയുണ്ടാവുന്ന അവസ്ഥയെന്നത്, അനാഥരാവുന്ന കുട്ടികളുടെയും വേശ്യകളുടെയും ഇടപാടുകാരുടെയും സമൂഹം എന്നതായി മാറുന്നു.
പോയ കാലത്തിന്റെ ജ്ഞാനികള്‍ കണ്ടെത്തിയ ലൈംഗികതയുടെ ശാസ്ത്രീയത കണ്ടെത്താന്‍ നമുക്ക് അവകാശവും ബാധ്യതയുമുണ്ട്. ഇക്കാര്യത്തിലും എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്ന വിചാരം നമുക്ക് പങ്കുവയ്ക്കാന്‍ ഉണ്ടാവണം. ഭദ്രമായ യുക്തിയുടെ അടിത്തറയില്‍ പണിയുന്നതാണ് എന്നതുകൊണ്ട് ആ വിചാരത്തിന് താത്ത്വികം ആകാതിരിക്കാനും തരമില്ല. താത്ത്വികമായത് കാരണതരമായ സത്യവുമാണ്. കാരണതരമായ സത്യമെന്നത് കേവലമായ പ്രാവര്‍ത്തികതയുടെ ഫലങ്ങള്‍ക്ക് അപ്പുറമുള്ള മൂല്യം പേറുകയും ചെയ്യുന്നു.
ജീവന് എന്ന പ്രതിഭാസത്തിന്റെ ഭൂമിയിലെ നിലനില്പിനു വേണ്ടുന്ന അടിസ്ഥാന കര്‍മ്മമായാണ് ജീവനുകളില്‍ ലൈംഗികത എന്ന വാസന നിക്ഷിപ്തമായത്. നമ്മുടെ കാഴ്ചപ്പാടനുസരിച്ച്, സൗര നിയന്ത്രിതമായ ക്രമീകരണത്താല്‍, പ്രകാശവും ആകര്‍ഷണബലവും ഭ്രമണമെന്ന പ്രവര്‍ത്തനവും പൂര്‍ണ്ണതയോടെ ഒത്തുചേരുന്ന ചാന്ദ്ര-ഭൗമ സംഗമത്തിന്റെ ഫലമായി ഉല്പത്തിയായതാണ് ജീവന് എന്ന പ്രവര്‍ത്തനം. ആ പ്രവര്‍ത്തനത്തിന്റെ ജീവതരമായ തനിയാവര്‍ത്തനമായി സംഭവിക്കുന്നതാണ് ലൈംഗിക ബന്ധമെന്ന പ്രവര്‍ത്തനം. ഇക്കാരണത്താല്‍, ജീവന്റെ ഭൂമിയിലെ നിലനില്പിന് ലൈംഗികത അടിസ്ഥാന കര്‍മ്മവും അനിവാര്യതയുമായി വരുന്നുവെന്ന് പ്രയാസമൊന്നുമില്ലാതെ മനസിലാക്കാനാവുന്നു.
ജ്ഞാനിയായിത്തീരുന്ന ഒരു ജീവനെന്നാല്‍, ലൈംഗികതയുടെ കര്മ്മതരമായ പരിധികള്‍ കടന്നു നില്ക്കുന്ന അവസ്ഥയാണ്. ലൈംഗികതയെ ജ്ഞാനദൃഷ്ടിയില്‍ കാണുമ്പോള്‍, അത് സൗരയുഥമെന്ന പ്രവര്ത്തനത്തിന്നകത്തു നടക്കുന്ന കേവലമായ അനുഭവമാണ്. പ്രാപഞ്ചികമായ അന്ത്യത്തോളം വളരേണ്ടുന്നതും പ്രപഞ്ചകാരണത്തോളം ശക്തി പ്രാപിക്കേണ്ടുന്നതുമായ ജീവനില്‍ നിറയുന്ന യോഗ്യതരമായ നിക്ഷിപ്താവസ്ഥയാണ് ജ്ഞാനമെന്നത്. ജീവന് എന്ന സൃഷ്ടിയുടെ ലക്ഷ്യം തന്നെ ഇതായിരിക്കെ കേവലം അടിസ്ഥാന വാസനയും പ്രവര്‍ത്തനവുമായ കാര്യങ്ങളില്‍ വിനിയോഗിക്കുന്ന ലൈംഗികത എന്ന ഊര്‍ജ്ജത്തെ പരിവര്ത്തിതമാക്കുന്ന പ്രവര്‍ത്തനമാണ് ക്രമീകരണത്തിലൂടെ ജ്ഞാനികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. ഊര്‍ജ്ജത്തെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറ്റാനാവുന്നുവെന്നും അങ്ങനെ സംഭവിക്കാതിരിക്കാന്‍ തരമില്ലെന്നും ശാസ്ത്രത്തിന് അറിയാവുന്നതുകൊണ്ട് ഇതിന്റെ താത്ത്വികമായ വശം ഗ്രഹിക്കുന്നതിന് സാധാരണക്കാര്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാവുന്നില്ല.
സാധ്യതപരമായി ഏറ്റവും എളുപ്പമുള്ള സംഗതിയാണ് ഒരു കുടുംബത്തിനുള്ളില്‍ ലൈംഗികത സംഭവിക്കുക എന്നത്. ആ സാധ്യതയെ ക്രമീകരിക്കാന്‍ സാധിച്ചാല്‍ത്തന്നെ എന്തൊരു വലിയ മാറ്റമാണ് മാനവരാശിക്ക് സംഭവിക്കുന്നതെന്ന് ചിന്തിച്ചാല്‍ മനസിലാവുന്നതാണ്. ഇന്ന് ലോകത്തു കാണുന്ന സമൂഹങ്ങളുടെയെല്ലാം ഭൗതികമായ മുന്നേറ്റത്തിനും ബൗദ്ധികമായ വികാസത്തിനും സാംസ്കാരികമായ വളര്‍ച്ചക്കും കാരണമായത് ലൈംഗികമായ ക്രമീകരണത്തിലൂടെ സംഭവിച്ച പരിവര്‍ത്തിതമായ ഊര്ജ്ജമാണെന്നതാണ് വാസ്തവം.
ഇങ്ങനെയാണ് സംഭവിക്കുന്നതെന്നതു പക്ഷേ, മറ്റെന്തിനെയും പോലെ, നമുക്ക് പെട്ടന്ന് ബോധ്യപ്പെടണമെന്നുമില്ല. നമ്മുടെ രൂപവും പ്രവര്‍ത്തനശേഷിയും വാസനകളും അനുഭവഗുണവും ഒന്നുംതന്നെ നാം ബോധപൂര്‍വ്വം ഉണ്ടാക്കിയത് അല്ലാത്തതുപോലെ ഇതും സംഭവിക്കുന്നുവെന്ന് മനസിലാക്കാവുന്നതാണ്.
സാമൂഹികമായ ലൈംഗികത
കുടുംബം എന്ന അടിസ്ഥാനപരമായ ക്രമീകരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സംഘടിതമായ പ്രവര്‍ത്തനത്തെ സമൂഹം എന്നു വിളിക്കുന്നു. പരസ്പരാശ്രിതത്വത്തിലും കൊടുക്കല്‍ വാങ്ങലുകളിലും അവകാശങ്ങളുടെ വീതം വയ്ക്കലിലും ലൈംഗികതയുടെ അച്ചടക്കത്തിലുമെല്ലാം കുടുംബത്തിന്റെ ക്രമീകരണങ്ങളില്‍ സംഭവിച്ചിരിക്കുന്ന യോഗ്യതയെന്തോ അത് സാമൂഹികമായി ഉണ്ടായിവരികയും ചെയ്യുന്നു.
പിതാവ്, മാതാവ്, മക്കള്‍, സഹോദരന്, സഹോദരി, ബന്ധുക്കള്‍ എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ കുടുംബസങ്കല്പത്തില് അധിഷ്ഠിതമാണ്.
സമൂഹത്തിന്റെ പ്രാതിനിധ്യമാകുന്ന മുഖം യൗവ്വനത്തിന്റേതായി സങ്കല്പിക്കാം. കാരണം, യുവാക്കളാണല്ലൊ കര്‍മ്മം ചെയ്യുന്നവരും നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നതും. ഉന്നത നിലവാരമുള്ള സമൂഹത്തില്‍, വ്യക്തികള്‍ ചുമതലകള്‍ ഉള്‍ക്കൊണ്ട് മറ്റുള്ളവരുടെ അവകാശങ്ങളെ അംഗീകരിച്ച് സാഹോദര്യത്തോടെ ജീവിക്കുന്നുവെന്നാണ് സങ്കല്പം. ഇത്തരം യുവജനങ്ങള്‍ക്ക് സമൂഹത്തിന്റെ സഹോദരന് അല്ലെങ്കില്‍ സഹോദരി ആയിരിക്കാന്‍ കഴിയുന്നത് വ്യക്തിയുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും ബോധ്യപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണ്.
സാമൂഹികമായ സാഹോദര്യത്തോടെയുള്ള ജീവിതം രക്തബന്ധങ്ങള്‍ക്ക് അപ്പുറമുള്ള വിചാരപരമായ ഔന്നത്യത്തിലൂടെ മാത്രം നേടാനാവുന്നതാണ്. അതായത്, വിചാരപരമായി, ഔന്നത്യമുള്ള കുടുംബ ജീവിതത്തിന്റെ പടികള്‍ കടന്ന് സാധ്യമാകുന്നതാണ് സാമൂഹികമായ ഔന്നത്യം.
ജീവന്റെ അടിസ്ഥാന വാസനയും പ്രവര്‍ത്തന വ്യഗ്രതയുമായ ലൈംഗികതയുടെ കാര്യത്തില്‍ സാധ്യമാകുന്ന ക്രമീകരണമാണ് ഉത്തമമായ സമൂഹത്ത സൃഷ്ടിക്കുന്ന പ്രധാന ഘടകം എന്നു നിസ്സംശയം പറയാം. ഇന്നത്തെ സാഹചര്യത്തില്‍ കുടുംബപരമായ ലൈംഗികതക്ക് ഒരു ക്രമീകരണം സ്വീകാര്യമാണെങ്കിലും സാമൂഹികമായി ലൈംഗികതയ്ക്ക് ഇത്തരം ക്രമീകരണങ്ങള്‍ ആവശ്യമുള്ളതായി വിചാരിക്കാന്‍ മിക്കവരും ഇഷ്ടപ്പെടുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു.
ലൈംഗികത പ്രകൃതിയുടെ വാസനയാണെന്നും അത് യഥേഷ്ടം വിനിയോഗിക്കലാണ് പ്രകൃതിക്കൊത്ത വിധമുള്ള ജീവിതമെന്നുമുള്ള വിചാരത്തിനാണ് ഇന്നു പ്രാധാന്യം കല്പിച്ചു കാണാറുള്ളത്. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ അടുത്ത കാലത്തും സംഭവിച്ചു വന്നിരിക്കുന്ന വിചാരമാണ് ഇത്. കേവലമായ ഒരു വിശ്വാസമോ പോയ കാലത്തിന്റെ ആവശ്യകതയോ എന്നതിലപ്പുറം, നമ്മെ സംബന്ധിച്ച് ലൈംഗികതയില്‍ നിന്നുള്ള മുക്തിയാണ് ജീവനെ സൗരയൂഥകര്മ്മളുടെയും പദ്ധതികളുടെയും അപ്പുറത്ത് എത്തിക്കുന്നത്. ഇക്കാരണത്താല്‍ പ്രാപഞ്ചികമായ കര്‍മ്മ പദ്ധതികളില്‍ ലൈംഗികതയെ വളരെ താഴ്ന്ന നിലവാരം മാത്രമുള്ള ഒരു പ്രവര്‍ത്തനവും ചെറിയ മനസ്സുകളുടെ ആഘോഷവുമായി മാത്രം തിരിച്ചറിയാനാവുന്നു.
തത്ത്വവിചാരം കൊണ്ട് ഭരിതമായ ഉന്നതാശയങ്ങള്‍ ജനിപ്പിക്കുന്നതിലൂടെ ലോകത്തെ നയിക്കാന്‍ അവകാശികളായി മാറുന്ന ജീവനുകളാണ് യഥാര്‍ത്ഥത്തില്‍ സാമൂഹികമായ ക്രമീകരണം നടപ്പാക്കേണ്ടത്. അതുകൊണ്ടു തന്നെ ലോകത്ത് അവതരിച്ചിട്ടുള്ള മഹാത്മാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ലൈഗികാധിഷ്ഠിത ജീവിതത്തിന് പ്രാധാന്യം കൊടുത്തുള്ള സാമൂഹിക ജീവിതം മാത്രമാണ് ശരിയെന്നു കാണാനാണ് പറ്റുന്നത്.
കുടുംബത്തില്‍ ഉത്തമനായ പിതാവെന്ന പോലെ, മാതാവെന്നപോലെ, അധികാരിയായിരിക്കുന്ന ഓരോ പൗരനും പെരുമാറുമ്പോള്‍ മാത്രമാണ് മുതിര്ന്നവവരുടെ ജോലി സാമൂഹികമായി മേന്മയുള്ളതായിത്തീരുന്നത്. കുടുംബത്തിലെ സഹോദരന് എന്നപോലെ യുവതികള്‍ക്കായി സമൂഹത്തില്‍ നിലകൊള്ളുന്ന യുവാവാണ് സാമൂഹികമായ മേന്മയുള്ളവന്‍ എന്ന സങ്കല്പത്തെ പ്രതിനിധീകരിക്കുന്നവന്. സ്ത്രീകളെ ലൈംഗികമായും മറ്റുവിധത്തിലും ദുരുപയോഗം ചെയ്യുന്നവന് സമൂഹത്തിന്റെ പിതൃസ്ഥാനീയനോ പുത്രനോ സഹോദരനോ ആവുന്നില്ല. ഇത്തരം പുരുഷന്മാരെ കുറ്റവാളികളായിത്തന്നെ പോയ കാലത്തിന്റെ വിവേകികള്‍ കണ്ടിരുന്നു. ഇത്തരം ഏമാളികള് സമൂഹത്തിന് ശാപമാണ്. ജ്ഞാനികളുടെ വിചാരങ്ങള്‍ പരിഗണിച്ചും നിയമങ്ങള്‍ക്ക് വിധേയമായും ശിക്ഷിക്കപ്പെടേണ്ട വര്‍ഗ്ഗമാണ് ഇക്കൂട്ടര്‍.
പിതാവും മാതാവും സഹോദരനുമായിരിക്കുന്ന ബന്ധുക്കളുടെ മുമ്പില്‍ സ്ത്രീ എന്തായിരിക്കുന്നുവോ അങ്ങനെ തന്നെയായിരിക്കണം സമൂഹത്തിന്റെ മുമ്പിലും. ഇത്തരത്തില്‍ ജീവിക്കുന്നതിന് കഴിയുമ്പോഴാണ് സമൂഹത്തിന്റെ അമ്മയും മകളും സഹോദരിയും ആയിരിക്കുന്നതിന് സ്ത്രീക്ക് കഴിയുന്നത്. സ്ത്രീക്ക് സാധിക്കാനാവുന്ന ഏറ്റവും വലിയ യോഗ്യതയും അതു തന്നെയാണ്. ഇത്തരത്തില്‍ ജീവിക്കുന്ന സ്ത്രീ, സമൂഹത്തിന്റെ മുഴുവനുമായ കരുതലും ആദരവും അര്‍ഹിക്കുന്നു. അവള് മാനവരാശിയുടെ മൂല്യമേറുന്ന സമ്പത്താണ്. പരമ്പരയാ സംഭവിക്കുന്ന അവളുടെ സന്തതികളായിരിക്കും നാളെയുടെ മഹത്വത്തെ സൃഷ്ടിക്കുന്നത്. ആ മക്കള്‍ ഭൂമിയെ ഭരിക്കുകയും മാനവരാശിയെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ നേര്‍വഴിക്ക് നയിക്കുകയും തന്നെ ചെയ്യും. കാരണം, പ്രപഞ്ച കാരണശക്തിയെന്ന ഊര്‍ജ്ജവിനിമയം കൃത്യതയോടെ, അതായത് ഗുരുക്കന്മാരുടെയും മഹാജ്ഞാനികളുടെയും വാക്കുകള്‍ക്കൊത്ത് അവള് വിനിയോഗിച്ചിരിക്കുന്നു..
ഏതു പുരഷനോടൊപ്പം സ്ത്രീ സഹശയനം നടത്തുന്നുവോ ആ പുരുഷന് സ്ത്രീക്ക് സഹോദരന് ആവുന്നില്ല. ലൈംഗികതയില്‍ പങ്കാളിയായി എന്ന കാരണംകൊണ്ട് അവര്‍ ഒന്നായി മാറുന്നു. സഹശയനം നടത്തുന്ന പുരുഷനെ ഭര്‍ത്താവെന്നാണ് വിളിക്കുന്നത്. സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന് സാമൂഹികമായ അംഗീകാരം ലഭിച്ചവന് എന്ന അര്‍ത്ഥത്തിലാണ് ഭര്‍ത്താവ് എന്നു വിളിക്കുന്നതു തന്നെ. അംഗീകാരം എന്നത് നിയമപരമായ അവകാശവുമാണ്. ജീവന്റെ കാരണത്തോളവും ലക്ഷ്യത്തോളവുമൊന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇത്രത്തോളം വിവേചിക്കാന്‍ പോയകാലത്തു തന്നെ മാനവരാശിക്ക് ആവുമായിമായിരുന്നു എന്നത് കൗതുകരമാണ്.
ഒന്നിലധികം പുരുഷന്മാരുമായി സഹശയനം നടത്തുന്ന സ്ത്രീ വേശ്യയായി പരിഗണിക്കപ്പെടുന്നു. സഹശയനത്തിലൂടെ ഒന്നായി മാറുന്ന പ്രക്രിയ പലരുമൊത്ത് നടത്തുമ്പോള്‍ സ്ത്രീ അടിസ്ഥാനോര്ജ്ജമായ ലൈംഗികതയുടെ ക്രമീകരണം തെറ്റിക്കുന്നു എന്നതിനാലാണ് കുറ്റവാളിയായിത്തീരുന്നത്. മനുഷ്യന് ചെയ്യുന്നതിലെ ശരിയും തെറ്റുമെന്നത് ഊര്‍ജ്ജത്തിന്റെ വിനിമയത്തിലെ യോഗ്യതയും അയോഗ്യതയും എന്നതായി മാത്രം പരിഗണിക്കാനാവുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഈ കുറ്റകൃത്യത്തിന്റെ ആഴം മനസിലാക്കുന്നതിന് കഴിയുന്നു.
മികച്ച സമൂഹത്തിന്റെ ഒരുവിധ ആദരവും വേശ്യ അര്‍ഹിക്കുന്നില്ല. സമൂഹത്തിന്റെ സഹോദരിയായിത്തീരുക എന്ന ധര്‍മ്മം വെടിഞ്ഞ വേശ്യ ശിക്ഷിക്കപ്പെടേണ്ടവളായിട്ടിരിക്കുന്നു. സാമൂഹികമായ മാതൃകയോടെ ചെയ്യേണ്ടുന്ന എല്ലാ കര്‍മ്മങ്ങളില്‍ നിന്നും അകറ്റി നിറുത്തപ്പെടേണ്ടവളുമായിട്ടിരിക്കുന്നു.
ലൈംഗികതയുടെ തത്ത്വമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് മറ്റെല്ലാ വിഷയങ്ങളിലും സത്യമുള്‍ക്കൊണ്ട് പ്രവര്ത്തിക്കാനാവുന്നതാണ്. കാരണം, അടിസ്ഥാന വാസന തത്ത്വമറിഞ്ഞ് നിയന്ത്രിക്കപ്പെട്ടാല്‍ പിന്നെ മറ്റ് ക്രമീകരണങ്ങള്‍ എളുപ്പമാണ്. അവയെക്കുറിച്ചെല്ലാം പക്ഷേ, നമുക്ക് വ്യക്തമായി വിവരിച്ചറിഞ്ഞേ മതിയാവൂ. നമുക്ക് ഭദ്രമായ യുക്തിയില്ലാതെ കേവലം വിശ്വാസത്തിന്റെ പേരിലോ അപ്പപ്പോഴത്തെ സൗകര്യത്തിന്റെ പേരിലോ ഒന്നും ചെയ്യാനാവില്ല. അടിസ്ഥാന ബോധമില്ലാത്ത താത്കാലിക ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തില്ലെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഭദ്രമായ യുക്തിയുടെയും ശാസ്ത്രവിചാരത്തിന്റെയും പിന്‍ബലത്തില്‍ വികസിതമാകുന്ന തത്ത്വവിചാരവും പ്രയോഗവും ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുന്നു. മാനവരാശിക്ക് അന്തിമമായ ലക്ഷ്യത്തില്‍ എത്താനാവുന്നത് ആ വഴിയിലൂടെ മാത്രമായിരിക്കുകയും ചെയ്യും.
നമുക്ക് തുടങ്ങാം, ആനുകാലിക സംഭവങ്ങളെ നോക്കിക്കാണലും നന്മയുള്ള സമൂഹമെന്ന ചിന്തയും ലക്ഷ്യത്തിലേക്കെത്തുന്ന പ്രവര്‍ത്തനങ്ങളും…
Recent Comments