പ്രപഞ്ചദര്‍ശനം
ജീവനെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെടുത്തിയാണ് ഭാരതീയ ദര്‍ശനങ്ങളുടെ പ്രധാന വശങ്ങളെല്ലാം നിലകൊള്ളുന്നത്. മനുഷ്യശരീരം എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച ശരീരം.. മനുഷ്യ മനസ് എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച മനസ്.. മനുഷ്യന്റെ ബോധം എന്ന അവസ്ഥ എന്താണോ അതേപോലെ തന്നെയാണ് പ്രപഞ്ചത്തിന്റെയും ബോധാവസ്ഥ.. ഒന്നു ചെറുതും മറ്റേത് വലുതും എന്നു മാത്രം.. രണ്ടും പരസ്പര പൂരകവും!
ആധുനിക ശാസ്ത്രത്തിന്റെ ഉത്ഭവത്തിന് വളരെ മുമ്പു തന്നെ ഭാരതീയചിന്ത ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരുന്നു. മനുഷ്യനെയും മുഴുവനായ പ്രപഞ്ചത്തെയും ബന്ധിപ്പിച്ചുള്ള ഈ അറിവ് ജ്ഞാനികളായ മുനിമാര്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുത്തതിലൂടെയാണ് സാധാരണ ജനങ്ങളിലെത്തിയത്. ഉന്നത ശേഷിയാര്‍ജ്ജിച്ച മനുഷ്യ മനസുകള്‍ക്ക് ലഭ്യമാകുന്ന സൂക്ഷ്മദര്‍ശനങ്ങള്‍ കൊണ്ട് സാധ്യമായ ഈ അറിവില്‍ നിന്ന് ഏറെയൊന്നും മുമ്പോട്ടു പോകാന്‍ പില്ക്കാലത്ത് മാനവരാശിക്ക് സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാരണത്താല്‍, പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തെയും മനുഷ്യജീവനെയും ബന്ധപ്പെടുത്തി പറഞ്ഞു വെച്ചിരിക്കുന്ന ജ്ഞാനതരമായ വിവരണങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവെന്തെങ്കിലും കണ്ടെത്താന്‍ മാനവരാശിക്ക് കഴിഞ്ഞിട്ടുമില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെയും മനുഷ്യജീവനെയും ബന്ധിപ്പിക്കുന്ന മുനിമാരുടെ വിവരണങ്ങള്‍ കേവലമായ ഭാവനയായി, ആദ്ധ്യാത്മിക സങ്കല്പം മാത്രമായി വിലയിരുത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.
ലോകമാകെ സാംസ്കാരികമായ വളര്‍ച്ചയെ ബാധിച്ച ഏറെക്കാലത്തെ മുരടിപ്പിനു ശേഷം മനുഷ്യ മനസുകളില്‍ വിചാരപരമായ വലിയ മാറ്റങ്ങള്‍ സംഭവിച്ചത് മധ്യകാലഘട്ടത്തോടെ യൂറോപ്പില്‍ ആണെന്നു കാണാം. എല്ലാ മേഖലകളിലുമായി യൂറോപ്പില്‍ സംഭവിച്ച വിചാരവിപ്ലവം, പ്രപഞ്ചവിജ്ഞാനത്തെ ആദ്ധ്യാത്മികതയില്‍ നിന്ന് വേര്‍പെടുത്തുകയുണ്ടായി. എന്തിന്റെ മേലും അധികാരിയായി നിലകൊണ്ടിരുന്ന ആദ്ധ്യാത്മിക നേതൃത്വവുമായി ആധുനിക ചിന്തകര്ക്കുണ്ടായ ഏറ്റുമുട്ടലുകളാണ് ഇതിലേക്ക് നയിച്ചതെന്നു പറയാം. തല്‍ഫലമായി പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, പരസ്പരം ബന്ധപ്പെടുത്താനാവാത്ത വിധം വിരുദ്ധശക്തികളായി ശാസ്ത്രവും ആദ്ധ്യാത്മികതയും പരിഗണിക്കപ്പെടുകയും, വിവരണങ്ങളിലെ വ്യക്തത നിമിത്തം ക്രമേണ ശാസ്ത്രത്തിന് മേല്‍ക്കൈ ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.
ഭൗതികമായ നിലനില്പും പ്രവര്‍ത്തനവും എന്നതിന്റെ പരമാവധി വ്യക്തതയാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ കൊണ്ട് സാധിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന പാശ്ചാത്യരുടെ അന്വേഷണങ്ങളിലും കണ്ടെത്തലുകളിലും ഭാരതീയ ചിന്തയില്‍ ഉള്ളതുപോലുള്ള ദാര്‍ശനിക ഭാവങ്ങളൊന്നും ഉള്ളതായി കാണാനുമാവുന്നില്ല.
പാശ്ചാത്യ ലോകത്ത് ശാസ്ത്രവും ആദ്ധ്യാത്മികതയും പരസ്പരം ഏറ്റുമുട്ടലില്‍ ആണെങ്കിലും, ക്രിസ്തീയ വിശ്വാസത്തില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതന്റെ ഉജ്വലമായ ഭാവനയില്‍ വിരിഞ്ഞ ചിത്രങ്ങളാണ് ഇന്നത്തെ ശാസ്ത്രം വിവരിക്കുന്ന പ്രപഞ്ചസങ്കല്പത്തിന്റെ അടിസ്ഥാനം തന്നെ!
പ്രപഞ്ചം ഉത്ഭവിച്ചതിന്റെ കാരണമെന്ന് ഇന്നു പരക്കെ വിശ്വസിക്കപ്പെടുന്നതാണ് മഹാവിസ്ഫോടന സിദ്ധാന്തം. മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉല്പത്തിയായതെന്ന് നൂറു ശതമാനം ഉറപ്പോടെ പറയാന്‍ സാധിക്കില്ലെങ്കിലും, മഹാവിസ്ഫോടന സിദ്ധാന്തത്തെ സാധൂകരിക്കുന്ന വിധത്തിലാണ് ഭൗതികശാസ്ത്രത്തിന് ലഭിക്കുന്ന തെളിവുകള്‍ എന്നതാണ് അനുഭവം.
നമുക്ക് ഇന്നു നന്നായി ബോധ്യമുള്ള യാഥാര്‍ത്ഥ്യമാണ് നമ്മുടെ പ്രപഞ്ചം, പാശ്ചാത്യരുടെ പഴയകാല വിശ്വാസങ്ങള്‍ പറയുന്നതുപോലെ ആരുടെയും കൈപ്പണിയായി ഉണ്ടായിട്ടുള്ളതല്ലെന്നത്. ശാസ്ത്രീയവും യുക്തിഭദ്രവുമായ തെളിവുകളെ വിശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ തള്ളിക്കളയാന്‍ സത്യാന്വേഷിയായ ഒരു ജീവനും ആവുകയില്ല. ഇക്കാരണം കൊണ്ടു തന്നെ നമുക്കും പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉല്പത്തിയായി എന്ന വാദഗതിയില്‍ ചുവടുറച്ചുകൊണ്ട് പ്രപഞ്ചദര്‍ശനം ആരംഭിക്കേണ്ടിയിരിക്കുന്നു.
അന്ധകാരഭരിതമായ അനന്ത മഹാശൂന്യതയില്‍ നമ്മുടെ പ്രപഞ്ചം ഒരു ചെറിയ സംഗതിയായിരിക്കാം. പക്ഷേ, കൊച്ചു ഭൂമിയില്‍ ജീവിക്കുന്ന നമ്മള് മനുഷ്യരെ സംബന്ധിച്ചിടത്തോളം അതൃത്തികള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പ്രപഞ്ചം എന്ന വിശാലമായ പ്രവര്‍ത്തനം. നമ്മുടെ പ്രപഞ്ചം നിരന്തരമായ സ്വയം വികസന പ്രവര്‍ത്തനത്തിലാണെന്നും നാം അറിയുന്നു.
പ്രപഞ്ചത്തെ മൊത്തമായി നിരീക്ഷിച്ചാല്‍ വ്യക്തമാവുക എന്തിലും എവിടെയും നിറഞ്ഞു നില്‍ക്കുന്നത് ഊര്‍ജ്ജം മാത്രമാണെന്നാണ്. ശാസ്ത്രം തറപ്പിച്ചു പറയുന്നു, ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധ്യമല്ല; പരിവര്‍ത്തനം ചെയ്യാന്‍ മാത്രമേ കഴിയൂ എന്ന്.. നിര്മ്മിതമാകാന് സാധ്യതയില്ലാത്തതാണ് ഊര്‍ജ്ജമെങ്കില്‍ നമ്മുടെ പ്രപഞ്ചത്തിനു കാരണമായ ഊര്‍ജ്ജം ഉല്പത്തിയായത് എങ്ങനെയായിരിക്കാം? ഭൗതിക ശാസ്ത്രം ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ നിലവില്‍ പ്രാപ്തമായിട്ടില്ല! ഈ സ്ഥിതിവിശേഷത്തില്‍ നിന്നാണ് ഭൗതിക ശാസ്ത്രത്തിന് പ്രാപഞ്ചികമായ സകല ചോദ്യങ്ങള്‍ക്കും ഉത്തരമാകാന്‍ സാധിക്കില്ലെന്നു നമുക്ക് സാമാന്യമായെങ്കിലും അറിയാന്‍ കഴിയുന്നത്.
നിലവിലെ പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെയാണ് ഉല്പത്തിയായതെങ്കില്, ആ ഊര്‍ജ്ജമത്രയും ഒരിടത്ത് കേന്ദ്രീകൃതമായി നിലനിന്നിരുന്നുവല്ലൊ.! ഒരു പ്രപഞ്ചത്തോളം വലുപ്പത്തില്‍ വികസിതമായി പ്രവര്‍ത്തിക്കാന്‍ തക്കവിധം ശക്തമായ ഈ ഊര്ജ്ജകേന്ദ്രീകരണം സാധ്യമായത് എങ്ങനെയായിരുന്നിരിക്കണം?
ഏകദേശം ആയിരത്തി നാനൂറ് കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണല്ലൊ നമ്മുടെ പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉല്പത്തിയായത്. കേന്ദ്രീകൃതമായി നിലകൊണ്ടിരുന്ന ഊര്‍ജ്ജ നിക്ഷിപ്താവസ്ഥ പ്രപഞ്ചമായി തീരത്തക്ക വിധത്തില്‍ പൊട്ടിത്തെറിക്കാന്‍ കാരണം എന്തായിരുന്നു?
മാറ്റര്‍ എന്ന നിലയില്‍ യാതൊന്നുമില്ലാതെ, വിസ്ഫോടനത്തിലൂടെ ബഹിര്‍ഗമിച്ച ഊര്‍ജ്ജം ഇന്നു കാണുന്ന തരത്തിലുള്ള നക്ഷത്രമണ്ഡലങ്ങളായി രൂപവും പ്രവര്‍ത്തനവുമായി മാറിയത് എന്തുകൊണ്ടാണ്? നക്ഷത്രമണ്ഡലങ്ങള്‍ നിരന്തരമായി പരസ്പരം അകന്ന് ദൂരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു.
അതേ; പ്രപഞ്ചത്തിലുള്ള സകലതും നിരന്തര ചലനമെന്ന പ്രവര്‍ത്തനത്തിലാണ്.. അതുകൊണ്ടു തന്നെ നിരന്തരമായി പ്രപഞ്ചവും പ്രവര്‍ത്തനത്തിലാണ്. ഇങ്ങനെ പ്രവര്‍ത്തിച്ചു നില്ക്കുന്ന ഒരു നക്ഷത്ര മണ്ഡലത്തിന്റെ ചലനവേഗം ശാസ്ത്രത്തിന് ഇന്നു അളക്കാന്‍ കഴിയുന്നു. എന്തുകൊണ്ടാണ് ഒരു നക്ഷത്രമണ്ഡലത്തിന് ഇതിലും അധികം വേഗത്തില്‍ അന്ധകാര നിര്‍ഭരമായ അനന്തമഹാശൂന്യതയില് സഞ്ചരിക്കാന്‍ സാധിക്കാതിരുന്നത്?
പരമാവധി വേഗമുള്ള ചലനം പ്രകാശത്തിന്റേതാണെന്നു കണ്ടെത്തിയിരിക്കുന്നു. സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ എന്ന വേഗം ആര്‍ജ്ജിക്കാന്‍ മാത്രം പ്രകാശത്തിന് സാധിച്ചത് എന്തുകൊണ്ടാണ്? മൂന്നു ലക്ഷത്തിന്റെ പത്തിരട്ടിയോ നൂറിരട്ടിയോ ആയിക്കൂടായിരുന്നോ?
കുറേക്കാലം കഴിഞ്ഞ് നമ്മുടെ പ്രപഞ്ചം പ്രവര്‍ത്തന രഹിതമായി ഇല്ലാതായിത്തീരുമെന്ന് ഇന്ന് ശാസ്ത്രത്തിനറിയാം. എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം? കാരണമില്ലാതെ കാര്യങ്ങളൊന്നും സംഭവിക്കില്ലല്ലൊ! കാരണമെന്ന കണ്ടെത്തല്‍ ശാസ്ത്രത്തിന് ആവുകയില്ലെന്നു പറയട്ടെ! ശാസ്ത്രമെന്ന സത്യത്തിന് കാര്യമെന്ന, അതായത് ഭൗതികമായ പ്രവര്ത്തനാവസ്ഥകളെ മാത്രമേ വിവരിക്കാനാവുകയുള്ളൂ! മാനവരാശിക്ക് അന്തിമമായി ആശ്രയിക്കാവുന്ന കണ്ടെത്തലല്ല ശാസ്ത്രം.. നമുക്ക് കാരണത്തെക്കുറിച്ച് അറിയണം; കാരണമെന്നത് കേവലമായ വിശ്വാസത്തിന്റെ കഥപറച്ചിലുകള്‍ ആയിരുന്നാല്‍ പോരാ!
കാരണത്തെ സംബന്ധിക്കുന്ന അറിവിന് ശാസ്ത്രത്തെ ചേര്‍ത്തു നിറുത്തുന്നതിനുള്ള ശേഷിയുണ്ടായിരിക്കണം. എന്തെന്നാല്‍, കാരണബോധം എന്നത് സൂക്ഷ്മശാസ്ത്രമാണ്. ഭൗതികശാസ്ത്രം സത്യമാണ്; സൂക്ഷ്മശാസ്ത്രം സത്യത്തിന്റെ സത്യവും. സൂക്ഷ്മശാസ്ത്രത്തിന് വിവരിക്കാനാവുന്നത് യുക്തിഭദ്രവും താത്ത്വികവുമായാണ്. ഭൗതികശാസ്ത്രം വസ്തുനിഷ്ഠമായി വിവരിക്കുന്നു.
ശാസ്ത്രത്തിന്റെ ഭൗതികവും സൂക്ഷ്മവുമായ ഭാവങ്ങള്‍ ഒന്നുചേര്‍ന്നു വിവരിക്കുമ്പോള്‍ ആദ്ധ്യാത്മിക ചിന്തയും ഭൗതികചിന്തയും പൊരുത്തപ്പെടുന്ന അത്ഭുതകരമായ അറിവിന്റെ ലോകം പിറക്കുക തന്നെ ചെയ്യും. നമ്മെയും പ്രപഞ്ചത്തെയും ഒന്നായി സങ്കല്പിക്കുന്ന ഋഷിമാരുടെ ദര്‍ശനത്തിന്റെ പൊരുളറിയുന്നതിന് നാം പ്രാപ്തരാകുന്ന സ്ഥിതിവിശേഷം ഉണ്ടാവുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ സുവ്യക്തമായ പ്രപഞ്ചദര്‍ശനം സാധ്യമാകുന്നു. അവിടെ വെച്ച് നാം നമ്മെ തിരിച്ചറിയുന്ന ഏറ്റവും വലിയ നേട്ടം ഉണ്ടാവുന്നു..
ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനം നമ്മെ ആ വഴിക്ക് സഞ്ചരിപ്പിക്കുന്നു.. ഒരോ ജീവനും അത്ഭുതകരമായ ആ യാത്രക്കായി തയ്യാറാവേണ്ടിയിരിക്കുന്നു..