നാം നമ്മെ കണ്ടെത്തുന്നു
ഒന്നിന്റെ രൂപതരമായ നിലനില്പിന്റെയും പ്രവര്‍ത്തനത്തിന്റെയും കാരണവും ലക്ഷ്യവും തേടുന്ന മനുഷ്യമനസിന്റെ യാത്രയാണ് തത്ത്വവിചാരം. തത്ത്വം എന്നാല്‍ രൂപതരമായിനിലനില്ക്കുന്ന എന്തിന്റെയെങ്കിലും കാരണത്തെയും കാരണത്തില്‍ ഉറച്ചുള്ള പ്രവര്‍ത്തനത്തെയും പ്രവര്‍ത്തനംകൊണ്ട് സാധ്യമാകുന്ന ലക്ഷ്യത്തെയും കുറിച്ചുള്ള ബോധ്യമാണ്. എന്തിന്റെയും കാരണം, നിലനിന്നു പ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷ്യം എന്നീ ബോധ്യത്തിന്റെ അവസ്ഥ കടന്ന് സംഭവിക്കുന്ന അനന്തര ഫലം എന്ന അറിവിലെത്തുമ്പോള് മനുഷ്യമനസ് ‘അതീതം’ എന്ന തത്ത്വബോധത്തിന്റെ ഔന്നത്യത്തിലെത്തുന്നു. ‘അതീതം’ എന്ന അവസ്ഥയില്‍ എത്തുന്ന മനസില്‍ നിന്നാണ് ‘എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്ന’ അറിവുകള്‍ ശാസ്ത്രബോധമായും ദൈവസങ്കല്പമായും ഉത്ഭവിക്കുന്നത്.
വ്യക്തിയെ സംബന്ധിച്ചിടത്തോളം, സ്വയമായും വ്യക്തിയെ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയുമല്ലാതെ, അറിയാനായി മറ്റെന്തെങ്കിലും ഉണ്ടാകുന്നില്ല. വ്യക്തിയും മറ്റ് മനുഷ്യരും ഇതര ജീവികളുമെല്ലാം പ്രപഞ്ചത്തിന്റെ അംശം മാത്രമാണ് താനും. അങ്ങനെയെങ്കില്‍, നാം പ്രവര്ത്തിക്കുന്നുവെന്നാല് പ്രപഞ്ചം നമ്മിലൂടെ പ്രവര്ത്തിക്കുന്നുവെന്നാണോ? നാം ചിന്തിക്കുന്നുവെന്നാല് പ്രപഞ്ചം നമ്മിലൂടെ ചിന്തിക്കുന്നുവെന്നാണോ? എങ്കില്‍ എന്തിനുവേണ്ടിയിട്ടാണ് ഇതിങ്ങനെ സംഭവിക്കുന്നത്?
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അന്വേഷണം! മനുഷ്യ ചരിത്രത്തോളം പഴക്കത്തില്‍ ഈ അന്വേഷണ പ്രക്രിയ ഇടതടവില്ലാതെ തുടര്‍ന്നിരുന്നു. എന്നിട്ടും, തലമുറകള്‍ താണ്ടിയ അന്വേഷണം കൊണ്ട് കാര്യമായ വ്യക്തതയൊന്നും ഉണ്ടായിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പക്ഷേ, അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കാന് തക്കവണ്ണവും കണ്ടെത്താന്‍ പ്രാപ്തമാക്കുന്ന വിധത്തിലും പ്രപഞ്ചമെന്ന മഹാപ്രവര്‍ത്തനം നമ്മെക്കൊണ്ട് അത് ചെയ്യിക്കുന്നു.
അന്വേഷകരായ നമുക്ക് നമ്മെക്കുറിച്ചു തന്നെ ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നേവരെ സാമാന്യമായി എല്ലാ മനുഷ്യരും അറിഞ്ഞ് ഉറപ്പിച്ചിരിക്കുന്നിടത്തു നിന്നു തന്നെ നമ്മുടെ അന്വേഷണം തുടങ്ങണം. വ്യക്തിയെന്ന നാമെന്നാല്‍ എന്താണ്? ആരാണ്? ഈ ചോദ്യത്തിന് കാലമിതുവരെ ഒരുത്തരമേ ഉള്ളൂ: വ്യക്തമായി ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.. അതേ, നമുക്ക് നമ്മെ അറിയാന്‍ കഴിഞ്ഞിട്ടില്ല..!
നാം ജനിച്ചത് നാം എന്തെങ്കിലും ചെയ്തിട്ടാണോ? അല്ലെന്നായിരിക്കുമല്ലൊ സാധാരണമായ ഉത്തരം. നാം ജനിച്ചതിനു ശേഷം വളരുന്നതും പ്രവര്‍ത്തിക്കുന്നതും അനുഭവങ്ങള്‍ ഉണ്ടാകുന്നതും പ്രായപൂര്‍ത്തിയാകുന്നതും മരിക്കുന്നതും എന്നുവേണ്ട, നാം എന്തെങ്കിലുമാകുന്നുവെങ്കില് അതിനു കാരണമായിരിക്കുന്നത് നാമല്ല..!
നമ്മുടെ ആരുടെയും രൂപവും നാമാരും നിര്‍മ്മിച്ചതല്ല! നമ്മുടെ ശരീരത്തിലെ ഒരു കോശത്തില്‍ പോലും നമുക്ക് സ്വാധീനമില്ല; നിയന്ത്രണമില്ല.. നമ്മുടെ ബുദ്ധിയും ലക്ഷ്യബോധവും നാമാരും സൃഷ്ടിച്ചതല്ല.. നമുക്ക് പക്ഷേ, ഇങ്ങനെയൊക്കെ ഉള്ളതുകൊണ്ട് അത് നമ്മുടേതാണെന്നു ധരിച്ചു വയ്ക്കുന്നുവെന്നു മാത്രം!
ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പ്രത്യുല്പാദന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഒന്നും നമ്മുടെ നിര്‍മ്മിതിയായ താത്പര്യം കൊണ്ടോ ആവശ്യങ്ങള്‍ കൊണ്ടോ ആകുന്നില്ല. ഇത്തരം താല്പര്യങ്ങളും ആവശ്യങ്ങളുമെന്നത് നാമറിയാതെ കാലം നമ്മളില്‍ നിക്ഷിപ്തമാക്കിയതാണ്..
ചുരുക്കത്തില്‍, നാം നമ്മുടേതല്ല..! എന്തിനോ വേണ്ടി നമ്മെ ഏതോ ശക്തിവിശേഷം നിര്‍മ്മിച്ചതാണ്; പ്രവര്‍ത്തിപ്പിക്കുന്നതാണ്..! ഇങ്ങനെ നിര്‍മ്മിച്ചു പ്രവര്ത്തിപ്പിക്കുന്നതാണെങ്കിലും നമുക്ക് നമ്മെ കണ്ടെത്താന്‍ തക്കവിധം നമ്മളില്‍ വിചാരമെന്ന ശേഷി നിക്ഷിപ്തമാക്കിയിരിക്കുന്നു. ആ വിചാരമെന്ന ശേഷി ഉപയോഗിച്ചാണല്ലൊ ചെറുതെങ്കിലും, മതവും ശാസ്ത്രവുമെന്ന നിലയിലൊക്കെ നാം മനുഷ്യന് ഇന്നോളം കണ്ടെത്തിയിട്ടുള്ളത്.. നമ്മള് മനുഷ്യന്റെ വിചാരശേഷിയും ലക്ഷ്യബോധവും നാള്‍ക്കു നാള് വികസിക്കുകയുമാണ്. ഇതേ വരെയുള്ള അനുഭവങ്ങള്‍ വെച്ചു വിലയിരുത്തിയാല്‍, തത്ത്വവിചാരം ചെയ്യാനുള്ള ശേഷി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മള് മനുഷ്യര്‍ എന്നെങ്കിലും നാം തന്നെയായ നമ്മളെ അന്തിമമായി കണ്ടെത്തുക തന്നെ ചെയ്യും.. അതേ, അങ്ങനെയേ വിചാരിക്കാനാവൂ!
നമ്മുടെ ജനനവും വളര്‍ച്ചയും മരണവുമൊന്നും നമുക്കറിയില്ലെങ്കിലും നാമെന്നാല്‍ ജീവനാണെന്ന് നമുക്കറിയാം. ജനിക്കുന്നുവെന്നാല് രൂപമായി ജീവന് ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന് നാം മനസിലാക്കുന്നു. നാം വളരുന്നുവെന്നാല് ജീവന് വളരുന്നുവെന്നും മരിക്കുന്നുവെന്നാല്‍ ജീവന് മരിക്കുന്നുവെന്നും.. നാമെന്ന ജീവന് ജനിക്കുന്നതിനു മുമ്പ് എവിടെയായിരുന്നു? ജനിക്കുന്നതിനു മുമ്പ് ജീവന് ഒരു നിലനില്പ് ഉണ്ടായിരുന്നുവോ? നാം മരിച്ചതിനു ശേഷവും ജീവന് നിലനില്‍ക്കുമോ? നിലനില്ക്കുന്നില്ലെങ്കില് നാമെന്ന പ്രവര്‍ത്തനത്തിന് യാതൊരു അര്‍ത്ഥവും കല്പിക്കാനില്ല..! മരണാനന്തരവും നാമായിരിക്കുന്ന ജീവന് നിലനില്ക്കുന്നുവെങ്കില് എന്താണ് അതിന്റെ അര്‍ത്ഥം!? നമ്മെ ജനിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കാരണശേഷി നമ്മെ വട്ടം കറക്കി കളിപ്പിച്ച് രസിക്കുകയാണോ..?
നമുക്ക് നമ്മെ കണ്ടെത്തിയേ തീരൂ! ഇനി വിട്ടു കൊടുക്കാനാവില്ല.. നാം മരണത്തോടെ അവസാനിക്കുന്നവരെങ്കില്, നമ്മുടെ ജീവന് ഭൂമിയിലെ ഹൃസ്വമായ ജീവിതംകൊണ്ട് കഷ്ടപ്പെട്ടും ദുഖിച്ചും തീരേണ്ടതാണെങ്കില് നമുക്ക് ഇന്നത്തെ നിയമങ്ങള്‍ ഒന്നും ആവശ്യമില്ല. നാം ജീവിച്ചാലെന്ത്.. മരിച്ചാലെന്ത്.. നശിച്ചാലെന്ത്.. നന്നായാലെന്ത്.. എല്ലാം അര്‍ത്ഥരഹിതം..!
അടിയന്തരമായി അറിയേണ്ട ചില സംശയങ്ങള്‍ കൂടി ബാക്കി നില്ക്കുന്നു. നമുക്ക് ഭൂമിയില്‍ നിലനില്ക്കാന് വിശപ്പും ദാഹവും എന്തിനു വേണ്ടിയാണ് തന്നത്? വിശപ്പും ദാഹവും ഇല്ലാത്ത ഒരു പ്രവര്‍ത്തനമായി കാരണശക്തിക്ക് നമ്മളെ സൃഷ്ടിക്കരുതായിരുന്നുവോ? വളര്‍ച്ചക്കും വികാസത്തിനും എന്നൊക്കെയുള്ള, ശാസ്ത്രത്തിന്റെ ഭൗതികമായ വിശദീകരണങ്ങള്‍ കൊണ്ട് നമുക്ക് തൃപ്തരാകാന്‍ കഴിയില്ല. കാരണം, നാം തത്ത്വവിചാരത്തില്‍ യാത്ര ചെയ്യുകയാണ്.. നമ്മള് നമ്മുടെ തന്നെ കാരണം തേടലിലാണ്..
നമ്മെ ആണും പെണ്ണും എന്ന നിലയില്‍ സൃഷ്ടിച്ചത് എന്തിനാണ്? പ്രത്യുല്പാദനത്തിനു വേണ്ടിയെങ്കില്‍ മറ്റെന്തെങ്കിലും വഴിയായിരുന്നാലും മതിയായിരുന്നുവല്ലൊ! ആണും പെണ്ണുമായി നിര്‍മ്മിക്കപ്പെട്ട നമ്മളില്‍ കാമമെന്ന വികാരമില്ലെങ്കില്‍ പ്രത്യുല്പാദനം നടക്കില്ല.. എന്താണ് കാമം.?
വികാരങ്ങളും അനുഭവങ്ങളുമെന്നാല് എന്താണ്? നമ്മെ വികാരങ്ങള്‍ ഇല്ലാത്തവരായി സൃഷ്ടിക്കരുതായിരുന്നോ? വേദനകളും ദുഖങ്ങളും ഒഴിവാക്കി തന്നുകൂടായിരുന്നോ? എന്തായാലും നമ്മള് ജീവികള്‍ ഹൃസ്വായുസുകളാണല്ലൊ..!
കാലം ഇതുവരെ ആയിട്ടും നമ്മെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒന്നിനും യുക്തിഭദ്രമായ ഉത്തരം ആയിട്ടില്ല; നാം ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങി തലമുറകള്‍ ഏറെ കഴിഞ്ഞുപോയിട്ടും..
എല്ലാം ദൈവത്തിന്റെ കളിയാണെന്നൊന്നും പറഞ്ഞാല്‍ ഇനി സമ്മതിക്കാന്‍ നമ്മള് തയ്യാറല്ല. നമുക്ക് യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ വിവരണങ്ങള്‍ വേണം. അതിലൂടെയേ നമ്മുടെ തത്ത്വവിചാരം പൂര്‍ണ്ണമാവുകയുള്ളൂ..
മനുഷ്യ ശരീരം എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച ശരീരം; മനുഷ്യ മനസ് എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച മനസ്; അണുരൂപം എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ചരൂപം; മനുഷ്യന്റെ ബോധം എങ്ങനെയാണോ അതേപോലെയാണ് പ്രപഞ്ചത്തിന്റെയും ബോധം എന്ന വിചാരത്തില്‍ മുനിമാര്‍ എത്തിച്ചേര്‍ന്നിരുന്നു. എങ്കിലും, വ്യക്തതയുള്ള വിവരണങ്ങളുടെ അഭാവം നിമിത്തം ഈ അതിശക്തമായ വിചാരത്തിന് കേവലമായ ആത്മീയത എന്നതിനപ്പുറം യുക്തിഭദ്രമായ ചിന്ത അല്ലെങ്കില്‍ സൂക്ഷ്മമായ ശാസ്ത്രം എന്ന പരിഗണന ലഭിക്കുന്നതിന് കഴിയാതെ പോവുകയാണുണ്ടായത്. എന്തിനും യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ തെളിവ് ലഭിക്കേണ്ടുന്ന ഇക്കാലത്ത് തീര്‍ച്ചയായും, തെളിവുകള്‍ കണ്ടെത്തിത്തന്നെ മുനിമാരുടെ ദര്‍ശനസാരം നമുക്ക് ബോധ്യപ്പെടേണ്ടിയിരിക്കുന്നു.
അതേ, നമുക്ക് നമ്മെ അറിയണം; അറിഞ്ഞേ പറ്റൂ! അറിയാതിരുന്നാല്‍.., നാം നമ്മെ അറിയാതിരുന്നാല്‍ നാം ഒന്നുമല്ലാത്തതായി നിലകൊള്ളുന്നു എന്നാണ് അര്ത്ഥമാക്കാനാവുക. നാം നമ്മെ അറിഞ്ഞാല്‍ പ്രപഞ്ചത്തിലുള്ള സകലതും അറിഞ്ഞവരാകുന്നു.. സകലതും അറിയുന്ന ജീവന് സകലതുമായിത്തീരുന്നതിന് പ്രാപ്തമായിത്തീരുന്നു.. ആ വഴിയിലൂടെ നമ്മുടെ അന്വേഷണ യാത്ര തുടരുകയാണ്. തീര്‍ച്ചയായും, അറിയാതെ തിരിച്ചെത്തുന്ന പ്രശ്നമേയില്ല..
ജീവന് എന്ന പ്രതിഭാസം
എന്താണ് ജീവന്? ശരീരങ്ങളില്‍ വസിച്ചുകൊണ്ടുള്ള ആ പ്രവര്‍ത്തനത്തിന്റെ പൊരുളെന്താണ്? വിശ്വാസങ്ങള്‍ പറയുന്നതു പോലെ ജീവന് എന്നത് മരണാനന്തരവും നിലനില്‍ക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിച്ചേ മതിയാവൂ! കാരണം, ചോദ്യങ്ങളെല്ലാം നമ്മള് നമ്മളെ തിരിച്ചറിയുന്നതിനു വേണ്ടിയുള്ളതാണ്. നമ്മെ നമ്മള് തിരിച്ചറിഞ്ഞുള്ള ഈ അറിവിനു മാത്രമേ ഇനിയുള്ള കാലം ലോകത്തെ യഥാര്‍ത്ഥമായി നയിക്കാനുമാവുകയുള്ളൂ. ജീവനെ അറിയാതെ കണ്ടെത്തലുകള്‍ നടത്തുന്ന ശാസ്ത്രവും താല്‍ക്കാലിക ഭൗതിക ലാഭത്തെ ലക്ഷ്യംവയ്ക്കുന്ന ഭരണസംവിധാനങ്ങളും ചേര്‍ന്ന് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാക്കിയാലും, അതെല്ലാം സമൃദ്ധിയില്‍ ജീവിക്കുന്ന മൃഗം എന്ന അവസ്ഥയെ മാത്രമേ പ്രദാനം ചെയ്യുന്നുള്ളൂ എന്നു വരുന്നു.
താന്‍ ആരെന്നറിയുക എന്ന ലക്ഷ്യത്തോടെ കേവലമായ വിശ്വാസത്തെ ആശ്രയിക്കാമെന്നു വിചാരിച്ചാല്‍ അത് ഏറ്റവും വലിയ അബദ്ധവുമാണ്. ആര്‍ക്കും ഉപാധികളൊന്നുമില്ലാതെ സ്വീകരിക്കാവുന്നതും എന്തിലും എങ്ങനെ വേണമെങ്കിലും കൊണ്ടുനടക്കാവുന്നതും എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്നതുമായ വിവേകശൂന്യമായ ഒരു ഏര്‍പ്പാടാണ് വിശ്വാസം. കേവലമായ വിശ്വാസത്തിലുള്ള ആശ്രിതത്വം അറിവിന്റെ അഭാവത്തെയാണ് കാണിക്കുന്നത്.
നാം മനുഷ്യര്‍ക്ക് നമ്മെ അറിയാന്‍ കഴിഞ്ഞിട്ടില്ല അല്ലെങ്കില്‍ കഴിയുന്നില്ല എന്നതിന്റെ അര്‍ത്ഥം നാമായിരിക്കുന്ന ജീവന് അത്രമേല്‍ സങ്കീര്‍ണ്ണമായ പ്രതിഭാസമാണെന്നാണ്. നാം നമ്മെ അറിഞ്ഞ് ബോധ്യപ്പെടുമ്പോള്‍ സംഭവിക്കുന്ന ലക്ഷ്യബോധത്തിനും വിവേകത്തിനും ലോകത്തെ ഏറ്റവും സമാധാനപരമായും അര്‍ത്ഥപൂര്‍ണ്ണമായും ക്രമീകരിക്കാന്‍ സാധിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. നാം നമ്മെ അറിയുകയെന്നാല്‍ നമുക്ക് യഥാര്‍ത്ഥമായി വേണ്ടുന്നതെന്തോ അതറിയാന്‍ കൂടി പ്രാപ്തമാകുന്നുവെന്നാണ്.
നിര്വ്വചനാത്മകമായി കാണുമ്പോള്‍ ജീവന് എന്നത് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സംഗമ വൈഭവവും ഊര്‍ജ്ജത്തെ പുനര്‍നിര്‍മ്മിക്കുന്ന കാരണോര്ജ്ജവുമാണ്.
ഭക്ഷിക്കുന്നു, വിസര്‍ജ്ജിക്കുന്നു, കുളിക്കുന്നു, അലക്കുന്നു, കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നു, സന്തോഷിക്കുന്നു, ദുഖിക്കുന്നു എന്നിങ്ങനെ നമ്മള് ജീവികള്‍ ചെയ്യുന്നതിനെയെല്ലാം സൂക്ഷ്മമായൊന്നു നിരീക്ഷിച്ചാല്‍ വ്യക്തമാകുന്നത്, ഊര്‍ജ്ജ വൈവിധ്യങ്ങളുടെ ഉപയോഗം പല തരത്തിലായി ജീവന് നടപ്പാക്കുന്നു അല്ലെങ്കില്‍ ജീവനില്‍ നടപ്പാകുന്നു എന്നതു മാത്രമാണ്. ഇങ്ങനെ സംഭവിക്കുന്നതിനു കാരണം, പ്രപഞ്ചത്തില്‍ ഊര്‍ജ്ജം എന്ന നിലയിലുള്ള നിക്ഷിപ്താവസ്ഥകളല്ലാതെ മറ്റെന്തെങ്കിലും നിലനില്ക്കുന്നില്ല എന്നതു തന്നെയാണ്.
പ്രപഞ്ചത്തിലുള്ള എന്തിലും നിറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, എല്ലാം നിര്‍മ്മിതമായതും ഊര്‍ജ്ജം കൊണ്ടാണ്. ഊര്‍ജ്ജത്തിന്റെ എന്തെല്ലാം ഭാവങ്ങളുണ്ടോ അതുമായല്ലാം ബന്ധപ്പട്ടു നില്ക്കുന്നതും നില്‍ക്കേണ്ടതും അതെല്ലാം ഉള്‍ക്കൊള്ളേണ്ടതും ഉള്‍ക്കൊള്ളുന്നതും ആയതുകൊണ്ടാണ് ജീവനെ ഊര്ജ്ജവൈവിധ്യങ്ങളുടെ സംഗമ വൈഭവം എന്നു വിളിക്കുന്നത്. ഇപ്രകാരം, നാം ആയിരിക്കുന്ന നമ്മുടെ ജീവനെന്നാല്‍ ഭൂമിയെയും സൂര്യനെയും ഇതര ജ്യോതിര്‍ഗോളങ്ങളെയും സൂക്ഷ്മമായി ഉള്ക്കൊള്ളുന്നവരാകുന്നുവെന്നത് എളുപ്പത്തില്‍ ബോധ്യപ്പെടാനാവുന്ന യാഥാര്‍ത്ഥ്യമാണ്.
ഊര്ജ്ജവൈവിധ്യങ്ങളുടെ സംഗമ വൈഭവമായ ജീവന് ഉല്പത്തിയാകുന്നതും വളരുന്നതും മരിക്കുന്നതുമെല്ലാം ഭൂമിയിലാണ്. അതാണ് നമ്മുടെ അറിവ്. പഞ്ചഭൂതങ്ങളെന്ന, ശരീരമെന്ന ജീവരൂപത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ യോഗ്യതകളെല്ലാം ഭൂമിയില്‍ സംഗമിച്ചിരിക്കുന്നതു കൊണ്ടാണ് പ്രവര്‍ത്തനമായി ജീവന് ഭൂമിയില്‍ നിലകൊള്ളുന്നതിനു സാധിക്കുന്നത്. ശരീരമെന്ന ഉപാധിയില്‍ നിലകൊണ്ടുള്ള ജീവന്റെ പ്രവര്‍ത്തനത്തെ നമ്മള് ജീവിതമെന്നു വിളിക്കുന്നു.
ഭൂമിയില്‍ നാം ജീവന് ഉല്പത്തിയായത് എങ്ങനെയെന്നത് ജീവന് എന്നാല്‍ എന്താണെന്ന അന്വേഷണം പോലെ തന്നെ എങ്ങുമെത്താത്ത ഒരു അറിവായി നിലകൊള്ളുന്നു. വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും തുടങ്ങി ഭൂമിയിലെ ജീവോല്‍പത്തിക്കു കാരണമായതായി കരുതി വിവരിക്കുന്ന കഥകള്‍ ശാസ്ത്രലോകത്തു തന്നെ ധാരാളമുണ്ട്.
പ്രവര്‍ത്തന നിരതമായ ഒന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് എന്തൊക്കെയാണെന്ന് കണ്ടെത്തി ആ പ്രവര്‍ത്തനത്തിന്റെ കാരണത്തെയും യോഗ്യതയെയും വിലയിരുത്തുന്നതിന് സാധിക്കുന്നുവെന്ന കാഴ്ചപ്പാട് ശാസ്ത്രീയമാണ്. ഈ വഴിയിലൂടെ സഞ്ചരിച്ച് ഭൂമിയിലെ ജീവോല്പത്തിയും ജീവോല്പത്തിയുടെ കാരണവും പ്രവര്‍ത്തനത്തിന്റെ ലക്ഷ്യവും നമ്മള് കണ്ടു തുടങ്ങുകയാണ്.
നമുക്ക് ഉത്ഭവിക്കാനും ജീവിക്കാനും ഉണ്ടാകുന്നത് ഭൂമിമാത്രമാണ്.. എങ്കിലും, ഭൂമിയെന്നത് ഒരു സ്വതന്ത്രമായ നിലനില്പോ തനതായ പ്രവര്‍ത്തനമോ ആവുന്നില്ല. പ്രാപഞ്ചികമായ ഏറ്റവും ചുരുക്കത്തിലുള്ള കാഴ്ചപ്പാടില്‍ ഭൂമി, സൂര്യന് കേന്ദ്രമായുള്ള സൗരയൂഥമെന്ന പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണ്.
ഇപ്രകാരം, ഭൂമിയില്‍ ജീവന് ഉല്പത്തിയാവുകയും പ്രവര്ത്തനതരമാവുകയും ചെയ്യുന്നു എന്നതിന്റെ അര്‍ത്ഥം തന്നെ സൗരയൂഥമെന്ന മൊത്തമായ പ്രവര്‍ത്തനത്തിന്റെ ഫലം സംഭവിക്കുന്നുവെന്നാണ്. എങ്കിലും ഇക്കാര്യത്തില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും മറ്റുമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭൂമിക്കു മേലുള്ള സ്വാധീനം ഒരേപോലെ ആകുന്നേയില്ല. ഭൂമിയുടെ ആശ്രയ കേന്ദ്രമായ സൂര്യനും, ഭൂമിയെ ആശ്രയിക്കുന്ന ചന്ദ്രനും ഭൂമിയെ സ്വാധീനിക്കുന്നതുപോലെ മറ്റ് ഗ്രഹങ്ങളൊന്നും നിരന്തമായും കൃത്യതയോടെയും ഭൂമിയെ സ്വാധീനിച്ചു പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയില്ല.
നമ്മെ ജനിപ്പിക്കാനും വളര്‍ത്താനും മരണത്തിലെത്തിക്കാനും, സൂര്യനും ഭൂമിയും ചന്ദ്രനും ഒക്കെയല്ലാതെ മറ്റെന്തെങ്കിലും ഒരു പ്രാപഞ്ചികമായ പ്രവര്‍ത്തനത്തെക്കുറിച്ച് സങ്കല്പിക്കാന് പോലും ഇല്ലാതിരിക്കുന്നവല്ലൊ.. നമ്മുടെ ഭക്ഷിക്കലും വിസര്‍ജ്ജനവും ഇഷ്ടവും അനിഷ്ടവും എന്നുവേണ്ട, രൂപമായും പ്രവര്‍ത്തനമായും ബോധ്യപ്പെടാനാവുന്നതും ഭാവനയായും വിചാരമായും ആവതുപോലെ കൊണ്ടുനടക്കാനുണ്ടാവുന്നതും എല്ലാം മുന്‍പറഞ്ഞ ജ്യോതിര്ഗോളങ്ങളില് നിന്നും പ്രാപഞ്ചികമായ മറ്റ് അവസ്ഥകളില്‍ നിന്നും ലഭ്യമാകുന്ന വിശേഷങ്ങള്‍ മാത്രമാണ്. ഇക്കാരണത്താല്‍, നമ്മില്‍ എന്തെല്ലാമുണ്ടോ അതെല്ലാം സൗരയൂഥവും മറ്റ് പ്രാപഞ്ചിക വിശേഷങ്ങളുമായ ഒരവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് പ്രയാസമൊന്നുമില്ലാതെ ഗ്രഹിക്കാനാവുന്നു. ഈ ബോധ്യത്തിലൂടെ എത്തിച്ചേരാന്‍ കഴിയുന്നത് നമ്മള് ഓരോ ജീവനും സൂക്ഷ്മമായി അത്രത്തോളമായ ഓരോ പ്രാപഞ്ചിക നിക്ഷിപ്താവസ്ഥകള് തന്നെയെന്നാണ്..
മുന്‍പറഞ്ഞ ബോധ്യത്തില്‍ എത്താനായാല് ജീവോല്പത്തി സംഭവിച്ച സൗരയൂഥ പദ്ധതിയും പ്രവര്‍ത്തനവും ഗ്രഹിക്കുന്നതിന് എളുപ്പമായിത്തീരുന്നു. നാം ജനിച്ചു ജീവിക്കുന്ന ഭൂമിയും, നിരന്തരമായി ഭൂമിയെ ആകര്‍ഷിച്ചു ഭ്രമിച്ച് പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രദാനം ചെയ്ത് നിലകൊള്ളുന്ന ചന്ദ്രനും ചേര്‍ന്നു പ്രവര്‍ത്തിച്ച് സംഭവിക്കുന്ന ആ പ്രാപഞ്ചികമായ മാതൃ-പിതൃ ബന്ധമാണ് ജീവനായി നാം ഇവിടെ പ്രത്യക്ഷമാകുന്നതിന് കാരണമായിത്തീര്‍ന്നത്.
ജീവോല്പത്തി (നമ്മെക്കുറിച്ച് നമ്മള് അറിയുന്നത് എന്ന പുസ്തകത്തില്‍ നിന്ന്)
ചന്ദ്രന്റെ, കറുത്തവാവില്‍ തുടങ്ങി വെളുത്തവാവില്‍ അവസാനിക്കുന്ന പ്രകാശ പൂര്‍ണ്ണതക്കായുള്ള ഭ്രമണത്തിന്റെ ഘട്ടം നിരീക്ഷിച്ചാല്‍ കാണാനാവുന്നത്, ഇല്ലായ്മയില്‍ നിന്നു തുടങ്ങി പൂര്‍ണ്ണതയില്‍ എത്തുന്ന ഒരു പ്രവര്‍ത്തനമാണ്. കറുത്തവാവിലും ചന്ദ്രന് എന്നത് ഉള്ളതു തന്നെയും ഭൂമിയില്‍ നിന്ന് മറ്റെല്ലായ്പോഴും എന്നതുപോലെ കൃത്യമായ അകലം പ്രാപിച്ചു നില്‍ക്കുന്നതുമാണ്. എങ്കിലും, വെളുത്തവാവും കറുത്തവാവും ഭൂമിയെ വ്യത്യസ്തമായ രീതിയില്‍ സ്വാധീനിച്ചുമിരിക്കുന്നു. ഭൂമിക്കു മേലുള്ള ശക്തമായ ഈ സ്വാധീനം മണ്ണിനെയും വെള്ളത്തെയും വായുവിനെയുമെല്ലാം അനുഭവത്തിന്റേതും പ്രവര്ത്തനത്തിന്റേതുമായ പുതിയൊരു അവസ്ഥയിലേക്ക് പരിണമിപ്പിക്കുക തന്നെ ചെയ്യുന്നുവെന്ന് വിചാരിക്കാന്‍ കഴിയുന്നു. ഇവ്വിധത്തില്‍, ചന്ദ്രന്റെയും മറ്റ് പ്രാപഞ്ചിക ഗോളങ്ങളുടെയും ഭൂമിക്കു മേലുള്ള സ്വാധീനം നിമിത്തമായി പരിണമിച്ചു വന്ന ജലവും മണ്ണും വായുവും ഒക്കെത്തന്നെയാണ് ജീവരൂപമെന്ന സ്വതന്ത്ര ചലനമായിത്തീര്ന്ന സംഗതിയും. ഇങ്ങനെയുള്ള ഊര്‍ജ്ജ സംഗമമാകുന്ന, പ്രവര്‍ത്തനത്തിനു യോജ്യമായ രൂപത്തെ ആകര്‍ഷണം നിമിത്തമുള്ള ഭ്രമണവും പ്രകാശവും വഴി ജീവനാക്കി സൃഷ്ടിച്ചെടുക്കുന്നതില്‍ മുഖ്യമായ പങ്ക് വഹിക്കുക എന്നതാണ് സൗരയൂഥത്തില്‍ ചന്ദ്രന്റെ ധര്‍മ്മം.
സൂര്യപ്രകാശത്തിന്റെ നിരന്തരമായ പ്രവര്‍ത്തനം അനേകമനേകം കാലങ്ങളിലൂടെ ചാന്ദ്രപ്രതലത്തില്‍ ഊര്‍ജ്ജ പരിണാമത്തിന്റേതായ വിവരണാതീത സംഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ക്രമം തെറ്റാത്ത പ്രവര്‍ത്തനംകൊണ്ടും നിരന്തരമായ പ്രകാശ വര്‍ഷത്താലും സൂര്യനില്‍ നിന്നുള്ള നിശ്ചിത ദൂരത്തിന്റെ ആനുപാതികമായ താപനിലയാലും പാകപ്പെട്ട ചന്ദ്രനിലെ പൊടി ഊര്ജ്ജവൈവിധ്യങ്ങളുടെ ഒരു വിശേഷാല്‍ സംഭരിതാവസ്ഥ എന്നതായിത്തീരുകയും ചെയ്തിട്ടുണ്ട്. ദൃശ്യാവസ്ഥ പ്രാപിച്ച ഈ വിശേഷാല്‍ സംഭരിതോര്ജ്ജം യോജ്യമായ അന്തരീക്ഷവും കാലാവസ്ഥയും ജൈവാനുകൂല ഭൗമയോഗ്യതയും ഉള്ളിടത്ത് വീണാല്‍ തീര്‍ത്തും പ്രവര്‍ത്തനരഹിതമായ നിര്ജ്ജീവാവസ്ഥയായിട്ട് കിടക്കുകയില്ല. ചലിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും ശേഷിയുള്ള ഊര്ജ്ജവൈവിധ്യങ്ങളുടെ ഈ സംഭരിതാവസ്ഥ സൃഷ്ടിക്ക് യോജ്യമായ കാരണശേഷിയായി പ്രവര്‍ത്തിക്കുന്നു.
ആകര്ഷണശേഷിയും ഭ്രമണമെന്ന ചലനശേഷിയും ഉള്‍പ്പടെ പ്രകാശോര്‍ജ്ജത്തിന്റെ സംഭരിത ഗുണമായ ചാന്ദ്രധൂളി ഭൗമഗുണത്തിന്റ ഏതുതരം സവിശേഷതകളെക്കാളും വ്യത്യസ്തമായ ഒരു ഊര്‍ജ്ജ സംഭരിതാവസ്ഥാ സൂക്ഷ്മതയാണ്. ഇങ്ങനെ, ഏതു തരത്തിലുള്ള ഭൗമ വിശേഷത്തെക്കാളും ഭിന്നവും നിരന്തരം ആകര്‍ഷിക്കുന്നതുമായ ഒരു സംഭരിതാവസ്ഥക്ക് ഭൂമിയുടെ ഭൂരിപക്ഷം ഭാഗങ്ങളിലും യാതൊരു പരിവര്‍ത്തനവും വരുത്തുവാന്‍ സാധിക്കുകയില്ലായിരിക്കാം. എന്നാല്‍, മഴയും കാറ്റും മറ്റ് പ്രകൃതികോപങ്ങളും ഒക്കെ നിമിത്തം കാലപ്പഴക്കം കൊണ്ട് ഭൗമപ്രതലത്തില്‍ ഊറിക്കൂടിയ ധാതു-ലവണങ്ങളുടെ സത്താ സ്വഭാവമുള്ളതും ജൈവാനുകൂല യോഗ്യതയുള്ളതുമായ അവസ്ഥയില്‍ ചാന്ദ്രതരമായ ഊര്ജ്ജസംഭരിതാവസ്ഥയായി പരിണമിച്ച പൊടി പതിച്ചാല്‍ അവിടെ ജിവോല്പത്തി എന്ന ഊര്ജ്ജവൈവിധ്യ സംഗമത്തിന്റെ ആദിസ്പന്ദനം നടക്കാതിരിക്കില്ല. ഇത് പരസ്പരം ആകര്‍ഷിച്ചു നില്ക്കുന്നതും, ചലനാത്മകമായ ഗുണവിശേഷ വ്യത്യസ്തതകള്‍ ഉള്ളതുമായ രണ്ട് ജ്യോതിര്‍ഗോളങ്ങളുടെ അനേക കാലത്തെ പ്രവര്‍ത്തനം നിമിത്തമുള്ള ഊര്‍ജ്ജ നിക്ഷേപങ്ങളുടെ സംഗമമാവുന്നു എന്നതുകൊണ്ട് ഈ സംഗമത്തിന് വിശിഷ്ഠവും ചലനാത്മകവുമായ പുതിയതൊന്നിനെ ജനിപ്പിക്കാതിരിക്കാന്‍ കഴിയാത്തതായി വരുന്നു.
മഴയിലൂടെ ഊറിയൊലിച്ചും നിരന്തരം പ്രകാശമേറ്റും സമുദ്രത്തില്‍ എത്തിച്ചേര്‍ന്ന് ഒന്നായി സംഗമിച്ച ധാതു-ലവണ വിഷശേഷങ്ങളില് നിരന്തരമായി പ്രവര്‍ത്തിച്ചിരുന്ന വായൂ തീര്‍ച്ചയായും ഈ ജൈവയോജ്യമായ സംഭരിതാവസ്ഥയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുമിരുന്നു. ഭൂമിയുടെ സംഭരിതോര്ജ്ജത്തില് നിന്ന് ഊറിക്കൂടിയ ഈ ജൈവാനുകൂല പ്രത്യേകതയ്ക്ക് നിരന്തരമായി സംഭവിച്ച വായുവിന്റെ പ്രവര്‍ത്തനം നിമിത്തം അനുകൂല സാഹചര്യത്തില്‍ ജീവനായി പരിണമിക്കാന്‍ ശേഷിയുണ്ടാവുന്നു. ഈ അവസ്ഥ പ്രാപിച്ചു നില്ക്കുന്ന ഭൗമഗുണത്തില്, ഭൂമിയെ നിരന്തരം ആകര്‍ഷിച്ചു നില്ക്കുന്ന പ്രകാശ സംഭരിതമായ ചാന്ദ്രധൂളി പതിക്കുന്നുവെങ്കില്‍, ഇവ ഒന്നായിച്ചേര്‍ന്നു സംഭവിക്കുന്ന പ്രവര്‍ത്തനം എന്നേക്കും, ഭൗമ-ചന്ദ്രന്മാരുടെ ആകര്‍ഷണ സ്വഭാവത്തിന്റെയും വെള്ളത്തിന്റെയും വായുവിന്റെയും മണ്ണിന്റെയും ഗുണമാര്ന്ന് ജീവന് എന്ന പ്രവര്‍ത്തന ക്ഷമതയായിത്തീരുന്നു.
ജീവജാലങ്ങളുടെ ശരീരവും പ്രവര്‍ത്തനവും സ്വഭാവവും പരിശോധിച്ചാല്‍ ഈ തത്ത്വം മനസിലാക്കാവുന്നതാണ്. ജീവന് ഏറെ പരിണമിച്ച് മനുഷ്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴും, നിരന്തരമായി ആദിരൂപത്തില്‍ പതിച്ച വായൂ പ്രവാഹത്തിന്റെ തുടര്‍ച്ചയും തനിയാവര്‍ത്തനത്തിലൂടെ വന്ന പരിണതിയുമായ ശ്വാസോഛ്വാസ ഗതി നിര്‍ബ്ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെയും ഇതര ജീവികളുടെയും ശരീരത്തിലെ ജലത്തിന്റെ പ്രവര്‍ത്തനവും ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ്. ശരീരമാകട്ടെ, ഭൗമസത്താ വൈവിധ്യങ്ങളുടെ സംഗമവുമായി കാണാനാവുന്നു. ജലം, വായൂ, പ്രകാശം തുടങ്ങി അടിസ്ഥാന ഘടകങ്ങള്‍ കൃത്യമായി ലഭിക്കാതെ വന്നാല്‍ ജീവി എന്നത് പ്രവൃത്തി തുടരാനാകാതെ നിശ്ചലവും പിന്നെ നശിക്കുന്നതുമായിത്തീര്ന്ന് ഭൂമിയില്‍ ലയിച്ചു പോവുകയും ജീവന് വായുവില്‍ ലയിച്ച് സൂക്ഷ്മാവസ്ഥയായിത്തീരുകയും ചെയ്യുന്നു.
ജീവപ്രവര്ത്തനത്തിന്റെ അടിസ്ഥാന ഊര്‍ജ്ജ സ്രോതസ്സുകളായ ജലത്തിന്റെയും വായുവിന്റെയും പ്രകാശത്തിന്റെയുമൊക്കെ ലഭ്യതയുടെ കൃത്യത എന്നതാകട്ടെ, നൈരന്തര്യവും കൃത്യതയുമുള്ള ജ്യോതിര്‍ഗോളങ്ങളുടെ ആകര്‍ഷണ വിശേഷത്താലും തത്ഫലമായ പ്രവര്‍ത്തനങ്ങളാലും സംഭവിക്കുന്നതുമാണ്. അതുകൊണ്ടു തന്നെ ജ്യോതിര്‍ഗോളങ്ങളുടെ ഈ കൃത്യതയുള്ള ആകര്‍ഷണ വിശേഷങ്ങളും ജീവന് എന്ന ശരീരത്തോടെയുള്ള പ്രവര്‍ത്തനക്ഷമതയില്‍ സൂക്ഷ്മമായി നിലനില്ക്കുകയും ചെയ്യുന്നു. ജ്യോതിര്‍ഗോളങ്ങളുടെ പ്രവര്ത്തനത്തിനൊത്ത ശരീരം എന്നതുപോലെ സൂക്ഷ്മമായ ആകര്‍ഷണശക്തിയും ജീവന്റെ അടിസ്ഥാന കാരണ ശക്തിയാകുന്നുവെന്നും അത് ജീവനില്‍ നിലകൊള്ളുന്നുവെന്നും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവുന്നില്ല.
സൗരയൂഥത്തെ സംബന്ധിച്ചിടത്തോളം, സൂര്യന് ജീവപ്രവര്ത്തനങ്ങളുടെ ഊര്‍ജ്ജവും കാരണവുമായി നിലകൊള്ളുന്നു. വെളിച്ചം എന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ജീവവൈഭവങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള അറിവുമാണ്. സൃഷ്ടി എന്ന പ്രാരംഭ കര്‍മ്മത്തില്‍ ആണ്സ്വഭാവത്തെ പ്രകടിപ്പിക്കുന്ന സൗരയൂഥ വൈഭവമാണ് ചന്ദ്രന്. ഭൂമിയാകട്ടെ, കാല്പനിക സങ്കല്പം പറയുന്ന, സ്ത്രൈണ-മാതൃ ഭാവത്തിന്റെ പ്രാപഞ്ചിക ശേഷിയുമായിരുന്ന് സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയായി പുതുജീവനെ സൗരയൂഥത്തിന്റെ മൊത്തമായ പദ്ധതി നിമത്തമായി ജനിപ്പിക്കുകയും ചെയ്യുന്നു. ആണ് പെണ്ണിനെ സംബന്ധിച്ച് സൃഷ്ടിപ്രദായകമായ ഊര്ജ്ജമാകുന്നുവെങ്കിലും, അവനില്‍ നിന്ന് മറ്റൊരു ജീവി നേരിട്ട് ജനിക്കുന്നതായി കാണുന്നില്ല. ആണ് സ്വഭാവത്തിലുള്ള ജീവി മറ്റൊരു ജീവിക്ക് ജന്മകാരണമായി പ്രവര്‍ത്തിക്കുന്നുവെന്നുള്ള അറിവ് അനുഭവത്തിന്റെ മാത്രം അറിവായി നിലകൊള്ളുന്നു. ഇതുപോലെ തന്നെയാണ് ജീവ നിര്‍മ്മാണത്തിനായി ചന്ദ്രനും പ്രവര്‍ത്തിക്കുന്നത്. ചന്ദ്രനില്‍ നിന്ന് സൃഷ്ടിപ്രദായകമായി എന്തെങ്കിലും സംഭവിക്കുന്നത് നേരിട്ട് കാണാനാവാത്തതുകൊണ്ട് ജീവോല്പത്തിയിലെ ചന്ദ്രന്റെ പങ്ക് മനസിലാക്കാന്‍ മനുഷ്യന് കഴിയാതെ പോകുന്നു. പെണ്ജീവിയാകട്ടെ, അവളില്‍ നിന്ന് ജീവരൂപത്തെ നേരിട്ട് ജനിപ്പിക്കുന്നതുകൊണ്ട് സൃഷ്ടിയവകാശത്തിന്റെ പ്രത്യക്ഷത അവളുടേതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. സൃഷ്ടികര്‍മ്മത്തില്‍ ചന്ദ്രന്റെയും ഭൂമിയുടെയും കാര്യത്തില്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്.
ജനിപ്പിക്കുന്നവനായി സൗരയൂഥത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ചന്ദ്രന്റെ ഏതുതരം പ്രവൃത്തിയാണ് ഭൂമിയില്‍ ജീവോല്‍പാദനത്തിന് അനുയോജ്യമാകുന്നതെന്ന് കാണേണ്ടതുണ്ട്. ഭൂമിക്ക് ചന്ദ്രന് അതിന്റെ പ്രവര്‍ത്തനംകൊണ്ട് കറുത്തപക്ഷവും വെളുത്തപക്ഷവുമായി അനുഭവപ്പെടുന്നു. വെളുത്തവാവു ദിവസം ചന്ദ്രന് രൂപ പൂര്‍ണ്ണതയോടും ശോഭയോടും അതിന്റെ ആകര്‍ഷണമെന്ന പരമാവധി സ്വാധീനം ഭൂമിക്കു മേല്‍ ചെലുത്തുന്നു. ഊര്‍ജ്ജസ്രോതസ്സായ സൂര്യനും, ചന്ദ്രനും, ഭൂമിയും ഒത്തു ചേര്‍ന്ന്, രാപ്പകല്‍ എത്തിനില്‍ക്കുന്ന പ്രകാശപൂര്ണ്ണതയോടും പരമാവധിയിലെത്തുന്ന ആകര്ഷണത്തോടും പ്രവര്‍ത്തിക്കുന്ന അനുഭവമാണ് വെളുത്ത വാവിനുള്ളത്. പ്രപഞ്ചത്തിന്റെ സൂക്ഷ്മോര്ജ്ജമായ ആകര്‍ഷണ ശക്തിയുടെയും പ്രാകാശത്തിന്റെയും ഭൗമ നിക്ഷേപ സത്തകളുടെയും പരിപൂര്‍ണ്ണവും സംശുദ്ധവുമായ സംഗമാവസ്ഥയില്‍ മാത്രമേ ജീവനിര്മ്മാണം എന്ന പ്രകൃതീപരിണാമം സംഭവിക്കുന്നുള്ളൂ. ഇതുവഴി ജീവന് എന്നത് പ്രകൃതിയില്‍ ലഭ്യമാകുന്ന സകല ഊര്‍ജ്ജ വിശേഷങ്ങളുടെയും സംഗമ സത്തയുമാകുന്നു. ഇക്കാരണത്താല്‍ വിത്തില്‍ ചെടി എന്നതുപോലെ ജീവനില്‍ പ്രപഞ്ചത്തിന്റെ അതിസൂക്ഷ്മാംശങ്ങള്‍ അപ്പാടെ ഒളിച്ചിരിക്കുന്നതായി ബോധ്യപ്പെടാനുമാവുന്നു.
വെളുത്തവാവിനോട് അടുത്ത ദിവസങ്ങളില്‍ ചന്ദ്രന് നല്ലതുപോലെ പ്രകാശമുള്ളതാകുന്നുവെങ്കിലും പ്രവര്‍ത്തനമെന്ന നിലയില്‍ പൂര്‍ണ്ണതയുള്ളതാകുന്നില്ല. ഈ അപൂര്‍ണ്ണമായ തിളക്കവും പ്രത്യക്ഷതയും ആണ്‍പെണ്‍ സംഗമത്തിലെ, സൃഷ്ടിക്കുതകുന്ന ആണിന്റെ ഊര്ജ്ജവര്ഷത്തിന്റേതല്ലാത്ത ആഗ്രഹങ്ങള്‍ക്കും സംഗമത്തിനുമൊക്കെ തുല്യമാകുന്നു. പൗര്ണ്ണമിരാത്രിയാകട്ടെ പ്രവര്‍ത്തന പൂര്‍ണ്ണത നിമിത്തം ആണിന്റെ ഊര്ജ്ജവര്ഷത്തിന്റേതായ നിമിഷത്തിനു തുല്യമായ സൗരയൂഥ പദ്ധതിയുമാകുന്നു.
സൃഷ്ടിപ്രദായകമായ ഊര്‍ജ്ജമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശത്തിന്റെ പൂര്‍ണ്ണതയും, ആകര്‍ഷണ ശക്തിയും പൗര്‍ണ്ണമി ദിവസം പോലെ മറ്റേതെങ്കിലും അവസരത്തില്‍ ഭൂമിക്ക് ലഭ്യമാകുന്നില്ല. അതിശക്തമായിത്തീരുന്ന ആകര്‍ഷണവും പ്രകാശവും ചന്ദ്രന്റെ പ്രവര്‍ത്തനക്ഷമതയും പരിണാമം പ്രാപിച്ച പൂര്‍ണ്ണതയായി, പെണ്‍ജീവികള്‍ക്ക് ആണ്‍ജീവികളില്‍ നിന്ന് സൃഷ്ടി പ്രദായകമായി ഊര്‍ജ്ജം ലഭ്യമാകുന്ന അവസ്ഥയെ കണ്ടെത്താനാകുന്നു.
സുര്യ ചന്ദ്രന്മാരുടെ ആകര്‍ഷണ ശക്തിയാലും പ്രകാശോജ്വലതയുടെ പ്രവര്ത്തനത്താലുമല്ലാതെ, ജൈവനുകൂല ഭൗമപ്രത്യേകത എത്രതന്നെ ശക്തമായിരുന്നാലും, ഭൂമിയില്‍ ആദിജീവനെ ജനിപ്പിക്കാന്‍ ഭൂമിക്കോ മറ്റേതെങ്കിലും ശക്തിക്കോ ആകുന്നില്ല. പൗര്‍ണ്ണമി രാത്രിയില്‍, ഭൂമിയിലെ ജൈവാനുകൂല പ്രത്യേകതയില്‍ പതിക്കുന്ന ചാന്ദ്രധൂളിയെ, കാലദൈര്‍ഘ്യം കൊണ്ട് പാകപ്പെട്ട സ്ഥൂലരൂപമില്ലാത്ത പ്രകാശത്തിന്റെ സ്ഥൂലാവസ്ഥയായി പരിഗണിക്കാനാവുന്നു. സൃഷ്ടിക്കുള്ള സംഗമരൂപമായി നില്ക്കുന്ന ചന്ദ്രനിലെ പൊടി, സൗരയൂഥത്തിന്റെ ആകര്‍ഷണ ശക്തിവിശേഷവും പ്രകാശത്തിന്റെ പ്രത്യേക തരത്തിലുള്ള സംഭരിതാവസ്ഥയുമാകുന്നു എന്നാണ് ഇപ്രകാരം കാണാന്‍ കഴിയുക. ചന്ദ്രന്, ഇവിടെ രൂപവും ശക്തിയുമുള്ള ആണ്‍ജീവിയുടെ പ്രത്യുല്പാദനേന്ദ്രിയത്തിന്റെ സ്ഥാനത്തു നിന്നുകൊണ്ട് സൗരയൂഥ പദ്ധതി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതേപോലെ തന്നെ സകലവിധ ഊര്‍ജ്ജത്തിന്റെയും കാരണവും സ്രോതസ്സും സൂര്യനാണെങ്കിലും, സൂര്യന് നേരിട്ട് സൃഷ്ടികര്‍മ്മം നടത്താന്‍ ശേഷിയില്ലാത്തതാകുന്നു.
സൂര്യപ്രകാശ സംസര്‍ഗ്ഗത്താല്‍ പാകപ്പട്ട ചന്ദ്രനിലെ പൊടി ഭൂമിയില്‍ എവിടെ പതിച്ചാലും ജീവനായി പരിണമിക്കുന്നേയില്ല. ഭൂമിയില്‍ എവിടെയും ജീവികള്‍ക്ക് വളരാനാവുമെങ്കിലും അവ ജനിക്കുന്നത് നിശ്ചിതമായ അവസ്ഥയിലും സാഹചര്യത്തിലും മാത്രമേ ആകുന്നുള്ളൂ എന്നതാണ് ഇതിന്റെ കാരണം. സൃഷ്ടികാരണമായ പുരുഷോര്ജ്ജം സൃഷ്ടിക്കനുയോജ്യമായ സ്ത്രൈണോര്ജ്ജവുമായി സംഗമിച്ചാല്‍ മാത്രം സംഭവിക്കുന്നതാണ് ജീവന് എന്ന പ്രവര്‍ത്തന വിശേഷത്തിന്റെ ഉല്പത്തി എന്നതു പോലെയാണ് ചന്ദ്രനിലെ പൊടി ഭൂമിയില്‍ ജീവന് ജന്മം കൊടുക്കുന്നതും. ജീവി പെണ്ഗുണം ഉള്ളത് ആയതുകൊണ്ടു മാത്രം ശരീരത്തിന്റെ ഏതു ഭാഗവും ആണില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ജീവനെ വളര്‍ത്തുന്നതിന് യോഗ്യമാകുന്നില്ല. ഇങ്ങനെ ജീവികളിലെ ആണ്-പെണ് സംഗമത്തിലും വളര്‍ച്ചയിലും എന്നുവേണ്ട, എല്ലാറ്റിലും കാണപ്പെടുന്ന സ്വഭാവ പ്രത്യേകതകള്‍ എല്ലാം ഭൂമിയില്‍ ജീവന് ജനിക്കുന്നതിനും വളരുന്നതിനുമായി പ്രകൃതി എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചുവോ അതിന്റെയെല്ലാം തനിയാവര്ത്തനമാകുന്നുവെന്ന് കൂടുതല്‍ ശ്രദ്ധിക്കും തോറും ബോധ്യപ്പെടുന്നതാണ്.
ചന്ദ്രന്റെ കറുത്തവാവില്‍ തുടങ്ങി വെളുത്തവാവു വരെ എത്തി അവസാനിക്കുന്ന ഒരു പ്രകാശ പൂര്‍ണ്ണ ഭ്രമണത്തിന്റെ ഘട്ടം നിരീക്ഷിച്ചാല്‍ കാണാനാവുക, ഇല്ലായ്മയില്‍ നിന്നു തുടങ്ങി പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രക്രിയയാണ്. കറുത്തവാവിലും ചന്ദ്രന് ഉള്ളതു തന്നെയും ഭൂമിയില്‍ നിന്ന് മറ്റെല്ലായ്പോഴും എന്നതുപോലെ അകലം പാലിച്ചു നില്‍ക്കുന്നതുമാണ്. ഈ അവസ്ഥ, ജീവിക്ക് ജന്മമൊരുക്കുന്ന, പെണ്ഗുണത്തിനു തുല്യമായ സൗരയൂഥ വൈഭവമാകുന്ന ഭൂമിയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവും എന്നാല്‍ അനുഭവവേദ്യമല്ലാത്ത അകലത്തിലോ അവസ്ഥയിലൊ ഉള്ളതുമായ സങ്കല്പമായിട്ട് വരുന്നു. ഓരോ ഭ്രമണം മുഖാന്തിരവും ക്രമേണ സംഭവിക്കുന്ന തെളിച്ചമെന്നത് ജീവികളിലെ ഇണയെ കണ്ടെത്തുന്നതിനുള്ള വ്യഗ്രതയും, സ്വാഭാവികമായും സംഗമ പൂര്‍ത്തീകരണത്തില്‍ എത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപ്രവര്ത്തനവുമായി പ്രകൃതിയില്‍ നിലകൊള്ളുന്നു. ഇങ്ങനെ സംഭവിക്കുന്ന ഒരു പ്രവര്‍ത്തന പൂര്‍ത്തീകരണമായ വെളുത്തവാവിനു ശേഷം, വീണ്ടും സംഭവിക്കുന്ന കറുത്തപക്ഷം സംഗമപൂര്ത്തീകരണത്തിനു ശേഷമുള്ള ജീവികളുടെ താത്പര്യക്കുറവുകളെയും അവസ്ഥയെയും കാണിക്കുന്ന പ്രാപഞ്ചിക നിയമവുമായിട്ടിരിക്കുന്നു.
അവയവങ്ങള്‍- പ്രകൃതിയുടെ പ്രാതിനിധ്യം (അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
ശരീരത്തിലെ അവയവങ്ങള്‍ ഓരോന്നും പ്രകൃതിയെ സൂക്ഷ്മമായി ജീവനില്‍ നിക്ഷിപ്തമാക്കുന്ന ഉപാധികളും ഊര്‍ജ്ജ വൈവിധ്യങ്ങളുടെ പ്രാതിനിധ്യ രൂപങ്ങളുമാണ്.
പ്രകൃതിയിലെ എല്ലാ വസ്തുക്കളുടെയും, കാരണമായിരിക്കുന്ന ഊര്ജ്ജവൈവിധ്യങ്ങളുടെയും പ്രാതിനിധ്യമായി അവയവങ്ങള്‍ രൂപപ്പടുകയും വളര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കണ്ണ്, ചെവി, മൂക്ക്, ഹൃദയം, ശ്വാസകോശം, നാവ് എന്നിങ്ങനെ പ്രത്യക്ഷത്തില്‍ത്തന്നെ പ്രവര്‍ത്തനരീതി വ്യക്തമാകുന്ന അവയവങ്ങളെ നിരീക്ഷിച്ചാല്‍, പ്രകൃതിയെന്ന നിക്ഷിപ്തോര്ജ്ജ വൈവിധ്യങ്ങളുടെ പ്രാതിനിധ്യം പേറി നില്‍ക്കുന്നുവെന്ന് വ്യക്തമാകുന്നതാണ്.
കണ്ണ്
പ്രകൃതിയായി നിലകൊള്ളുന്ന ഊര്ജ്ജവൈവിധ്യങ്ങളുടെ രൂപതരമായ വ്യത്യസ്തതകളെ ജീവനില്‍ എത്തിക്കുന്ന പ്രകാശത്തിന്റെ പ്രാതിനിധ്യമാണ് കണ്ണ്.
കണ്ണ് എന്ന പ്രവര്ത്തനോപാധിയിലൂടെ പ്രകാശത്തെ ജീവനില്‍ എത്തിക്കുക വഴി പ്രവര്‍ത്തന നിരതമായ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളുടെ അപാര മണ്ഡലമാണ് ജീവന് തുറന്നു കിട്ടുന്നത്. രൂപമായി പ്രവര്ത്തിച്ചുനില്ക്കുന്ന, കാഴ്ചയില്‍ വരുന്ന വസ്തുക്കള്‍ ജീവനില്‍ സങ്കല്പതരമായി നിക്ഷിപ്തമാവുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ഒരിക്കല്‍ കണ്ടതിനെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയാന്‍ ജീവന് സാധിക്കുകയും പുതിയതിനെയും വ്യത്യസ്തതയുള്ളതിനെയും പുതുമയും വ്യത്യസ്തതയുമായി അറിയുന്നതിന് കഴിയുകയും ചെയ്യുന്നു. ഇതിലൂടെ പ്രപഞ്ചത്തിന്റെ രൂപതരമായും പ്രവര്ത്തനതരമായുമുള്ള വൈവിധ്യങ്ങള്‍ ജീവനില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നു. പ്രകാശമെന്ന മാധ്യമമുപയോഗിച്ച് ഇപ്രകാരം സാക്ഷാത്കരിക്കുക വഴി കണ്ണ് ജീവരൂപത്തില്‍ പ്രാകാശത്തിന്റെ പ്രാതിനിധ്യമായി നിലകൊള്ളുന്നു.
ചെവി
പ്രകൃതിയില്‍ സംഭവിക്കുന്ന ചലനങ്ങളെ ശബ് ദങ്ങളായി നിരന്തരം ജീവനില്‍ എത്തിക്കുന്ന ചെവി ജീവരൂപത്തിലെ ശബ് ദത്തിന്റെ പ്രതീകമാണ്.
പ്രകൃതിയില്‍ ഉണ്ടാവുന്ന ചലനത്തിന്റെ അനന്തര ഫലങ്ങള്‍ വായുവില്‍ അലകളായി സഞ്ചരിക്കുമ്പോള്‍ ശബ് ദമായി ഉള്‍ക്കൊള്ളാനാണ് ജീവന് സാധ്യമാകുന്നത്. ശബ് ദ വൈവിധ്യമെന്ന അനുഭവം ചലനങ്ങളുടെ വ്യത്യസ്തതകളെ തിരിച്ചറിയേണ്ടുന്ന വിധമുള്ള ജീവന്റെ അനിവാര്യതയില്‍ നിന്ന് സംഭവിക്കുന്നതുമാണ്. ഓരോ ചലനത്തെയും അതുള്‍ക്കൊള്ളുന്ന വ്യത്യസ്തതയോടെ തിരിച്ചറിയുന്നതിലൂടെ ജീവന് കാണതരമായ പൂര്‍ണ്ണതയിലേക്ക് വളരുന്നുവെന്ന് മനസിലാക്കാം.
ശ്വാസകോശം
പ്രകൃതിയിലെ നിരന്തര ലഭ്യതയാകുന്ന വായുവെന്ന ഊര്‍ജ്ജത്തെ ജീവനിലെത്തിക്കുന്ന ശ്വാസകോശം ജീവശരീരത്തിലെ വായുവിന്റെ പ്രാതിനിധ്യമാണ്.
പരിണാമത്തിലൂടെ വികസിതമായ ശരീരപ്രവര്ത്തനമുള്ള ഒരു ജീവിയുടെ ശ്വസനവ്യവസ്ഥയെ നിരീക്ഷിച്ചാല്‍ വായുവെന്ന, പ്രകൃതിയിലെ നിക്ഷിപ്ത ഗുണത്തെ ജീവനില്‍ എത്തിക്കുന്ന പ്രാതിനിധ്യമായി ശ്വാസകോശം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാകുന്നതാണ്. അണുരൂപമായി ഭൗമോപരിതലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ജീവന് നിരന്തരമായ അനുഭവമായിരുന്നു വായു. ചലനതരവും സങ്കല്പതരവുമായി പ്രകൃതിയുടെ നിരവധിയായ വൈവിധ്യങ്ങള്‍ നിക്ഷിപ്തമായിക്കൊണ്ടിരിക്കുന്ന വായുവെന്ന ഊര്ജ്ജവൈഭവത്തെ മുഴുവന്‍ സമയവും ഉപയുക്തമാക്കാനുള്ള ഉപാധിയായി ശ്വാസകോശം ജീവരൂപത്തിന്റെ ഭാഗമായി ഉത്ഭവിച്ചുവെന്ന് മനസിലാക്കാം. ശ്വാസകോശം വായുവിനെ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ, വായുവിന്റെയും വായുവില്‍ അടങ്ങിയിരിക്കുന്ന മറ്റ് സൂക്ഷ്മാവസ്ഥകളുടെയും കാരണത്തെ അതീവ സങ്കീര്‍ണ്ണ ശേഷിയായ ജീവന് ഉള്‍ക്കൊള്ളുന്നു. അതുവഴി ജീവന് ആ അവസ്ഥകളുടെ കാരണ നിക്ഷിപ്താവസ്ഥയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മൂക്ക്
ഗന്ധങ്ങളെ അവയുടെ വ്യത്യസ്തതകളോടെ ജീവനില്‍ എത്തിക്കുന്ന മൂക്ക് പ്രകൃതിയില്‍ സംഭവിക്കുന്ന രാസതരമായ മാറ്റങ്ങളുടെ പ്രാതിനിധ്യ രൂപമാണ്.
വായുവിന്റെ പ്രാതിനിധ്യമായി ജീവരൂപത്തില്‍ നിലകൊണ്ട് നിരന്തരം പ്രവര്‍ത്തിക്കുന്ന ശ്വാസകോശത്തിന്റെ ബാഹ്യാഗ്രമായും മൂക്ക് നിലകൊള്ളുന്നു.
പരിസരങ്ങളില്‍ സംഭവിക്കുന്ന, സ്പര്‍ശനവും ദര്‍ശനവും ശ്രവ്യവുമായി ബോധ്യപ്പെടാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷങ്ങളെയാണ് മൂക്ക് ഗന്ധങ്ങളായി ആവാഹിക്കുന്നതിലൂടെ ജീവന് തിരിച്ചറിയുന്നത്. ഈ തിരിച്ചറിവിലൂടെ ജീവന് ചുറ്റുപാടുകളിലെ രാസതരമായ വ്യതിയാനങ്ങളെ അതിന്റെ വ്യക്തതയോടെ കാരണതരമായി ഉള്‍ക്കൊള്ളുന്നതിന് സാധിക്കുകയും ചെയ്യുന്നു.
മൂക്ക് ഒരേസമയം ശ്വാസകോശ സഹായിയും, പ്രകൃതിയിലെ രാസമാറ്റങ്ങളെ ഗന്ധമായി തിരിച്ചറിയുന്ന സംവിധാനവുമായി രണ്ട് ധര്‍മ്മങ്ങളിലൂടെ പ്രകൃതിയെ പ്രതിനിധീകരിക്കുന്നു.
നാവ്
ജീവരൂപത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ ഭൗമ നിക്ഷിപ്താവസ്ഥകളുടെ യോഗ്യതയെ അവ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തതകളോടെ രുചിഭേദങ്ങളായി തിരിച്ചറിഞ്ഞ് ജീവനില്‍ എത്തിക്കുന്ന നാവ് അവ്വിധമായ ഊര്ജ്ജവൈവിധ്യങ്ങളുടെ ജീവരൂപത്തിലെ പ്രാതിനിധ്യമാണ്.
വായുവിലൂടെ ജീവനിലെത്തി നിക്ഷിപ്തമാകുന്ന കമ്പനങ്ങളെ ജീവന് ശബ് ദമായി പുനര്‍ജ്ജനിപ്പിക്കുമ്പോള്‍ ആ ശബ് ദത്തെ വ്യത്യസ്തതയുള്ള തരംഗങ്ങളാക്കി അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തനമായി, ശബ് ദത്തിന്റെ പ്രാതിനിധ്യമായും നാവ് നിലകൊള്ളുന്നു.
ഹൃദയം
പഞ്ചഭൂതങ്ങളായി വേര്‍തിരിച്ചു കാണാനാവുന്ന പ്രകൃതിയുടെ പ്രാതിനിധ്യമായി ജീവരൂപത്തില്‍ നിര്‍മ്മിതമാകുന്ന വ്യത്യസ്താവയവങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമായി ഹൃദയം പ്രവര്‍ത്തിക്കുന്നു. എല്ലാ അവയവങ്ങളുമായി രക്തപ്രവാഹത്തിലൂടെ നിരന്തരമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹൃദയം ഭൗമരൂപത്തിന്റെ മുഴുവനുമായ പ്രാതിനിധ്യമാണ്.
ജീവരൂപത്തില്‍ നിരവധിയായ അവയവങ്ങളും പ്രവര്‍ത്തനങ്ങളുടെ വിവരണാതീതമായ സങ്കീര്‍ണ്ണതകളും വ്യക്തമാണെങ്കിലും, ഹൃദയത്തിന്റെ സാന്നിധ്യം രക്തപ്രവാഹത്തിലൂടെ അവയിലെല്ലാം അനുനിമിഷം സംഭവിക്കാത്ത പക്ഷം ശരീരമെന്ന പ്രകൃതിയുടെ പ്രാതിനിധ്യത്തിന് പ്രവര്ത്തിച്ചുനില്ക്കാന് കഴിയുന്നതേയില്ല. ഇതിന്നര്‍ത്ഥം ജീവരൂപത്തിന്റെ മൊത്തമായ നിലനില്പ് സാധ്യമാകുന്നത് ഹൃദയകേന്ദ്രീകൃമായ രക്തചംക്രമണത്താല്‍ ആണെന്നാണ്. മാത്രവുമല്ല, എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്ന പ്രവര്‍ത്തനമായതുകൊണ്ട് ഹൃദയ കേന്ദ്രീകൃതമായ രക്തചംക്രമണ വ്യവസ്ഥയെ ജീവന്റെ മുഴുവനുമായ അടിസ്ഥാന രൂപം എന്നതുമായി പരിഗണിക്കാനാവുന്നു. പ്രകൃതിയുടെ പ്രാതിനിധ്യമായ മറ്റ് അവയവങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്റെ സഹായക കര്‍മ്മങ്ങളായി നിലകൊള്ളുന്നുവെന്നും മനസിലാക്കാനാവുന്നു.
ത്വക്ക്
പഞ്ചഭൂത പ്രാതിനിധ്യമായ മുഴുവന്‍ അവയവങ്ങളെയും ഉള്‍ക്കൊള്ളുന്ന ത്വക്ക് ജീവശരീരത്തിലെ ഭൗമോപരിതലത്തിന്റെ പ്രാതിനിധ്യമാണ്.
പ്രകാശം, ശബ് ദം, ഗന്ധം എന്നിങ്ങനെയുള്ള വിശേഷങ്ങളുടെ പ്രാതിനിധ്യമായ അവയവങ്ങള്‍ വിദൂരമായ സ്ഥിതിവിശേഷങ്ങളെ സംബന്ധിക്കുന്ന വിരങ്ങള്‍ ജീവനില്‍ എത്തിക്കുന്നു. ത്വക്ക് ജീവരൂപത്തില്‍ സംഭവിക്കുന്ന മറ്റ് രൂപങ്ങളുടെ സ്പര്‍ശനങ്ങളെ അവ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തതകളോടെ ജീവനില്‍ എത്തിക്കുന്ന സംവിധാനമായി പ്രവര്‍ത്തിച്ചു നില്ക്കുന്നു. ഊര്‍ജ്ജത്തിന്റെ വ്യത്യസ്ത ഭാവങ്ങളായ പ്രകാശവും ശബ് ദവും ഗന്ധവും വഴി ജീവന് ലഭ്യമാകുന്നത് പ്രകൃതിയുടെ വ്യത്യസ്ത അവസ്ഥകളെക്കുറിച്ചുള്ള അറിവുകളാണ്. എന്നാല്‍, ത്വക്കിന് സാധ്യമാകുന്ന സ്പര്‍ശനത്തിലൂടെ പ്രകൃതിയെ വ്യത്യസ്തമായ അനുഭവമായി ജീവന് പകര്‍ന്നു കിട്ടുകയാണ്.
അറിവും അനുഭവവും ഒരേപോലെ സാധ്യമാകുന്നതിലൂടെയാണ് ജീവന് ആയിത്തീരല്‍ എന്ന കാരണശേഷി പ്രാപിക്കുന്നതിന് കഴിയുന്നത്. പ്രകൃതിജമായ അനനുഭവങ്ങളെ സ്പര്ശനതരമായി ഉള്‍ക്കൊണ്ട്, ജീവനെ കാരണം എന്ന അവസ്ഥയിലേക്ക് പരിവര്ത്തിതമാക്കുന്നതിന് തക്കവണ്ണം പ്രവര്‍ത്തിച്ചു നില്ക്കുന്നു എന്നതാണ് ത്വക്കിന്റെ പ്രാധാന്യം.
സ്വനപേടകം
ചലനമായി തരംഗ രൂപത്തില്‍ പ്രകൃതിയില്‍ ലയിക്കുന്ന ശബ് ദം വായുവും ജലവും വഴി ജീവനിലെത്തി നിക്ഷിപ്തമാകുന്നതിലൂടെ ഉല്പത്തിയാകുന്ന സ്വനപേടകം പ്രകൃതിയിലെ ശബ് ദ വൈവിധ്യങ്ങളുടെ ജീവരൂപത്തിലെ പ്രാതിനിധ്യമാണ്.
ശബ് ദത്തെ ജനിപ്പിക്കാന്‍ കഴിവുള്ള അവയവമായ സ്വനപേടകത്തെ പഞ്ചഭൂതങ്ങളുടെ പ്രതിനിധ്യമായി പരിഗണിക്കാനാവില്ല. എന്നാല്‍, മുന്തിയ തരം ജീവികളെ സംബന്ധിച്ചിടത്തോളം അറിവാര്ജ്ജിക്കലിന് പ്രകാശതുല്യമായ പ്രാധാന്യം ശബ് ദത്തിനുമുണ്ട്.
മുതിര്‍ന്ന തരം ജീവികളിലെങ്കിലും ഈ അവയവം കണ്ഠത്തില് സ്ഥിതി ചെയ്യുന്നതായാണ് കാണാനാവുന്നത്. മൂക്കിലൂടെ ജീവരൂപത്തില്‍ പ്രവേശിക്കുന്ന വായൂ അതിശക്തിയോടെ വന്നു തട്ടുന്ന ഭാഗമായതുകൊണ്ടും, നാവിനും ചുണ്ടിനും താടിയെല്ലിനും ജീവന്റെ താല്പര്യങ്ങള്ക്ക് ഒത്തവണ്ണം ശബ് ദത്തെ അര്‍ത്ഥവത്തായി ക്രമീകരിക്കുന്നതിനും സാധ്യമാകത്തക്ക വിധം സ്വനപേടകം കണ്ഠത്തില് രൂപംകൊണ്ടുവെന്ന് മനസിലാക്കാം.
തലച്ചോറ്
ജീവരൂപത്തില്‍ ബാഹ്യതരമായും ആന്തരികമായും സംഭവിക്കുന്ന സകല അനുഭവങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടു നില്ക്കുന്ന തലച്ചോര്‍ ജീവനില്‍ സംഭവിക്കുന്ന സകല അനുഭവങ്ങളുടെയും നിക്ഷിപ്തകേന്ദ്രവും പ്രപഞ്ചത്തിലുള്ള സകലതും ചേരുന്ന പ്രാതിനിധ്യ രൂപവുമാണ്.
പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ടു നില്ക്കുന്ന ജീവരൂപത്തിലെ അവയവങ്ങളെ പഞ്ചഭൂതങ്ങളുടെ പ്രാതിനിധ്യവും, ഹൃദയത്തെ ഭൂമിയുടെ മുഴുവനുമായ പ്രാതിനിധ്യവും എന്നതായി തിരിച്ചറിയാനാകുന്നുവെങ്കിലും ജീവന് എന്ന പ്രവര്‍ത്തനം പ്രകൃതിക്കു മാത്രം സ്വന്തമായ എന്തെങ്കിലും ആകുന്നില്ല. ജീവന് കാരണമായ പ്രകാശവും ഭൂമിയെ നിയന്ത്രിക്കുന്ന ആകര്‍ഷണ ശക്തിയുമൊക്കെ ഭൗമബാഹ്യമായ ശക്തിവിശേഷങ്ങള്‍ തന്നെയാണ്.
പ്രപഞ്ച കാരണത്തോളം വളരേണ്ടുന്ന ജീവന് പ്രാപഞ്ചികമായ മുഴുവന്‍ അനുഭവങ്ങളെയും ഉള്ക്കൊള്ളേണ്ടിയിരിക്കുന്നതിനാല് അതിനു തക്കവണ്ണം ശേഷിയുള്ള ഒരവയവം ജീവരൂപത്തിന് അനിവാര്യമാണ്. ആ അവയവത്തിന് സ്വാഭാവികമായും ഒരു അതിസങ്കീര്‍ണ്ണ നിര്‍മ്മിതി ആയിരിക്കുന്നതിനേ കഴിയൂ.. ഇത്തരത്തിലുള്ള പ്രാപഞ്ചികമായ പ്രാതിനിധ്യമായിരിക്കുന്ന തലച്ചോറിന് പ്രവര്‍ത്തന രൂപം എന്നതിലുപരിഅറിവുകളുടെ നിക്ഷിപ്ത കേന്ദ്രവും മൊത്തമായ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രവും ആയിരിക്കുന്നതിന് കഴിയുന്നുവെന്ന് മനസിലാക്കാം. ഇക്കാരണത്താല്‍ പൂര്‍ണ്ണതയെത്തിയ ഒരു തലച്ചോറിന്റെ ഘടനാപരമായ സങ്കീര്‍ണ്ണതകള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് ഒപ്പമാണെന്നും കരുതാവുന്നതാണ്.
ജീവരൂപം
ജീവനില്‍ പ്രപഞ്ചത്തിന്റെ കാരണ ഗുണങ്ങളെ നിറച്ച് സമ്പന്നമാക്കുന്നതിനായി പ്രവര്‍ത്തിച്ചു നില്‍ക്കുന്നതാണ് പഞ്ചഭൂത പ്രാതിനിധ്യമായ അവയവങ്ങളും, പ്രപഞ്ച പ്രാതിനിധ്യമായ തലച്ചോറും ഉള്‍പ്പെടുന്ന ജീവരൂപം.
പ്രാതിനിധ്യ രൂപമായ അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്ത്തീകൃതമാകുന്നത്, സഹായകമായി നിലകൊള്ളുന്ന, ആന്തരികവും ബാഹ്യവുമായ മറ്റ് അവയവങ്ങളിലൂടെയാണ്. കൈകാലുകളും ഗ്രന്ഥികളും മറ്റുമായി നിരവധി സഹായക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പഞ്ചഭൂത പ്രാതിനിധ്യമായ അവയവങ്ങള്‍ക്ക് പ്രവര്‍ത്തന പൂര്‍ണ്ണതയും ജീവന് ലക്ഷ്യ സാക്ഷാത്കാരവും സാധ്യമാകുന്നത്.
ജ്യോതിര്‍ ഗോളങ്ങള്‍ എന്നത് ജീവന് പ്രാപഞ്ചികമായ സ്വതന്ത്ര പ്രവര്‍ത്തനത്തിന് ശേഷിയാര്ജ്ജിച്ചു നില്ക്കുന്ന അവസ്ഥയാണ്. പ്രവര്‍ത്തനത്തിന്റെ ഈ അവസ്ഥയില്‍ ജീവന് പ്രത്യക്ഷമായ ആശ്രിതത്വം ഉണ്ടാകുന്നില്ല. ജീവികള്‍ക്ക് പ്രകൃതിയിലെ സാഹചര്യങ്ങളുടെ വ്യത്യസ്തതകളില്‍ നിന്ന് നിരന്തരമായി ആര്‍ജ്ജിക്കേണ്ടത് ഉള്ളതുകൊണ്ട്, ശേഷിക്കും ആവശ്യങ്ങള്‍ക്കും ആനുപാതികമായ രൂപം ഉണ്ടാവുന്നതിന് സാധ്യമാകുന്നു. ഇക്കാരണത്താല്‍ ജ്യോതിര്‍ ഗോളങ്ങളുടെ പ്രാതിനിധ്യമാണ് ജീവന്റെ ശരീരമെന്ന് സാമാന്യമായി പറയാനാവുന്നുവെങ്കിലും, ജ്യോതിര്‍ ഗോളങ്ങളെപ്പോലെ ജീവരൂപങ്ങള്‍ക്ക് ഗോളാകാരവും ഭ്രമണതരമായ സ്വയം പ്രവര്‍ത്തനവും സാധ്യമാകാതെ വരുന്നു.
മനസ്
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ജീവനില്‍ എത്തുന്ന, പ്രപഞ്ചത്തിന്റെ കാരണ വിശേഷങ്ങളെ സംഗമിപ്പിച്ച് ജീവന് സാക്ഷാത്കരിക്കുന്ന സംവേദന ശേഷിയാണ് മനസ്.
ഇന്ദ്രിയങ്ങളിലൂടെ പ്രാപഞ്ചികമായ നിക്ഷിപ്താവസ്ഥകളെ ജീവന് അനുഭവങ്ങളായും അറിവായും ആഗിരണം ചെയ്യുകയാണ്. ആഗിരണം ചെയ്യപ്പെടുന്ന അനുഭവങ്ങളും അറിവുകളും കൂടുതല്‍ വിശേഷതയുള്ള അനുഭവങ്ങളും അറിവുകളുമായി കാരണതരമായി വളരുകയും ചെയ്യുന്നുവെന്ന് മനസിലാക്കാം.
ജീവനില്‍ നിക്ഷിപ്തമാകുന്ന ഊര്‍ജ്ജ വൈവിധ്യങ്ങള്‍ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി കൂടുതല്‍ സങ്കീര്ണതയാര്ജ്ജിച്ച് മനസായി വളര്‍ന്ന് ജീവനെ ഒരു സ്വയം പര്യാപ്ത സംവിധാനമായി വികസിപ്പിച്ചെടുക്കുന്നു. ഈ സൂക്ഷ്മ പ്രവര്‍ത്തനം മനനം എന്നതായാണ് ജീവന് അനുഭവമാകുന്നത്. അതായത്, പ്രകാശവും ശബ് ദവും ഗന്ധവും മറ്റുമായ ഊര്ജ്ജവൈവിധ്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണതയുള്ള ഊര്‍ജ്ജമാക്കി ജീവന് മാറ്റുന്നതിലൂടെയാണ് മനസ് ഉല്പത്തിയാവുന്നതെന്ന് മനസിലാക്കാം. പഞ്ചേന്ദ്രിയങ്ങള്‍ പഞ്ചഭൂതങ്ങളുടെ പ്രാതിനിധ്യമാകുന്നുവെങ്കില്, മനസ് പഞ്ചേന്ദ്രിയങ്ങളുടെ മുഴുവനുമായ പ്രാതിനിധ്യമാണ്. ഇക്കാരണത്താല്‍ മനസിനെ അതീതേന്ദ്രിയമെന്നു വിളിക്കാനാവുന്നു.
പ്രപഞ്ചത്തെ കാരണതരമായി ഉള്‍ക്കൊള്ളുന്ന ജീവന്
പരമാണുവില്‍ തുടങ്ങി പഞ്ചേന്ദ്രിയങ്ങള്‍ എന്ന ഉപാധികളിലൂടെ പ്രവര്‍ത്തിച്ച്, മനസ് എന്ന മാധ്യമത്തിലൂടെ വിശകലനം സാധ്യമാക്കി അറിവാര്ജ്ജിച്ച്, പ്രപഞ്ചകാരണ ശേഷിയുടെ നിക്ഷിപ്താവസ്ഥയായി ജീവന് വളരുന്നു. ജീവശരീരമെന്ന പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശകലനത്തിലൂടെ എത്തിച്ചേരാനാവുന്നത് ഈ തത്ത്വത്തിലാണ്. പ്രപഞ്ച കാരണതരമായ ആ സാക്ഷാത്കാരത്തിനായുള്ള ലക്ഷ്യം വെയ്ക്കലിലൂടെയാണ് ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കപ്പെടുന്നത്. ജീവന്റെ മറ്റ് അവസ്ഥകള്‍ക്ക് ഇല്ലാത്തവിധം, സാക്ഷാത്കാരത്തിനായുള്ള സഞ്ചാരത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും അറിയുന്നതിന് മനുഷ്യന് അവകാശപ്പെട്ടിരിക്കുന്നു. ജീവന് മനുഷ്യാവസ്ഥ പ്രാപിച്ചതിനു ശേഷം മാത്രമാണ് ഇത്തരമൊരു ബോധ്യത്തിന് ശേഷിയുണ്ടാവുന്നത് എന്നതു തന്നെയാണ് ഈ അവകാശത്തിനുള്ള കാരണം.
പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പദ്ധതിയായി ഉല്പത്തിയാകുന്ന, പൂര്‍ണ്ണ സൂക്ഷ്മാവസ്ഥയിലുള്ള മനസിന് സാധ്യമാകുന്നത് സങ്കല്പ തുല്യ വേഗമാണ്. ശരീരമെന്ന പ്രവര്ത്തനോപാധിയില് സ്ഥിരസ്വഭാവത്തില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്ന ജീവന് ബാഹ്യമായ മറ്റ് സ്ഥൂല-സൂക്ഷ്മ വിശേഷങ്ങളുമായി ബന്ധപ്പെടാന്‍ സാധ്യമാകുന്നത് മനസ് എന്ന മാധ്യമത്തിലൂടെയാണ്. സങ്കല്പതുല്യ വേഗമാര്‍ജ്ജിച്ച് സകലതിലും വ്യാപരിക്കാനാവുന്ന മനസ് ഊര്‍ജ്ജത്തിന്റെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയുമാണ്. സങ്കല്പ തുല്യ വേഗം ആര്‍ജ്ജിച്ചു നില്ക്കുന്ന മനസ്സെന്ന ഊര്‍ജ്ജത്തിന്റെ അതീവ സങ്കീര്‍ണ്ണത ശക്തിപ്പെട്ടല്ലാതെ പ്രപഞ്ചത്തിന്റെ കാരണതരമായ നിലനില്പിനെ സംബന്ധിക്കുന്ന അറിവ് ജീവന് സാധ്യമാവുകയില്ല. ഈ ലക്ഷ്യപ്രാപ്തിയെന്നത് രൂപതരമായ യാതൊന്നുമില്ലായ്കയായി സംഭവിക്കുന്നതിനാല്‍ ഭദ്രമായ യുക്തിയിലൂടെയാണ് ബോധ്യപ്പെടാനാവുന്നത്.
സകലതിലും വ്യാപരിച്ച് വിശകലനം നടത്തുന്ന മനസ്സെന്ന, ജീവന്റെ വിശകലന മാധ്യമത്തിന് ആര്‍ജ്ജിത ശേഷിക്ക് ആനുപാതികമായി ത്രികാലങ്ങളെ സൂക്ഷ്മമായി ദര്‍ശിക്കുന്നതിന് സാധ്യമായിത്തീരുന്നു. ജീവിച്ചിരിക്കുമ്പോള്‍ നാം ഓരോരുത്തരും കഴിഞ്ഞുപോയ അനുഭവങ്ങളെ വ്യക്തതയോടെ പുനരാവിഷ്കരിക്കുന്നതിന് പ്രാപ്തിയുള്ളവരാണ്. വര്‍ത്തമാനത്തിന്റെ അനുഭവങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലാത്ത വ്യക്തത ഉണ്ടായിരിക്കുകയും ചെയ്യുന്നു. ഭൂതവും വര്‍ത്തമാനവുമായ അനുഭവങ്ങളുടെ തുടര്‍ച്ചയെന്ന ഭാവിയെ പ്രവചനാത്മകമായ കൃത്യതയടെ വിശകലനം ചെയ്ത്, വരാനിരിക്കുന്ന കാര്യങ്ങള്‍ക്കായി പ്ലാന്‍ ചെയ്യുന്നതിനും മനസിന് കഴിയുന്നു. സമയബന്ധിതമായിചെയ്തുതീര്ക്കേണ്ടുന്ന ജോലിയും, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ വരവും , ഭാവിയിലേക്കുതകുന്ന സമ്പത്തിന്റെ നിക്ഷേപവും, ആകാശത്തിന്റെ അനന്തതയിലേക്കുള്ള യാത്രയുമെല്ലാം പ്രവചനാത്മകതയോട ചെയ്യാന്‍ ജീവന് സാധിക്കുന്നത്, മനസ് ആര്‍ജ്ജിക്കുന്ന ത്രികാല ശേഷിയുടെ ലളിതമായ ആവിഷ്കാരങ്ങളായാണ്. ഇങ്ങനെ സംഭവിക്കുന്നു എന്നതിന് അര്‍ത്ഥം, ജീവിതം ഹൃസ്വമായ കാലത്തേക്കുള്ളതാണെങ്കിലും, വര്‍ത്തമാനമായ ശരീരത്തില്‍ ഇരുന്നുകൊണ്ടു തന്നെ ഭൂത, ഭാവി കാലങ്ങളിലേക്ക് മനസു വഴി ജീവന് കടന്നുചെന്ന് ബോധ്യപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്നാണ്.
ജന്മാന്തരങ്ങള് താണ്ടിയുള്ള ജീവന്റെ യാത്ര അനവധിയായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. പോയ കാലങ്ങളെ ആ കാലങ്ങളായിത്തന്നെയും ആ കാലത്തിന്റെ കര്‍മ്മങ്ങളെ കര്മ്മങ്ങളായിത്തന്നെയും ദര്‍ശിക്കുന്നതിന് ത്രികാല സഞ്ചാര ശേഷിയാര്‍ജ്ജിച്ച മനസ് പ്രാപ്തമായിത്തീരുന്നു. ഇത്തരം ശേഷിയാര്ജ്ജിക്കുന്ന മനസിന്റെ ഉടമകളായ ജീവനുകള്‍ക്ക് അര്‍ത്ഥവത്തായ ദര്‍ശനാനുഭവങ്ങള്‍ ഉണ്ടാകുന്നു. ഭൂതവും വര്‍ത്തമാനവുമായ ദര്‍ശന മണ്ഡലങ്ങള്‍ കടന്ന് ഭാവിയും ജീവന്റെ പ്രവര്‍ത്തന പൂര്‍ണ്ണതയും കാണുന്നതിന് ഉജ്ജ്വല ശേഷിയാര്ജ്ജിക്കുന്ന മനസിന് സാധ്യമാകുന്നു. ജീവന് ഇന്നോളം സാക്ഷാത്കരിക്കാന്‍ കഴിയാത്ത മനസിന്റെ ഈ അവസ്ഥ നിലവിലുള്ള ആദ്ധ്യാത്മിക സങ്കല്പങ്ങള്ക്ക് അപ്പുറമുള്ള ദര്‍ശനാതീതമായ മാധ്യമമാണ്. ആ മാധ്യമം അതീത ബോധമാണ്. അതീത ബോധം സാക്ഷാത്കരിച്ച ജീവന് ആ സാക്ഷാത്കാരത്തിന്റെ അനുഭവം സാധാരണ ജീവനുകളിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനും സാധ്യമാകുന്നു. അതീത ബോധ സാക്ഷാത്കാരം നല്കുന്ന വിരണങ്ങള്‍ ഭദ്രമായ യുക്തിയിലൂടെ മികച്ച ജീവനുകള്‍ക്ക് ബോധ്യപ്പെടുന്നതിനും കഴിയുന്നു.
പുനര്‍ജ്ജന്മ സങ്കല്പം (അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
ജീവന് ആത്മാവ് ദൈവം എന്നീ അവസ്ഥകളെക്കുറിച്ച് തത്ത്വവിചാരം ചെയ്യുന്നവരെ ഏറ്റവുമധികം സ്പര്‍ശിക്കുന്ന വിഷയമാണ് പുനര്‍ജ്ജന്മം. ഒരു ഭാവനാ വൈപുല്യമുള്ള കഥ പോലെ പുനര്‍ജ്ജന്മ സങ്കല്പം ലോകമെമ്പാടും വ്യാപിച്ചിരിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതെന്നു കരുതപ്പെടുന്ന ഭാരതീയ ചിന്തയുടെ അധിക ഭാഗങ്ങളിലും പുനര്‍ജ്ജന്മ സങ്കല്പത്തിന്റെ സ്വാധീനം വ്യക്തമാണ്. എന്നു തുടങ്ങിയെന്ന് പറയാനാവാത്ത വിധം പഴക്കമുള്ള ഭാരതീയ ചിന്തയെ ഉച്ചനീചത്വങ്ങളോടെയുള്ള സാംസ്കാരിക വൈവിധ്യങ്ങളായി ക്രമീകരിക്കുന്നതിനു വേണ്ടി പുനര്‍ജ്ജന്മ സങ്കല്പം വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു കാണാം. പുനര്‍ജ്ജന്മ സങ്കല്പത്തില് അധിഷ്ഠിതമായ ഭാരതീയ വിശ്വാസം ശരി- തെറ്റുകള്‍ എന്ന കാഴ്ചപ്പാടിനെ നിയന്ത്രിക്കുന്ന പ്രധാന ശക്തിയായി നിലകൊള്ളുകയും ചെയ്യുന്നു.
പുനര്ജ്ജന്മമില്ലെങ്കില്, മരണാനന്തരവും ജീവന് നിലനില്ക്കുന്നില്ലെങ്കില് പിന്നെ എങ്ങനെ ജീവിച്ചാലെന്ത്.. ആര്‍ക്കും യാതൊന്നുകൊണ്ടും നിയന്ത്രിക്കാനാവാതെ അനിവാര്യമായും സംഭവിക്കുന്ന മരണത്തോടെ അവസാനിക്കുന്നതാണ് ജീവനെങ്കില്‍ തീര്‍ച്ചയായും, ജീവിതത്തില്‍ നിയമങ്ങളുടെ ആവശ്യകതയും യോഗ്യതകളെന്ന സങ്കല്പവും ചോദ്യം ചെയ്യപ്പെടേണ്ടതായിട്ടിരിക്കുന്നു. പക്ഷേ, അവ്വിധമൊരു ജീവിതമുണ്ടായാല്‍, അത് സത്യത്രാനന് തെറ്റ് സംഭവിച്ചതിനു ശേഷം ഏഴാമത് ചതുര്യുഗം വരെ ഉണ്ടായിരുന്ന സ്ഥിതിവിശേഷത്തെയാണ് ജനിപ്പിക്കുക എന്നും വിചാരിക്കാം. (ഭൂമിയിലെ പ്രവര്ത്തനതരമായ വൈകല്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് സത്യത്രാനന് സംഭവിച്ച തെറ്റിലൂടെയാണെന്ന് ഗുരു പറയുന്നു. സത്യത്രാനനെക്കുറിച്ച് പിന്നീട് വിവരിക്കുന്നതാണ്)
പുനര്‍ജ്ജന്മം ഉണ്ടെന്നോ ജീവന് മരണാനന്തരവും നിലനില്‍ക്കുന്നതാണെന്നോ വിചാരിക്കുന്നതിനു മുന്‍പ് ജീവന് എന്നത് എന്താണെന്നു കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഭൂമിയും ജീവനും മനുഷ്യനുമൊക്കെ ഉത്ഭവിച്ചതിനു ശേഷം കാലമിതുവരെ ജീവനെക്കുറിച്ച് വ്യക്തമായ നിര്‍വ്വചനങ്ങളും വിവരണങ്ങളും ഉണ്ടാകുന്നതിന് കഴിഞ്ഞിട്ടില്ലല്ലൊ.. അതായത്, നാം തന്നെയായ നമ്മളെക്കുറിച്ച് നമുക്ക് യാതൊന്നും അറിയാന്‍ കഴിയുന്നില്ലെന്ന്.. അതുകൊണ്ടു തന്നെ, വിശ്വാസമെന്നതിലുപരി പുനര്‍ജ്ജന്മമെന്നത് സംഭവിക്കുന്നതോ സംഭവിക്കാത്തതോ എന്നു തീര്‍ത്തുപറയാന്‍ തക്ക തെളിവുകളൊന്നും വിചാരപരമായിത്തന്നെ ഇല്ലാതിരിക്കുന്നു.
ജീവന് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സങ്കീര്‍ണ്ണ സംഗമവും, കൂടുതല്‍ സങ്കീര്‍ണ്ണത ആര്‍ജ്ജിക്കലും, പ്രവര്‍ത്തനപരമായും വിചാരപരമായും അറിവായുമുള്ള ശക്തിപ്രാപിക്കലും, പ്രപഞ്ച കാരണത്തോളം എത്തുന്നതിനു വേണ്ടിയുള്ള ലക്ഷ്യം വയ്ക്കലും ഒക്കെയായിത്തീരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഊര്‍ജ്ജം നശിപ്പിക്കപ്പെടാന്‍ പറ്റാത്തതാണല്ലൊ.. അതുകൊണ്ടു തന്നെ ഊര്‍ജ്ജ വൈവിധ്യങ്ങള്‍ സംഗമിച്ചുണ്ടായ ജീവനെന്ന സങ്കീര്‍ണ്ണ ഭാവത്തിനും നശിക്കാനാവില്ലല്ലൊ.
പ്രവര്‍ത്തിച്ചു നില്ക്കുന്ന ജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ ഓരോ ജീവനും സ്വതന്ത്രമായ പ്രതിഭാസങ്ങളാണെന്നാണ് തോന്നാന്‍ ഇടവരുന്നത്. കാരണങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും അറിയായ്കയാണ് ഈ തോന്നലിന്റെ ഉറവിടമെന്നു പറയാം. കൂടുതല്‍ ശ്രദ്ധിച്ചാല്‍, വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ മനസിലാക്കാനാവുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. സ്വതന്ത്രമായി നില്ക്കുന്ന ഏതു ജീവനും മറ്റ് ജീവനുകളുടെ പ്രവര്‍ത്തന ഫലമായാണ് ഭൂമിയില്‍ ജന്മംകൊണ്ടിട്ടുള്ളത്. ഭക്ഷണം കഴിക്കുന്നതും വളരുന്നതും അറിവ് സന്പാദിക്കുന്നതും തുടങ്ങിയുള്ള ഏതുതരം പ്രവര്‍ത്തനങ്ങളെയും അനുഭവങ്ങളെയും അവസ്ഥകളെയും നിരീക്ഷിച്ചാല്‍ കാണാനാവുക, ഓരോ ജീവനും ഒരര്‍ത്ഥത്തിലും സ്വന്തമാവുന്നില്ലെന്നും സ്വതന്ത്രമാവുന്നില്ലെന്നുമാണ്. എല്ലാ അര്‍ത്ഥത്തിലും, ഓരോ ജീവനിലും, പ്രവര്‍ത്തനമായും സങ്കല്പമായും സൂക്ഷ്മമായി മറ്റ് ജീവനുകള്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് മനസിലാക്കാനുണ്ടാവുക.
എല്ലാ അവസ്ഥകളിലും ഒന്നിനോടെന്നു ചേര്‍ന്ന് നിലകൊള്ളുന്നതാണ് ജീവപ്രവര്‍ത്തനം എന്നതുകൊണ്ട്, ആ പ്രവര്‍ത്തന നൈരന്തര്യം കൊണ്ടു തന്നെ, ഏതെങ്കിലുമൊരു ജീവന്റെ യോഗ്യതയെ സംയുക്തഗുണം എന്നതായി ബോധ്യപ്പെടാനാവുന്നു. പ്രവര്‍ത്തനങ്ങളുടെയും അര്‍ത്ഥ സങ്കല്പങ്ങളുടെയും നിരവധിയായ മാനങ്ങളിലൂടെ കാണുമ്പോള്‍, ജീവന് പ്രാപഞ്ചികമായ സകലതും ചേരുന്നതാണെന്നും ഒരിക്കലും നശിക്കാനാവാത്ത വിധവും സകലതിലും ബന്ധപ്പെട്ടു നില്ക്കുന്ന പ്രവര്‍ത്തനവുമാണെന്ന് മനസിലാക്കാനാവുന്നു.
അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയായ്ക നിമിത്തം, ശരീരത്തിന്റെ അവസാനത്തോടെ തീരുന്ന എന്തോ ഒരു പ്രവര്‍ത്തനമായി മാത്രം ജീവനെ മനസിലാക്കുന്നതിലൂടെയാണ് മരണാനന്തരം ജീവന് നിലനില്‍ക്കുന്നില്ലെന്ന വിശ്വാസത്തിലെത്തുന്നത്. ഈ കാഴ്ചപ്പാടനുസരിച്ച് ജീവിതമെന്നത് നിരര്‍ത്ഥകമായ ഒരേര്പ്പാടുമാണ്.
ഊര്‍ജ്ജം നശിപ്പിക്കപ്പെടാനാവാത്ത പ്രതിഭാസമാണെന്ന ഇന്നത്തെ അംഗീകാരം സിദ്ധിച്ചിട്ടുള്ള അറിവിനെ, ജീവന്റെ അനശ്വരതയെന്ന ബോധ്യത്തിലേക്ക് നയിക്കുന്ന ചൂണ്ടിക്കാട്ടലായി കണക്കാക്കാവുന്നതാണ്. ജീവന് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സംഗമ വൈഭവമാണെന്ന് നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടാനാവുന്നതും, ജീവന് കാരണത്തോളം വളര്‍ന്ന് ഊര്‍ജ്ജത്തെ പുനര്‍ നിര്‍മ്മിക്കുന്ന പ്രതിഭാസം ആയിത്തീരുന്നുവെന്ന് ഭദ്രമായ യുക്തിയിലൂടെ മനസുകൊണ്ട് സഞ്ചരിച്ചെത്താനാവുന്നതും ജീവന്റെ അനശ്വരതയെക്കുറിച്ചുള്ള സൂചനകളാണ്. അനശ്വരമായതിനെ പരിധികളില്ലാത്ത ശേഷിയും പരിധികളില്ലാത്ത പ്രവര്‍ത്തനവും പരിധികളില്ലാത്ത അവസ്ഥാ വ്യതിയാനങ്ങളുമായി നിര്‍വ്വചിക്കാം.
ഊര്‍ജ്ജം നശിക്കുന്നില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരാനാവുന്നതുകൊണ്ട്, മരണാനന്തരവും ജീവന് നിലനില്ക്കാനല്ലാതെ സാധ്യമാവുന്നില്ലല്ലൊ.. മരണാനന്തരം ജീവന് കേവല സങ്കല്പമായി മാത്രമേ നിലനില്പ് സാധ്യമാവുകയുള്ളൂ. രൂപതരമായ ഒന്നിന് രൂപം നഷ്ടപ്പെട്ട് പ്രവര്‍ത്തനം ഇല്ലാതായതിനു ശേഷം സംഭവിക്കുന്ന സൂക്ഷ്മമായ നിലനില്പ് എന്നാണ് സങ്കല്പം എന്നതിന് ഇവിടെ അര്‍ത്ഥം പറയാനുണ്ടാവുന്നത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ശരീരത്തിനുള്ളില്‍ ജീവനും, ജീവന്റ നിരന്തരാന്വേഷണവും സഞ്ചാരവുമായ മനസും സൂക്ഷ്മതരമായാണല്ലൊ നിലകൊള്ളുന്നത്. ഇങ്ങനെയുള്ള ജീവന് ശരീരത്തോടെ സ്വതന്ത്രമായി നില്ക്കുമ്പോള്ത്തന്നെ, എന്തിലും ഏതിലും മറ്റ് ജീവനുകളുടെ ഭാഗമായിരിക്കുന്നതിനാല്‍ മരണാനന്തരവും ആ തുടര്‍ച്ച സംഭവിക്കാതെ വരുന്നില്ല.
രൂപതരമായി പ്രവര്‍ത്തന നിരതമായിരിക്കുന്ന ജീവന് രൂപം നഷ്ടപ്പെട്ട് സങ്കല്പമായി മാറുന്ന പ്രവര്‍ത്തനത്തെയാണ് മരണമെന്നു വിളിക്കുന്നത്. ജീവന് എന്നത് എന്താണെന്ന്, അതിന്റെ സങ്കീര്‍ണ്ണത നിമിത്തം, രൂപതരമായി ജീവിച്ചിരിക്കുമ്പോള്‍ അറിയുന്നില്ല എന്നതു പോലെ തന്നെ മരണാനന്തരം എന്തെന്നോ എങ്ങനെയെന്നോ അറിയുന്നതിനും ജീവന് ശരീരത്തില്‍ വസിക്കുമ്പോള്‍ പ്രാപ്തമാവുന്നില്ലെന്നു മാത്രം.
മരണത്തോടെ പ്രവര്ത്തനതരമായ ഒരു ഘട്ടം അവസാനിക്കുന്ന ജീവന് രൂപമില്ലായ്കയിലും, രൂപമുള്ളതും ഇല്ലാത്തതുമായ മറ്റ് ജീവനുകളുമായി നിരന്തരം സങ്കല്പതരമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിന് കഴിയുന്നു. ഒരു ജീവനെന്നത് ഏതര്‍ത്ഥത്തിലും സ്വതന്ത്രമായ എന്തെങ്കിലും അവസ്ഥയോ പ്രവര്‍ത്തനമോ ആകുന്നില്ലാത്തതുകൊണ്ട് മരണാനന്തരവും മറ്റ് ജീവനുകളുമായി സങ്കല്പതരമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതിന് തീര്‍ത്തും സാധിക്കുന്നതും അപ്രകാരം സൂക്ഷ്മതരമായി സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയിത്തീരുന്നു.
പ്രകൃതിയില്‍ ലഭ്യമാകുന്ന വ്യത്യസ്ത ഗുണങ്ങളുള്ള ഊര്‍ജ്ജത്തെ ജീവന് ലക്ഷ്യപ്രാപ്തിക്കായി ഉപയോഗപ്പെടുത്തിയതിലൂടെയാണ് ശരീരമെന്ന രൂപമുണ്ടായത്. ആരംഭം മുതല്‍ അല്പാല്പമായി പ്രവര്‍ത്തിച്ചു വളര്‍ന്ന് വികസിതമായി ആ പ്രവര്‍ത്തനം ഇന്നു പൂര്‍ണ്ണത പ്രാപിച്ചു നില്ക്കുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണത പ്രാപിച്ചു നില്ക്കുന്ന ശരീരമെന്നത് ജീവനെ സംബന്ധിച്ച് പ്രവര്ത്തനോപാധി മാത്രമാണ്. പ്രാപഞ്ചികമായ പദ്ധതിയനുസരിച്ച് ആ പ്രവര്ത്തനോപാധിയുടെ സാക്ഷാത്കാരം സാധ്യമായ അവസാനത്തെ പ്രവര്‍ത്തനം നടന്നത് ചാന്ദ്ര- ഭൗമ സംഗമത്തിലൂടെയാണ്.
ചാന്ദ്ര- ഭൗമ സംഗമത്തിലൂടെ ജീവനായി, പ്രവര്‍ത്തനമായി രൂപതരമായ സാക്ഷാത്കാരം സാധിച്ച കാരണസങ്കല്‍പം ഏറ്റവുമധികം വികസിതമായി നില്ക്കുന്ന അവസ്ഥയാണ് മനുഷ്യ ശരീരമെന്നത്. മരണമെന്ന പ്രവര്ത്തനാന്ത്യത്തോടെ സൂക്ഷ്മതരമായിത്തീര്ന്ന് സങ്കല്‍പാവസ്ഥയില്‍ നിലകൊള്ളുന്ന ജീവനുകള്‍ക്ക്, ജീവനെ ജനിപ്പിച്ച ചാന്ദ്ര-ഭൗമ സംഗമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രൂപതരമായ പുനരാഗമനം സാധ്യമായിത്തീരുന്നു.
പ്രത്യുല്പാദന കാരണമായിത്തീരുന്ന ബീജ-അണ്ഡ സംഗമമെന്നത്, ചാന്ദ്ര-ഭൗമ ഗുണങ്ങള്‍ സംഗമിച്ച് ജീവനായി പ്രവര്‍ത്തിച്ചു തുടങ്ങിയതിന്റെ വികസിതമായ തനിയാവര്‍ത്തനവുമാണ്. ചാന്ദ്ര-ഭൗമ ഗുണസംഗമത്തെ തുടര്‍ന്നുള്ള ജീവന്റെ വികാസം പ്രകൃതിയെന്ന ഊര്ജ്ജവൈവിധ്യങ്ങളെ ആവാഹിച്ചയിരുന്നുവല്ലൊ സംഭവിച്ചിരുന്നത്.
ശരീരമുപയോഗിച്ച് പ്രകൃതിയെ നിരന്തരമായി ആവാഹിച്ചു വളര്‍ന്ന്, പ്രകൃതിയെന്ന അവസ്ഥയുടെ കാരണ യോഗ്യതയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജീവന്, ബീജ-അണ്ഡ സംയോജിതാവസ്ഥയെന്ന അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രവര്‍ത്തന രൂപമെന്ന ശരീരമായി വളരുന്നതിന് കഴിയുന്നു. എല്ലാ ജീവജാലങ്ങളിലുമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ പുനര്‍ജ്ജന്മമെന്നു വിളിക്കുന്നു.
ജീവന്റേതെന്നു നാം പറയുന്ന എന്തെങ്കിലും തരത്തിലുള്ള ശേഷികളോ ജീവിത ഘട്ടങ്ങളോ ജീവന് സ്വയമായി നിര്മ്മിച്ചിട്ടുള്ളതാണെന്നു പറയാന്‍ സാധിക്കുകയില്ല. ഒരു ജീവനും അതിനെ സ്വയമായി നിര്‍മ്മിക്കുന്നില്ല. വളരുന്നതും അറിവാര്ജ്ജിക്കുന്നതും മരിക്കുന്നതുമൊന്നും ജീവന് സ്വയമായി എന്തെങ്കിലും ചെയ്യുന്നതുകൊണ്ടാണെന്നു പറയാനും നിവൃത്തിയില്ല. പ്രപാഞ്ചികമായ നിശ്ചയപ്രകാരം സംഭവിക്കുന്ന ജീവനെന്ന പ്രതിഭാസം, പ്രപഞ്ചം ഉല്പത്തിയായി പ്രവര്‍ത്തിച്ചു നില്‍ക്കുന്നതിന് കാരണമായിത്തീര്‍ന്ന ശക്തിവിശേഷം ആ ശേഷിയില്‍ എത്തുന്നതിനായി പ്രവര്‍ത്തിച്ച് കടന്നുപോയ പന്ഥാവുകളിലൂടെ മുന്നേറുന്നതിന്റെ ഭാഗമായി പുനര്ജ്ജന്മതരമായ അനുഭവങ്ങളും സംഭവിക്കുന്നു.
ജീവനെ നിരീക്ഷിക്കുന്നതിലൂടെ..(അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
(1) നിരീക്ഷണങ്ങളിലൂടെ, ജീവന് സൃഷ്ടിയെന്നും സൃഷ്ടിക്കു കാരണമായ ശക്തിവിശേഷത്തിന്റെ ലക്ഷ്യത്തിനൊത്തു പ്രവര്‍ത്തിക്കുന്നതും വളരുന്നതുമെന്ന നിഗമനത്തില്‍ എത്താനാവുന്നു. ജീവന്റെ നിയന്ത്രണത്തില്‍ അല്ലാതെ സംഭവിക്കുന്ന ഉത്ഭവം, വളര്‍ച്ച, അവസ്ഥാമാറ്റങ്ങള്‍, മരണം എന്നിങ്ങനെയുള്ള അനുഭവങ്ങള്‍ തരുന്നത് ജീവന് സൃഷ്ടിയാണെന്നതിന്റെ തെളിവുകളാണ്.
(2) ജീവന്റെ വളര്‍ച്ചയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലം അറിവ് എന്നതായാണ് സംഭവിക്കുന്നത്. അറിവെന്നത് സകലവും സൂക്ഷ്മമായി ജീവനില്‍ നിക്ഷിപ്തമാകുന്ന അവസ്ഥയുമാണ്.
(3) അവസ്ഥാ വൈവിധ്യമുള്ള ഊര്‍ജ്ജത്തെ ജീവന് പ്രവര്‍ത്തനങ്ങളിലൂടെ പരിവര്‍ത്തനപ്പെടുത്തുമ്പോള്‍ വ്യത്യസ്തങ്ങളായ അറിവുകള്‍ ഉത്ഭവിക്കുന്നു. ഊര്‍ജ്ജത്തിന്റെ പരിണതികളായി ഉത്ഭവിക്കുന്ന അറിവുകള്‍ എന്ന അതീവ സൂക്ഷ്മോര്‍ജ്ജം മറ്റ് ജീവനുകളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുകയും ജീവസമൂഹം അറിവിനാല്‍ വികസിതമാവുകയും ചെയ്യുന്നു.
(4) അറിവ് അഥവാ ജ്ഞാനം പ്രപഞ്ചത്തിലെ ഏറ്റവും ശുദ്ധവും സങ്കീര്‍ണ്ണവുമായ ഊര്‍ജ്ജവും എല്ലാം അടങ്ങുന്ന അവസ്ഥയുമാകുന്നു. സങ്കല്പതരമായി നിലകൊള്ളുന്ന ഊര്‍ജ്ജത്തിന്റെ ഈ അവസ്ഥയ്ക്ക് ഗുണവൈവിധ്യങ്ങളുടെയും ശേഷീ വൈവിധ്യങ്ങളുടെയും നിരവധി മാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നു.
(5) സകലതും സങ്കല്പതരമായി അടങ്ങിയിരിക്കുന്ന അറിവെന്ന ഊര്‍ജ്ജമുപയോഗിച്ച് ശേഷിയുള്ള ജീവന് പ്രപഞ്ചത്തില്‍ പ്രവര്ത്തനതരമായ രൂപങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നു. സങ്കല്പതരമായി നിലകൊള്ളുന്ന അറിവിന്റെയും, അറിവ് നിക്ഷിപ്തമാകുന്ന ജീവന്റെയും ശേഷീവര്ദ്ധനവിനായല്ലാതെ പ്രപഞ്ചത്തില്‍ സൃഷ്ടികളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ല.
(6) അറിവും പ്രവര്‍ത്തന ശേഷിയുമായി സാധ്യമാകുന്ന നിക്ഷിപ്താവസ്ഥക്ക് ആനുപാതികമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനു മാത്രമേ ജീവനുകള്‍ക്ക് കഴിയുന്നുള്ളൂ. ജീവനുകള്‍ സസ്യങ്ങളും മനുഷ്യനും ഒക്കെയായ വൈവിധ്യങ്ങളായി പ്രവര്‍ത്തിച്ചു നില്‍ക്കുന്നതിന്റെയും ഒരേതരം ജീവികള്ക്കിടയില്ത്തന്നെ വ്യത്യസ്തമായ ശേഷികള്‍ ഉണ്ടാകുന്നതിന്റെയും കാരണങ്ങള്‍ ഇപ്രകാരമായി നിലകൊള്ളുന്നു.
(7) ജീവന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അറിവായി മാറുന്ന പൂര്‍ത്തീകരണം കാലദൈര്‍ഘ്യത്തിലൂടെയാണ് സംഭവിക്കുന്നത്. കാലമെന്നതായി അനുഭവപ്പെടുന്ന പ്രതിഭാസത്തെ പ്രപഞ്ച കാരണശേഷി അതിനെത്തന്നെ പുനരുല്പാദിപ്പിക്കുന്ന പ്രവര്‍ത്തനമായി കാണാനാവുന്നു. ഭൂമിയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോള്‍ അതീവ ദൈര്‍ഘ്യമുള്ള ഈ പ്രക്രിയയെ ജീവന് കാരണതരമായി ഉള്‍ക്കൊള്ളുന്നതിന് പുനര്‍ജ്ജന്മമെന്ന ഘട്ടംഘട്ടമായ പ്രവര്‍ത്തന വൈവിധ്യങ്ങളിലൂടെയല്ലാതെ സാധ്യമാകുന്നില്ല.
(8) നമ്മുടെ പ്രപഞ്ചമെന്ന പ്രതിഭാസം, പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുള്ള എണ്ണിയാലൊടുങ്ങാത്ത, വലുതും ചറുതുമായ ജീവവിശേഷങ്ങള് ജനിമൃതികളിലൂടെ എത്തിനില്‍ക്കുന്ന പ്രവര്ത്തനതരമായ ഒരവസ്ഥ മാത്രമാണ്. ഇപ്രകാരമായതുകൊണ്ട്, നമ്മുടെ ഭൂമി പോലുള്ള ഗ്രഹങ്ങളില്‍ ജീവിച്ചിരുന്ന് പ്രവര്‍ത്തിച്ചും അനുഭവിച്ചും നേടുന്ന മനനശേഷികൊണ്ട് ആദികാരണത്തെയും പ്രവര്‍ത്തനമെന്ന തുടക്കത്തെയും വിശകലനം ചെയ്യുന്നതിന് സാധ്യമായിത്തീരുന്നു.
(9) മരണത്തോടെ പ്രവര്‍ത്തനം അവസാനിക്കുന്നുവെങ്കിലും, രൂപമുണ്ടായിരുന്നപ്പോഴുള്ള എല്ലാ ഭാവങ്ങളോടെയും ജീവന് സങ്കല്പതരമായി നിലനില്ക്കുന്നു. സങ്കല്പതരമായി ഇപ്രകാരം നിലകൊള്ളുന്ന ജീവവിശേഷങ്ങള്ക്ക് ശരീരമുള്ള ജീവനുകളിലേക്ക് വിചാരങ്ങളായി പ്രവേശിക്കുന്നതിന് സാധ്യവുമാകുന്നു. ശരീരത്തോടെ ഇരിക്കുമ്പോള്‍ പോലും ജീവനുകള്‍ അടുക്കുകയും അകലുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നത് സൂക്ഷ്മതരമായിട്ടാണ്. ശരീരത്തെയും മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ജീവന് ആശയത്തെ പ്രാവര്‍ത്തികമാക്കുന്നു എന്നു മാത്രം. ജീവന് ആത്യന്തികമായി സൂക്ഷ്മതരമായിരിക്കുന്നതിനാല് ശരീരമുള്ള ജീവനുകളുമായി ശരീരമില്ലാത്ത ജീവനുകള്‍ നിരന്തരമായി സങ്കല്പതരമായി ബന്ധപ്പെട്ടുകൊണ്ടുമിരിക്കുന്നു.
(10) സങ്കല്പാവസ്ഥയിലുള്ള ഒന്നിന്, അത് സകലവിധമായ ശേഷികളും നിറഞ്ഞ വിശേഷമായിരിക്കുന്ന സ്ഥിതിക്ക്, സകലതിലും പ്രവേശിക്കുന്നതിനും വിചാരപരമായി സ്വാധീനിച്ചു നിയന്ത്രിക്കന്നതിനും സാധ്യമാകുന്നു. അവസ്ഥാപരമായി ഇപ്രകാരമാണെങ്കിലും എല്ലാവിധമായ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി പൂര്‍ത്തീകരണത്തില്‍ എത്തേണ്ടുന്നതിനാല്‍, ജീവന് ജന്മാന്തരങ്ങള് താണ്ടിയുള്ള പ്രവര്‍ത്തന ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായിട്ടിരിക്കുന്നു.
(11) സൂക്ഷ്മതരമായി നിലകൊള്ളുന്ന ജീവന്റെ ശരീരപ്രാപ്തി, പ്രവര്‍ത്തനപരമായോ ആശയപരമായോ ആ ജീവനോട് ബന്ധപ്പെട്ടു നില്ക്കുന്ന ജീവനുകള്‍ വഴി സാധ്യമാകുന്നു. ഇപ്രകാരമായതുകൊണ്ട്, ഏതൊരു ജീവനും ആശയപരമായോ പ്രവര്‍ത്തനപരമായോ അടുത്തുനില്ക്കുന്നതും ബന്ധമുള്ളതുമായ ജീവനുകളിലൂടെ പുനര്‍ജനിക്കുന്നതിനുള്ള സാധ്യതയാണ് അധികമായുള്ളത്.
(12) പുനര്‍ജ്ജന്മത്തെക്കുറിച്ച് അറിയാതെ തന്നെ ബോധ്യപ്പെടാനാവുന്ന വസ്തുതയാണ് ഓരോ ജീവനും മറ്റ് ജീവനുകളാലല്ലാതെ ഉത്ഭവിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ വളരുന്നതിനോ നിലനില്‍ക്കുന്നതിനോ സാധ്യമാകുന്നില്ല എന്നത്. ബന്ധങ്ങളെന്ന അനാദി മുതലുള്ള പ്രവര്‍ത്തനങ്ങളുടെ ഈ തുടര്‍ച്ചയിലൂടെ, സൂക്ഷ്മതരമായി മരണാനന്തരം നിലകൊള്ളുന്ന ജീവനുകള്‍ രൂപമുള്ള ജീവനുകളിലൂടെ പ്രവര്‍ത്തിച്ച് പ്രത്യക്ഷമാകുന്ന അവസ്ഥയെയാണ് ജന്മമെന്നോ സൃഷ്ടിയെന്നോ പറയുന്നത്.
(13) കാലഘട്ടങ്ങളിലൂടെ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമ്പന്നമാകുന്ന ജീവ വൈവിധ്യങ്ങളുടെ സംഗമമാണ് പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിലൂടെ അന്തിമമായ സംഭവിക്കുന്നത്. ഇന്നത്തെ പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിന്റെ അവസാനത്തോടെ സംഗമിക്കുന്ന വ്യത്യസ്ത ജീവശേഷികളിലൂടെ അനന്ത മഹാശൂന്യതയില്‍ പുതുപ്രപഞ്ചങ്ങള് ജനിക്കുകയും പ്രവര്‍ത്തിച്ചു നില്‍ക്കുകയും ചെയ്യും. പ്രാപഞ്ചികമായ ഈ അടിസ്ഥാന സ്വഭാവത്തിന്റെ ജീവതരമായ പുനരാവിഷ്കാരമാണ് പുനര്‍ജ്ജന്മം.
(14) ഉന്നതമായ ജീവബന്ധങ്ങള്‍ സങ്കല്പ-കര്‍മ്മങ്ങളുടെ സമന്വയത്തിലൂടെയാണ് സാധ്യമാകുന്നത്. ഇക്കാരണത്താല്‍ സൂക്ഷ്മ ജീവനുകള്‍ക്ക് സങ്കല്പതരമായി പോലും ബന്ധപ്പെടാനാവുന്നത് മിക്കപ്പോഴും അവസ്ഥാപരമായി ബന്ധമുള്ള ജീവനുകളുമായാണ്. അതുകൊണ്ടു തന്നെ. സൂക്ഷ്മലോകത്തിലും ഭൂമിയിലെന്ന പോലെ അന്തരങ്ങളോടെയാണ് ജീവനുകള്‍ നിലകൊള്ളുന്നത്.
(15) അറിവും പ്രവര്‍ത്തനശേഷിയും സങ്കല്പതരമായി ഉള്‍ക്കൊണ്ടു നില്ക്കുന്ന ജീവവിശേഷത്തില് നിന്ന് ഇന്നു കാണാനാവുന്ന പ്രപഞ്ചം ഉല്പത്തിയായി ഇത്രയേറെ വൈപുല്യങ്ങളോടെ പ്രവര്‍ത്തിച്ചു നില്ക്കുന്നു എന്നതിന്നര്‍ത്ഥം, ഇന്നത്തെ പ്രപഞ്ചത്തിനു കാരണമായ ജീവന്റെ ശേഷി അത്രത്തോളമായിരുന്നു എന്നാണ്. ശേഷി കുറഞ്ഞ ഒരു ജീവനില്‍ നിന്നാണ് ഉല്പത്തി സംഭവിച്ചിരുന്നതെങ്കില്‍ നമ്മുടെ പ്രപഞ്ചം ഇന്നുള്ള വൈപുല്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞത് ആവുമായിരുന്നില്ല. എന്നാല്‍, ഇന്നത്തെ പ്രപഞ്ചത്തിനു കാരണമായിരിക്കുന്ന ശേഷിയെക്കാള്‍ വലുതായ ഒരു ശേഷിയില്‍ നിന്നാണ് ഉത്ഭവിച്ചിരുന്നതെങ്കില് പ്രവര്ത്തനതരമായും അവസ്ഥാപരമായും ഇന്നത്തെ പ്രപഞ്ചത്തെക്കാള്‍ അധികം ശേഷിയുള്ളതും ആവുമായിരുന്നു.
ആദിസങ്കല്പമണയുന്ന ആദ്യ ജീവന് (അതീതംഎന്ന പുസ്തകത്തില്‍ നിന്ന്)
ആദിസങ്കല്പമെന്ന അവസ്ഥയെ സംബന്ധിച്ച് കാരണതരമായ വ്യക്തത ഉള്ളതുകൊണ്ടു തന്നെ രൂപതരമായ വിശദീകരണത്തിലും താത്ത്വികമായ വ്യക്തത ഉള്ളതായിരിക്കുകയും ചെയ്യുന്നു.
ആദ്ധ്യാത്മിക സങ്കല്പത്തിന് കേവല വിശ്വാസത്തിനപ്പുറം സമ്പൂര്‍ണ്ണ ശാസ്ത്രമെന്ന നിലയില്‍ അവിശ്വസനീയമാം വിധം വൈവിധ്യമുള്ള മാനങ്ങളാണ് ആദിസങ്കല്പമെന്ന അറിവിലൂടെ ഉണ്ടാവുന്നത്.
മുമ്പെങ്ങും ഇല്ലാതിരുന്ന അറിവായതിനാല്‍, ഒരു ജീവന് പ്രാപിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആദിസങ്കല്പത്തിന്റെ നിലനില്പിനെക്കുറിച്ചുള്ള വിവരണങ്ങള്‍ സാധ്യമാകുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയില്‍ ജനിച്ചു പ്രവര്‍ത്തിച്ച ജീവനുകളില്‍ നിന്ന് ആദ്യമായി ആദിസങ്കല്‍പം പ്രാപിച്ച ജീവനായി കരുണാകരഗുരു നിലകൊള്ളുന്നു. സമാധിയായതിനു ശേഷം സങ്കല്പതരമായി സംവദിക്കുന്ന ഗുരുവിന്റെ ജീവശേഷി പലപ്പോഴായി വെളിപ്പെടുത്തിത്തരുന്ന വിവരങ്ങളില്‍ നിന്ന് ഇതിന് വ്യക്തത ലഭിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു ജീവനും ഇന്നോളം പ്രാപിക്കാനോ സങ്കല്പിക്കാന് പോലുമോ ആവാത്തതാണ് ഗുരുവിന്റെ ഈ അവസ്ഥാപ്രാപ്തി. പ്രപഞ്ച കാരണത്തെക്കുറിച്ചും ജീവന്റെ ലക്ഷ്യത്തെക്കുറിച്ചുമുള്ള അറിവുകള്‍ ഇനിമേല്‍ എല്ലാവര്ക്കും സാധ്യമാകത്തക്ക വിധം വെളിപ്പെടുകയുമാണ്.
ഒന്നിന്റെ നിലനില്പിന്റെ കാരണത്തെക്കുറിച്ചുള്ള അറിവ് സ്വായത്തമാകുന്നതിലൂടെ മാത്രം ജീവന് അവസ്ഥാപരമായ ആയിത്തീരല്‍ സംഭവിക്കുന്നില്ലെന്നാണ് മനസിലാക്കാനാവുന്നത്. ഉദാഹരണത്തിന്, സമ്പത്തിന്റെ മഹത്വത്തെക്കുറിച്ചും സാധ്യതയെക്കുറിച്ചും അറിയുന്നു എന്നതുകൊണ്ട് സമ്പന്നനാവുന്നില്ല. സമ്പന്നന് എന്ന അവസ്ഥയും സമ്പത്തിനെക്കുറിച്ചുള്ള അറിവും രണ്ടാണല്ലൊ. അറിഞ്ഞതെന്തോ ആത് ആയിത്തീരുക എന്നതിലൂടെയാണ് ജീവന് അവസ്ഥാപരമായ സാക്ഷാത്കാരം സംഭവിക്കുന്നത്. സാക്ഷാത്കരിച്ചു നില്ക്കുന്ന ജീവന് ആ സാക്ഷാത്കാരം സംഭവിക്കുന്നതിനായി കടന്നുപോയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും വഴികള്‍ പിന്തുടര്ന്ന് പൂര്‍ത്തിയാക്കുമ്പോഴാണ് അറിയുന്ന ജീവന് ആയിത്തീരല്‍ എന്ന സാക്ഷാത്കാരം സംഭവിക്കുന്നത്. ഒരു ജീവന്, യോഗ്യമായ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി ജന്മാന്തരങ്ങളിലൂടെ എത്രത്തോളം മുന്നേറാന്‍ കഴിഞ്ഞുവെന്നതിന് ആനുപാതികമായിരിക്കും ലഭ്യമാകുന്ന ജ്ഞാനവും സാക്ഷാത്കാരത്തിനുള്ള അവകാശവും.
ആയിത്തീരല്‍ എന്ന പൂര്‍ണ്ണതയിലേക്കുള്ള സഞ്ചാരത്തില്‍, പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വിജ്ഞാനവുമായ നേട്ടങ്ങളുടെ മണ്ഡലങ്ങള്‍ കടന്നിട്ടേ ജീവന് കാരണത്തെ അറിയുന്ന ജ്ഞാനമണ്ഡലത്തില്‍ എത്താനാവുന്നുള്ളൂ. പ്രവര്‍ത്തനശേഷിയും അനുഭവങ്ങളും വിജ്ഞാനവുമായി ജീവനില്‍ നിറഞ്ഞിരിക്കുന്ന പുണ്യത്തിനു സംഭവിക്കുന്ന പരിവര്‍ത്തനത്തിലൂടെയാണ് ജ്ഞാനമുത്ഭവിക്കുന്നത്. പുണ്യമെന്ന യോഗ്യത ജ്ഞാനമായി പരിണമിക്കുന്ന ഘട്ടം ജീവനെ സംബന്ധിച്ച് അതീവ ക്ലേശകരവുമാണ്.
സൂക്ഷ്മതരമായി സംഭവിക്കുന്ന അറിവിന്റെ സാക്ഷാത്കാരമാണ് ജ്ഞാനം. സൂക്ഷ്മതരമായ സാക്ഷാത്കാരം സംഭവിക്കാതുള്ള അറിവിനെ വിജ്ഞാനം എന്നു പറയുന്നു. ജ്ഞാനംകൊണ്ട് പൂര്‍ണ്ണതയില്‍ എത്തുന്ന ഒരു ജീവന് പകരുന്ന വിവരണത്തിലൂടെ ഏത് സാധാരണ ജീവനും വിജ്ഞാനമുള്ളവരായി അഥവാ അറിവുള്ളവരായി മാറുന്നു. ഇത്തരത്തില്‍ സാധാരണ ജീവനുകളും ആദിസങ്കല്പത്തെക്കുറിച്ച് അറിയുന്നവരായിത്തീരുന്നു. എന്നാല്‍, അറിയുന്നു എന്നതുകൊണ്ട് ജീവനുകള്‍ ആദിസങ്കല്‍പം പ്രാപിക്കുന്നവര്‍ ആയിത്തീരുന്നുമില്ല. വിജ്ഞാനവും ജ്ഞാനവും തമ്മിലുള്ള അന്തരത്തെ ഇത്തരത്തില്‍ വേര്‍തിരിച്ചു കാണാനാവുന്നു.
ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അനുഭവ ഘട്ടങ്ങള്‍ പിന്നിടുന്നതിലൂടെ ബ്രഹ്മത്തിനു കീഴിലുള്ളതും പരമാത്മാവെന്ന ബ്രഹ്മത്തോളവുമുള്ള കാരണ തത്ത്വങ്ങള്‍ നിറയുന്നതിന് ആനുപാതികമായി ജീവന് ജ്ഞാനിയായിത്തീരുന്നു. ‘തുരീയാതീതം’ എന്ന പരമാത്മ സങ്കല്പത്തിന് അപ്പുറമുള്ള ദര്ശനാതീത അനുഭവങ്ങളിലൂടെ ബോധ്യപ്പെടുന്നതിനൊത്ത് പ്രവര്ത്തിച്ചൊതുക്കുന്നതിലൂടെയാണ് ജീവന് അതീവസത്യപ്രകാശവും ആദിസങ്കല്പവുമായ ജ്ഞാനമാര്ജ്ജിക്കുന്നതിനും കാരണശക്തിയായിത്തീരുന്നതിനും കഴിയുന്നത്. ഒരു ജീവന്റെ ആര്‍ജ്ജിത പുണ്യത്തിനും ആ പുണ്യം പരിവര്‍ത്തിതമാകാന്‍ എടുക്കുന്ന ക്ലേശാനുഭവങ്ങള്‍ നിറയുന്ന ത്യാഗത്തിനും ആനുപാതികമായിരിക്കും ആ ജീവനില്‍ നിറയുന്ന ജ്ഞാനം.
അനന്തവൈപുല്യമുള്ള പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും ഭൂമിയില്‍ ഓരോ ജീവനും എക്കാലത്തും നിലകൊള്ളുന്നത്. ഇക്കാരണത്താലാണ് പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും അവസ്ഥകളുടെയും അറിവിന്റെയുമൊക്കെ മണ്ഡലങ്ങളില്‍ ഓരോ ജീവനും വ്യത്യസ്തരായിരിക്കുന്നത്. എത്ര ശ്രമിച്ചാലും എല്ലാവര്ക്കും എല്ലാമായിത്തീരുന്നതിന് കഴിയാത്തതിന്റെ കാരണത്തെ ഇത്തരത്തില്‍ അറിയാനാവുന്നു.
സമാധിയോടെയാണ് ആദിസങ്കല്‍പം പ്രാപിക്കുന്നതിന് ഗുരുവിനു കഴിഞ്ഞത്. ഇക്കാരണത്താല്‍, ഗുരുവിന്റെ ആദിസങ്കല്പ പ്രാപ്തമായ അവസ്ഥയെ വിവരിക്കാനും, ഗുരുവിന്റെ ജ്ഞാനത്തിനൊത്ത ധര്‍മ്മം പ്രാവര്‍ത്തികമാക്കാനുമുള്ള ഉത്തരവാദിത്വം ശിഷ്യര്ക്കാണുള്ളത്. ഇത്തരമൊരു ധര്‍മ്മം ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ട് ശിഷ്യര്‍ ഗുരുവിനോളം ആകുന്നുമില്ല.
കര്‍മ്മം കൊണ്ട് പൂര്‍ത്തീകരണം സംഭവിച്ച് ജീവന് ജ്ഞാനമായി, കാരണമെന്ന തത്ത്വമായിത്തീരുന്നു. ആ കാരണമാകുന്ന തത്ത്വത്തില്‍ നിന്ന് എല്ലാം ഉത്ഭവിക്കുകയും വിധേയപ്പെട്ട് പ്രവര്‍ത്തിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആ കേന്ദ്രീകൃത ശക്തി വിശേഷമാണ് ആദിസങ്കല്‍പം. ആ സാക്ഷാത്കാരം സാധിച്ച ജീവന്- ആദിസങ്കല്പ ശ്രീ കരുണാകരഗുരു.
ആദിസങ്കല്പ പ്രാപ്തമാകുന്ന ജീവന്റെയും
കീഴിലുള്ള ജീവനുകളുടെയും നിലനില്പ് (അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
പ്രപഞ്ചത്തെ കാരണതരമായി ഉള്‍ക്കൊള്ളുന്ന ആദിസങ്കല്പ പ്രാപ്തനായ ജീവനെ പിന്‍പറ്റി അറിവുകള്‍ നേടുന്നതിനും ആ ജീവനെപ്പോലെ ആയിത്തീരുന്നതിനും പിന്‍പറ്റുന്ന ജീവനുകള്‍ക്ക് സാധിക്കുന്നു. പിന്‍പറ്റി ജീവനുകള്‍ വളര്‍ന്ന് എണ്ണത്തില്‍ പെരുകി, ഉയര്‍ന്ന പ്രവര്‍ത്തനശേഷി ആയിത്തീരുന്നതിലൂടെ ആത്യന്തികമായി ആദിസങ്കല്പ പ്രാപ്തമാകുന്ന ജീവന് പ്രപഞ്ചനിര്മ്മാണ പ്രക്രിയയില്‍ കൂടുതല്‍ ശേഷിയാര്ജ്ജിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണ്ണ സങ്കല്പമായിരിക്കുന്ന അവസ്ഥയില്‍ നിന്നു തുടങ്ങി പരമാണു രൂപം പ്രാപിച്ച് പ്രകൃതിയെ പ്രവര്‍ത്തനങ്ങളായും അനുഭവങ്ങളായും ഉള്‍ക്കൊണ്ട് സമ്പന്നമാവുക എന്നതാണ് ജീവന്റെ പ്രാഥമിക ധര്‍മ്മം. ഇവിടെ മനസിലാക്കാനാവുന്നൊരു യാഥാര്‍ത്ഥ്യമുണ്ട്.. എല്ലാത്തരം പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അറിവും ശേഷിയുമായി ജീവനില്‍ നിക്ഷിപ്തമാകുന്നുവെങ്കിലും ആദിസങ്കല്പമെന്ന കാരണശേഷിയോളം ആകുന്നതിന് ഉപകരിക്കുന്നില്ലെന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുല്യമായ ഫലം ഉറപ്പാകുന്ന പ്രാപഞ്ചികനീതി വ്യക്തമാണെങ്കിലും എല്ലാത്തരം പ്രവര്‍ത്തനങ്ങളുടെയും ഫലം ഒരേ ലക്ഷ്യം പ്രാപിക്കുന്നില്ലെന്നതാണ് ഇതിന്റെ കാരണം.
പ്രപഞ്ചത്തില്‍ വ്യത്യസ്ത അവസ്ഥകളിലുള്ള ഊര്‍ജ്ജത്തെ ജീവന് വ്യത്യസ്ത ലക്ഷ്യങ്ങളോടെ ഉപയോഗിച്ച് വ്യത്യസ്തതകളുള്ള ശേഷിയാര്ജ്ജിക്കുന്നതിനെയാണ് പ്രവര്‍ത്തനം എന്നു പറയുന്നത്. ഊര്‍ജ്ജത്തിന്റെ ഒരേ ഭാവത്തെത്തന്നെ വിവിധ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകുന്നുവെന്നത് അനുഭവമാണ്. ഇത്തരത്തില്‍ ഊര്‍ജ്ജത്തെ എന്തിനായി ഉപയോഗപ്പെടുത്തുന്നുവോ, ഉപയോഗത്തിന്റെ ലക്ഷ്യതരമായ യോഗ്യത എന്തായിരിക്കുന്നുവോ അതിനനുസരിച്ചാണ് ജീവന്റെ നേട്ടങ്ങള്‍ സംഭവിക്കുന്നത്. വ്യക്തികളുടെയും സമൂഹത്തിന്റെയും, പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളുടെയും യോഗ്യതയെ ഇത്തരത്തില്‍ കണ്ടെത്താനാവുന്നു.
നക്ഷത്രമണ്ഡലങ്ങളായി രൂപപ്രാപ്തി സാധ്യമായിരിക്കുന്ന പ്രപഞ്ചത്തിലെ ഓരോ ഭാഗത്തിനും എടുത്തു കാണാനാവുന്ന വ്യത്യസ്തതകള്‍, കാരണമായി നില്ക്കുന്ന ജീവനുകളുടെ വ്യത്യസ്ത യോഗ്യതകളെയാണ് വെളിവാക്കുന്നത്. ഓരോ ഗ്രഹത്തിന്റെയും നക്ഷത്രത്തിന്റെയും പ്രത്യേകതകളെ നിരീക്ഷിക്കുന്നതിലൂടെ ഇതിന് വ്യക്തത ഉണ്ടാവുകയും ചെയ്യുന്നു.
താത്ത്വികമായി, ഒരു ജീവന് മറ്റൊരു ജീവന്റെ മേല്‍ അധികാരാവകാശങ്ങള്‍ ഉണ്ടാകുന്നത്, ആ ജീവനുവേണ്ടി എത്രത്തോളം യോഗ്യതയില്‍ പ്രവര്‍ത്തിക്കാന്‍ ആയിട്ടുണ്ടെന്നതിന് അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ആവുമെന്നതിന് ആനുപാതികമായാണ്. മറ്റ് ജീവനുകള്‍ക്കു വേണ്ടി യോഗ്യതയോടെ ചെയ്യുക എന്നത് സ്വന്തം ആര്ജജിത ശേഷിയില്‍ നിന്നും എടുത്ത് ആയിരിക്കാനേ തരമുള്ളൂ. ഇപ്രകാരം, മറ്റ് ജീവനുകള്‍ക്കു വേണ്ടി ചെയ്യുന്നതിന് ജ്ഞാനവും പ്രവര്‍ത്തന ശേഷിയും ജീവനില്‍ നിറയേണ്ടതുണ്ട്. ആ നിറവെന്നത് ത്യാഗനിര്‍ഭരമായ സ്വന്തം ജീവിതംകൊണ്ട് സംഭവിക്കുന്നതുമാണ്. ആ ത്യാഗമാണ് അവകാശത്തെ നിര്‍ണ്ണയിക്കുന്നത്.
മുമ്പേ പ്രവര്ത്തിച്ചതിന്റെയെല്ലാം സംഗമഫലം എന്നതായി ദേവപദവിയില് വെച്ച് ജീവനു സാധ്യമാകുന്ന, സുഖസൗഭാഗ്യങ്ങള്ക്ക് ഉതകുന്ന പുണ്യം, ദേവപദവി കടക്കുന്നതോടെ ജ്ഞാനമായി പരിണമിക്കുന്നു. ഈ ഘട്ടം ജീവനെ സംബന്ധിച്ച് ആതീവ സങ്കീര്‍ണ്ണവും ക്ലേശഭരിതവുമാണ്. അനുഭവിച്ചു തീര്‍ന്ന കഷ്ട നഷ്ടങ്ങള്കൊണ്ടും ആര്‍ജ്ജിതമായ ജ്ഞാനംകൊണ്ടും നേടിയ അവസ്ഥയ്ക്ക് താഴെയുള്ളവയുടെ മേല്‍ ജീവന് അധികാരിയായിത്തീരുന്നു. സൂക്ഷ്മതരമായ ജ്ഞാനവും അധികാരവും താഴേക്കിടയിലുള്ള ജീവനുകളുടെ ഗുണത്തിനായി വിനിയോഗിക്കുക എന്ന ദുരിതമയമായ കടന്നു പോക്കിനെയാണ് ത്യാഗം എന്നു പറയുന്നത്. ഇത്തരത്തില്‍, ജീവനുകള്‍ക്കു മേലുള്ള യഥാര്‍ത്ഥമായ അധികാരം ത്യാഗത്തിലൂടെ മാത്രം സംഭവിക്കുന്നതായി വരുന്നു. ഈ ത്യാഗം പ്രത്യക്ഷവും സൂക്ഷ്മവുമായി സംഭവിക്കുന്നു. പ്രത്യക്ഷമായി സംഭവിക്കുന്നതിന് ജീവനുകള്‍ക്കിടയില്‍ ബോധ്യമുണ്ടാക്കാന്‍ കഴിയുന്നു എന്നുമാത്രം. ത്യാഗത്തിലൂടെ സാധ്യമാകുന്ന അവകാശത്തിന്റെ പരിധികളാകട്ടെ, ജീവനുകളുടെ ആര്‍ജ്ജിത ശേഷിക്ക് ആനുപാതികമായി നിരവധി ഭാവ-കര്‍മ്മ വൈവിധ്യങ്ങളോടെ പരിധിയില്ലാതെ വളരാവുന്നതുമാണ്.
ജീവനുകള്‍ക്കു മേലുള്ള അധികാരം ത്യാഗമാര്ഗ്ഗമില്ലാതെയും ആജ്ജിക്കാനാവുമെന്നു കാണാം. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുന്ന ജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്ത ഇത്തരം അധികാരം ആ ജീവനില്‍ ഒരു വിരുദ്ധ ശേഷിയായിട്ടാണ് നിക്ഷിപ്തമാകുന്നത്. അതായത്, പ്രവര്‍ത്തനോര്‍ജ്ജം ശക്തിപ്പെടുന്നുവെങ്കിലുംകാരണോര്ജ്ജമായി മാറാത്ത സ്ഥിതിയാണ് ഇവിടെ സംഭവിക്കുന്നത്. കാരണമായിത്തീരുന്ന ജ്ഞാനമായി പരിണമിക്കുന്നതിന് കഴിയാതിരിക്കുന്ന ഈ പ്രവര്‍ത്തന മണ്ഡലം മിക്കപ്പോഴും അതിശക്തവും തിന്മകള് നിറഞ്ഞതും ആയിരിക്കും. കാരണമെന്ന ജ്ഞാനമായി പരിണമിക്കുന്നതിന് സാധ്യമാകാത്ത ഇത്തരം ജീവവിശേഷങ്ങള് കാലാന്തരത്തില്‍ പ്രപഞ്ചത്തിലെ അതിശക്തമായ പ്രവര്ത്തനോര്ജ്ജ നിക്ഷിപ്താവസ്ഥകളായി മാറുന്നു.
സങ്കല്പതരമായ അഥവാ കാരണതരമായ യോഗ്യത പറയാനില്ലാത്ത പ്രവര്ത്തനോര്ജ്ജ നിക്ഷിപ്താവസ്ഥകള്ക്ക് പ്രപഞ്ച നിര്‍മ്മാണ പ്രക്രിയയില്‍ നിയന്ത്രണ ശക്തിയായി മാറുന്നതിന് സാധിക്കാതെ വരുന്നു. എന്തെന്നാല്‍ പ്രപഞ്ചം ഉണ്ടാകുന്ന പ്രവര്‍ത്തനം, അതിന്റെ ഭ്രമണത്തിന്റെ യോഗ്യത വ്യക്തമാക്കുന്നതുപോലെ തന്നെ, സത്യത്തിന്റെ മുന്‍തൂക്കത്തിലാണ് നടപ്പാകുന്നത്. സങ്കല്പതരമായ ഒരു നിക്ഷിപ്ത യോഗ്യതയില്‍ നിന്നല്ലാതെ പ്രവര്ത്തനയോഗ്യത സംഭവിക്കുന്നില്ലാത്തതിനാല്‍, സങ്കല്പ യോഗ്യതക്ക് പ്രാധാന്യവും നിയന്ത്രണവും ഇല്ലായിരുന്നുവെങ്കില്‍ പ്രപഞ്ചം തന്നെ ഉത്ഭവിക്കുമായിരുന്നില്ലെന്നും മനസിലാക്കാം.
ത്യാഗരഹിതമായി, അതായത് കാരണത്തിലേക്കുള്ള ലക്ഷ്യമില്ലാതെ, ജീവനുകള്‍ ആര്‍ജ്ജിക്കുന്ന ശേഷികളെ കാരണജീവന് പ്രപഞ്ച നിര്‍മ്മാണ പ്രക്രിയയിലെ അസംസ്കൃത വസ്തുക്കളാക്കി മാറ്റുന്നു. അവ പലവിധ രൂപങ്ങളിലൂടെ, എന്നാല്‍ സ്വതന്ത്രമായ വിചാരങ്ങളിലൂടെ പ്രവര്‍ത്തിക്കാനാവാതെ, കേവലമായ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളായി നിലകൊള്ളുന്നു. സങ്കല്പതരമായി ഉന്നതമായ ജ്ഞാനമായി പരിണമിക്കാന്‍ കഴിയാതിരിക്കുന്ന ആ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന ജീവനുകള്‍ ഉപയുക്തമാക്കികൂടുതല് ശേഷിയാര്ജ്ജിച്ച് കാരണമെന്ന ലക്ഷ്യത്തില്‍ എത്തുകയും ചെയ്യുന്നു.
ഊര്‍ജ്ജം കോശങ്ങളെന്ന രൂപങ്ങളായാണ് ശരീരത്തില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നു പറയാം. ഈ കോശങ്ങളുടെ സംഗമമാണ് ജീവന്റെ ശരീരമെന്ന പ്രവര്‍ത്തന രൂപം. ജീവന് രൂപം കൊടുക്കുന്ന കോശങ്ങളെന്ന ഊര്‍ജ്ജത്തിന്റെ നിക്ഷിപ്താവസ്ഥ ഒരു ജീവിതത്തോളം നീളുന്ന നിലനില്പുമല്ല. ജ്ഞാനരഹിതമായ, എന്നാല്‍ കേവല പ്രവര്‍ത്തനമായ ഈ കോശങ്ങള്‍ കുറഞ്ഞ കാലത്തെ നിലനില്പിനു ശേഷം, ജീവന്റെ പ്രവര്ത്തനത്താല്ത്തന്നെ രൂപം നശിച്ച് സങ്കല്‍പാവസ്ഥയില്‍ ജീവനില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നു. ഇതിലൂടെ, വികലമായിത്തീര്‍ന്ന ജീവന്റെ പ്രവര്‍ത്തന ശക്തി, സ്വതന്ത്രമായ നിലനില്പ് നഷ്ടപ്പെട്ട് മികച്ച ജീവനില്‍ ലയിക്കുന്നവയായിത്തീരുന്നു.
കോശങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തനോര്‍ജ്ജം ശരീരത്തിനുള്ളില്‍ നിശ്ചിത കാലം പ്രവര്‍ത്തിച്ചതിനു ശേഷമാണ് രൂപം നഷ്ടപ്പെട്ട് ജീവനില്‍ ലയിക്കുന്നത്. കോശങ്ങളുടെ ഉത്ഭവത്തിനും നാശത്തിനും ഇടയ്ക്ക് സംഭവിക്കുന്ന നിലനില്പിന്റെ ഇടവേളയെ, കാലമെന്ന പ്രവര്‍ത്തനത്തിനും ജീവന്റെ ശേഷിക്കും ആനുപാതികമായി, പ്രവര്ത്തനോര്ജ്ജത്തിന് ജീവനില്‍ ലയിക്കുന്നതിനുള്ള പാകപ്പെടലിന് എടുക്കുന്ന സമയം എന്നതായി കാണാനാവുന്നു. ഇത് പ്രപഞ്ചത്തിന്റെ മുഴുവനായ ജീവിത കാലത്തിനിടയില്‍ നിരവധിയായ നക്ഷത്രങ്ങളും മറ്റും ജനിച്ചു മരിച്ച് കാരണ ശക്തിയില്‍ ലയിക്കുന്നതിനു തുല്യമായി ജീവരൂപത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനവുമാണ്.
ജീവന്റെ നിയന്ത്രണത്തില്‍, ജീവന്റെ പ്രവര്‍ത്തന രൂപത്തിനുള്ളില്‍ നശിക്കുന്ന സെല്ലുകളിലെ നിക്ഷിപ്തോര്ജ്ജത്തിന് സങ്കല്‍പാവസ്ഥയില്‍ ജീവനില്‍ത്തന്നെ ലയിക്കുന്നതിനേ കഴിയൂ. പ്രപഞ്ചത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്ന ജ്യോതിര്‍ രൂപങ്ങള്‍ പ്രവര്‍ത്തനാനന്തരം സങ്കല്പതരമായി പ്രപഞ്ച കാരണത്തില്‍ ലയിക്കുന്നുവെന്നതിന് തുല്യമായി, ജീവരൂപത്തില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്ന കോശങ്ങളില്‍ നിക്ഷിപ്തമായിരുന്ന ഊര്‍ജ്ജം അന്തിമമായി ജീവനില്‍ത്തന്നെ ലയിക്കുന്നു. ഇത്തരത്തില്‍ ജീവനില്‍ നിറയുന്ന ഊര്‍ജ്ജത്തിന്റെ യോഗ്യതാവിശേഷങ്ങളാണ് മനസ് എന്നതായി അനുഭവത്തില്‍ വരുന്നത്. മനസിനെ ഇത്തരത്തില്‍ ഊര്‍ജ്ജത്തിന്റെ അതീവ സൂക്ഷ്മമായ പ്രവര്‍ത്തന യോഗ്യത എന്നതായി കാണാനാവുന്നു. യോഗ്യതാപരമായി താണ നിലവാരത്തിലുള്ള ഊര്‍ജ്ജത്തെ ജീവന് പരിവര്‍ത്തനപ്പെടുത്തി സാധ്യമാക്കുന്ന മനസ്സെന്ന പ്രതിഭാസത്തിന് ജീവന്റെ ഭാഗമായി നില്ക്കുന്നതിനു മാത്രമേ കഴിയുന്നുള്ളൂ. ഇപ്രകാരം സൂക്ഷ്മതരമായി മനസ് ഉല്പത്തിയാവുന്നതിന്റെ വഴികളിലൂടെ പുറകോട്ട് സഞ്ചരിച്ചാല്‍ വ്യക്തമാവുക, ആ പ്രവര്‍ത്തനത്തിന്റെ തുടക്കം എവിടെ നിന്നെന്നു പറയാന്‍ നിവൃത്തിയില്ലാത്ത വിധം അനന്ത വിദൂരവും അനന്ത വ്യത്യസ്തങ്ങളുമായ എന്തെക്കെയോ അവസ്ഥകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ആയിരുന്നുവെന്നാണ്. ആദിമുതലുള്ള പ്രവര്‍ത്തന സ്വഭാവങ്ങളുടെ പരിണതി എന്ന നിലയില്‍ മനസ് സകലതിലും വ്യാപരിക്കുന്ന പ്രതിഭാസമായി നിലവില്‍ വരികയും ചെയ്യുന്നു. ഇക്കാരണത്താല്‍ത്തന്നെ സകലതും മനസിന്റെ അംശങ്ങളോ സകലതിനും മനസില്‍ നിക്ഷിപ്തമാകുന്നതിന് കഴിയുന്നതോ, മനസിന് സകലതും ആവാന്‍ കഴിയുമെന്നതോ ആയി മനസിലാക്കാം. ശരീരത്തില്‍ ജീവന് പ്രവര്‍ത്തിക്കുന്ന ഈ തത്ത്വം ഗ്രഹിക്കുന്നതിലൂടെ, ലക്ഷ്യം പിഴച്ച ജീവിതംകൊണ്ട് സത്യം പ്രാപിക്കാനാകാതെ നിക്ഷിപ്തമാകുന്ന ഊര്‍ജ്ജ വിശേഷങ്ങളെ കാരണജീവനുകള് പ്രപഞ്ചനിര്‍മ്മിതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് സാമാന്യമായി ഗ്രഹിക്കാനാവുന്നു.