ആദിസങ്കല്പശ്രീ കരുണാകരഗുരു
ആലപ്പുഴ ജില്ലയിലെ ചന്തിരൂരില്‍ ചിറ്റേക്കാട്ട് ഗോവിന്ദന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1927 സെപ്റ്റംബര്‍ 1-നാണ് കരുണാകരഗുരു ജനിച്ചത്. ഗുരുവിന്റെ ജനനശേഷം ഏതാനും മാസങ്ങള്‍ക്കകം സംഭവിച്ച അച്ഛന്റെ മരണവും തുടര്‍ന്നുണ്ടായ അമ്മയുടെ പുനര്‍വിവാഹവും നിമിത്തം വളരെ ചെറുപ്പത്തില്‍ത്തന്നെ ക്ലേശഭരിതമായ അനുഭവങ്ങളിലൂടെ ഗുരുവിന് ജീവിക്കേണ്ടതായി വന്നു. കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും ചെയ്യാന്‍ സാഹചര്യങ്ങള്‍ ഗുരുവിനെ അനുവദിച്ചതുമില്ല. ചെറുപ്പം മുതല്‍ത്തന്നെ സാധാരണമായ ഭൗതിക ജീവിതത്തില്‍ താത്പര്യം ഇല്ലാതിരുന്ന ഗുരുവിന് ആത്മശാന്തിക്ക് ഉതകുന്ന സന്ന്യസ്ത ജീവിതമായിരുന്നു ലക്ഷ്യം.
നന്നെ ചെറുപ്പത്തില്‍ ആരംഭിച്ച ക്ലേശഭരിതമായ ജീവിതത്തിന്റെ ത്യാഗതരമായ പരിവര്‍ത്തനമാണ് ഗുരുവിന്റെ കൗമാര യൗവ്വന കാലങ്ങളില്‍ സംഭവിച്ചത്. ആത്മാന്വേഷിയായിരുന്ന ആ ജീവന് മിക്കപ്പോഴും, ഭക്ഷണവും വസ്ത്രം തന്നെയും ഇല്ലാതെ ജീവിതം അതികഠിനമായ അനുഭവമായിരുന്നു. കിടക്കാന്‍ ഇടമില്ലാതെ നാല്പത് ദിവസത്തിലധികം കടല്‍ത്തീരത്തെ മണലില്‍ ഗുരുവിന് രാത്രികള്‍ കഴിച്ചുകൂട്ടേണ്ടതായി വന്നിട്ടുണ്ട്. ഉന്തുവണ്ടിയില്‍ കൊണ്ടുനടന്ന് ചായയും കടികളും വിറ്റിരുന്ന ഒരാള്‍ ദയാപൂര്‍വ്വം കൊടുത്തിരുന്ന ഒരു പപ്പടവടയും ചായയും ആയിരുന്നു ആ ദിവസങ്ങളില്‍ ഗുരുവിന്റെ ഭക്ഷണം.
യുവാവായിരുന്ന ഗുരുവിന്റെ ഇത്തരമൊരു ഇല്ലായ്മകള്‍ നിറഞ്ഞ അനുഭവത്തിന്റെ കാരണത്തെക്കുറിച്ചും സാമാന്യമായി ഇവിടെ പറയേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, ഭൗതികമായ കാഴ്ചപ്പാടിലും സാമൂഹിക വ്യവസ്ഥിതിക്കൊത്ത വിധവും മാത്രം ചിന്തിക്കാന്‍ ശീലിച്ചിട്ടുള്ള മനസുകള്‍ക്ക് ഈ അനുഭവമെന്നത് തൊഴില്‍ ചെയ്തു ജീവിക്കാനുള്ള വിമുഖത കൊണ്ടല്ലെ എന്ന സംശയം ഉണ്ടാകാവുന്നതാണ്. എന്നാല്‍, ലോകത്ത് ജനിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള ഗുരുക്കന്മാരുടെ ജീവിതം ശ്രദ്ധിച്ചാല്‍, ഇതിനു സമാനമായ ക്ലേശഭരിതമായ അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രം ജ്ഞാനതരമായ ഔന്നത്യം പ്രാപിച്ചതായാണ് വ്യക്തമാവുന്നത്. മോസസ്, ബുദ്ധന്, യേശു, നബി എന്നീ ഗുരുക്കന്മാരുടെ ജീവിതം ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ദൈവം എന്ന കാരണശേഷി, കാലമെന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായ പ്രകൃതിയിലൂടെ വളര്‍ത്തുന്ന ജീവനുകളുടെ പരിവര്‍ത്തനത്തിനായുള്ള അനുഭവവും നിശ്ചയിച്ചിരിക്കുന്നു എന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണമായി പറയാനുണ്ടാവുന്നത്. ഈ അവസ്ഥയെക്കുറിച്ച് ചുരുക്കിപ്പറഞ്ഞാല്‍, ത്യാഗമാണ് ജ്ഞാനത്തിലേക്കും ആത്മീയമായ ഔന്നത്യത്തിലേക്കുമുള്ള ഒരേയൊരു വഴി എന്നാണ് വ്യക്തമാവുക.
ബാല്യത്തിലും കൗമാരത്തിലും നിലവിലെ രീതിയിലുള്ള ഹിന്ദു സമ്പ്രദായത്തിലായിരുന്നു ഗുരുവിന്റെ ജീവിതചര്യകളെല്ലാം. ക്രമേണ സംഭവിച്ചുകൊണ്ടിരുന്ന അസാധാരണമായ ആദ്ധ്യാത്മികാനുഭൂതികള്‍ ഗുരുവിനെ ജ്ഞാനമണ്ഡലത്തിന്റെ പുതിയ മേഖലകളിലേക്ക് നയിച്ചു. അപാരമായ ആ മഹാജ്ഞാനം സനാതന ഗുരുക്കന്മാരുടെയും ഋഷിപരമ്പരകളുടെയും ദേവസമ്പ്രദായത്തിന്റെയും മറ്റും പൊരുളറിയുന്നതിന് ഗുരുവിനെ പ്രാപ്തനാക്കുക തന്നെ ചെയ്തു.
ജീവന് എന്ന പ്രതിഭാസത്തെക്കുറിച്ച് മറ്റെങ്ങും സാധ്യമാകാത്ത വിധത്തിലുള്ള വിവരണങ്ങളാണ് ഗുരുവില്‍ നിന്ന് ലഭിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പോയകാല ആദ്ധ്യാത്മിക സങ്കല്പങ്ങളിലെ ഏറ്റവും മഹത്തായ അറിവായി പരിഗണിക്കപ്പെടുന്ന ബ്രഹ്മസങ്കല്പത്തിനപ്പുറം അതീവസത്യപ്രകാശം, ആദിസങ്കല്‍പം എന്നിങ്ങനെ നവീനമായ ആദ്ധ്യാത്മിക തലം വിവരിക്കുന്നതിന് ഗുരുവിന്റെ മഹാജ്ഞാനത്തിന് കഴിയുന്നു. സമ്പൂര്‍ണ്ണമായ മഹാപ്രവര്‍ത്തനം എന്ന പ്രപഞ്ചത്തിന്റെ ഭാഗമായ ഭൂമിയില്‍ നിര്‍മ്മിതമായി പ്രവര്ത്തിച്ചുനില്ക്കുന്ന ജീവന് ജന്മാന്തരങ്ങളിലൂടെ പ്രപഞ്ചകാരണ ശേഷിയായി വികസിതമായി പുതിയൊരു പ്രപഞ്ചത്തിന് കാരണമായിത്തീരുന്ന വഴികള്‍ കണ്ടറിയുന്നതിന് ഗുരു ആര്‍ജ്ജിച്ച മഹാജ്ഞാനംകൊണ്ട് സാധിച്ചുവെന്നത് മാനവരാശിയുടെ ആദ്ധ്യാത്മിക വിചാരമണ്ഡലത്തിലെ മഹാസംഭവമാണ്.
`
നമ്മുടെ പ്രപഞ്ചം അനന്ത മഹാശൂന്യതയില്‍ ജനിക്കുന്നതിന് കാരണമായിരിക്കുന്ന ശക്തിവിശേഷത്തെയാണ് ഇവിടെ ആദിസങ്കല്‍പം എന്നു വിളിക്കുന്നത്. പോയ കാലത്തിന്റെ ആദ്ധ്യാത്മിക സങ്കല്പങ്ങള്ക്ക് എത്തിച്ചേരാന്‍ ആവാതിരുന്നതും വിദൂര ഭാവനകളില്‍ പോലും ഇല്ലാതിരുന്നതുമായ അവസ്ഥയാണ് ആദിസങ്കല്‍പം എന്നത്.
1999 മെയ് 6-ന് സംഭവിച്ച മഹാസമാധിയോടെ അന്തിമമായി ഗുരുവിന്റെ ജീവന് എത്തിച്ചേരാന്‍ സാധിച്ച മണ്ഡലം ആദിസങ്കല്‍പം ആയതുകൊണ്ടാണ് ആദിസങ്കല്പശ്രീ കരുണാകരഗുരു എന്ന് ആദരപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്നത്.
കേവലമായ ആദ്ധ്യാത്മികതക്കപ്പുറം, ആദ്ധ്യാത്മികമെന്നും ഭൗതികമെന്നും വേര്‍തിരിച്ചു കാണാന്‍ തന്നെ യാതൊന്നുമില്ലാത്ത വിധം സമഗ്രമായും വ്യക്തതയോടെയും, ജീവന്റെയും ജീവിതത്തിന്റെയും അര്‍ത്ഥവും ലക്ഷ്യവും വിവരിച്ചു തരാന്‍ ഗുരുവിന് കഴിയുന്നു. തെളിവുകള്‍ തേടുന്ന സയന്‍സിന്റെ യുക്തിക്കും തത്ത്വശാസ്ത്രത്തിന്റെ വിചാരപരമായ ഔന്നത്യത്തിനും ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം ഭദ്രമാണ് ഗുരുവിന്റെ മഹാജ്ഞാനം.
തുരീയം എന്ന ആത്മപ്രഭാവത്തില് നിന്നുകൊണ്ട് ജീവന് സാധ്യമാവുന്ന ദര്‍ശനം, അശരീരി എന്നീ അനുഭവങ്ങള്‍ക്കപ്പുറം സംഭവിക്കുന്ന, തുരീയാതീതമായ അവസ്ഥയിലൂടെ നിലവിലെ ഭൗതിക-ആദ്ധ്യാത്മിക സങ്കല്പങ്ങള്ക്ക് അപ്പുറം കടന്നുപോകുന്ന ജീവന്റെ ജ്ഞാനപഥത്തിലെ കാഴ്ചകള്‍ എന്ന നിലയിലാണ് അതീവസത്യപ്രകാശവും ആദിസങ്കല്പവും എന്ന സൂക്ഷ്മലോകങ്ങളെ വിവരിക്കുന്നതിന് ഗുരു പ്രാപ്തനായിത്തീര്ന്നത്. ജീവന്റെയും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും പ്രവര്‍ത്തനത്തിന്റെ പൊരുള്‍, ശാസ്ത്രവും ആദ്ധ്യാത്മികതയും ഒക്കെയായുള്ള അന്വേഷണങ്ങള്‍ കൊണ്ട് സാധിക്കാത്ത വിധം വ്യക്തതയോടെ, ഗുരുവില്‍ നിന്ന് ലഭ്യമാണ്. ഇത്തരത്തില്‍ സാധ്യമായിരിക്കുന്ന മഹാജ്ഞാനമാണ് ആദിസങ്കല്പശ്രീ കരുണാകരഗുരുവിനെ ഗുരുക്കന്മാര്ക്കിടയിലെ മഹാഗുരു ആക്കുന്നത്.
ഞങ്ങള്‍ ശിഷ്യരെ സംബന്ധിച്ചിടത്തോളം, ഓരോരുത്തരുടെയും ജീവന്റെ ശേഷിക്കനുസരിച്ച് ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിങ്ങനെ സാധ്യമാകുന്ന വിവിധ തലങ്ങളില്‍ സൂക്ഷ്മാനുഭവങ്ങള്‍ തരുന്നതിന് ഗുരുവിന്റെ തുരീയാതീതമായ ആത്മശേഷിക്ക് കഴിഞ്ഞിരുന്നു. ഇന്ദ്രിയങ്ങള്‍ക്ക് സാധ്യമാകുന്ന അനുഭവങ്ങള്‍ക്കപ്പുറം, വിവിധ മാനങ്ങളിലുള്ള ദര്‍ശനവും അശരീരിയും അറിവുകളും ലഭിക്കുന്ന വിധം ശിഷ്യരെ ശേഷിയുള്ളവര്‍ ആക്കുന്നതിനും ഗുരുവിന് കഴിഞ്ഞു. എങ്കിലും, ശിഷ്യരില്‍ ആര്‍ക്കെങ്കിലും ഗുരു ആര്‍ജ്ജിച്ച മഹാജ്ഞാനത്തിനും അവസ്ഥയ്ക്കും അടുത്തെങ്ങും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
ജീവന്, മനസ് എന്നിങ്ങനെ പ്രവര്‍ത്തിക്കുന്ന നാം തന്നെയായ, എന്നാല്‍ നമുക്ക് വ്യക്തതയൊന്നും ഇല്ലാത്ത പ്രതിഭാസത്തെ ഗുരുവിന്റെ മഹാജ്ഞാനം ശാസ്ത്രീയമായി വിവരിക്കുന്നു. കാലം ഇതുവരെ മനുഷ്യന്റെ തലമുറകള്‍ക്ക് ശാസ്ത്രീയമായി നിര്‍വ്വചിക്കാന്‍ കഴിയാതിരുന്ന താന്‍ തന്നെയായ ജീവന്, മനസ് എന്ന പ്രാപഞ്ചികമായ സമസ്യക്ക് ഇതിലൂടെ പൂരണം സംഭവിക്കുകയാണ്. മാനവരാശിക്ക് ഭൂമിയില്‍ ജീവിച്ച് സാധ്യമായ ഏറ്റവും വലിയ നേട്ടമായി എന്നേക്കും പരിഗണിക്കാനുണ്ടാവുന്നതും ഈ അറിവ് തന്നെയാണ്.
മനുഷ്യജീവിതത്തെ പരിവര്ത്തിതമാക്കുന്ന പ്രമുഖ ശക്തികളായ കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളുടെ നവോത്ഥാനത്തിന്റെ കാരണമായിത്തീരുന്നതിനും ഇന്നോളം മനുഷ്യന്റെ ഭാവനയില്‍ത്തന്നെ ഉണ്ടാകാത്തതുമായ തികവുറ്റ ലോകം കെട്ടിപ്പടുക്കുന്നതിനും ഗുരുവിന്റെ മഹാജ്ഞാനത്തിന് സാധിക്കുക തന്നെ ചെയ്യും.
എന്തെല്ലാം നേടാനായിട്ടും സ്വന്തം ജീവന് എന്നത് എന്താണെന്ന് അറിയാന്‍ കഴിയുന്നില്ല എന്നതു തന്നെയാണ് വാസ്തവത്തില്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ആ പ്രശ്നത്തിന് പരിഹാരമാവുകയെന്നാല് മാനവരാശിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവുന്ന വഴികള്‍ തെളിയുന്നുവെന്നുമാണ്.
ചുരുക്കത്തില്‍, മറ്റൊന്നിന് ഇട നല്‍കാത്ത വിധം മാനവരാശിക്കായി പൂര്‍ണ്ണമായ അറിവിനെ പ്രദാനം ചെയ്യുന്നു എന്നതിലാണ് ഗുരുവിന്റെ പ്രസക്തി. ഇക്കാരണം കൊണ്ടുതന്നെ ലോകത്ത് അവതരിച്ച മറ്റ് ഗുരുക്കന്മാര്ക്കും മഹാത്മാക്കള്‍ക്കും ഗുരുവായി ആദിസങ്കല്പശ്രീ കരുണാകരഗുരു നിലകൊള്ളുന്നു.
ഞങ്ങളുടെ തുടരുന്ന വിവരണങ്ങളിലൂടെ, എല്ലാറ്റിനെയും കണ്ടറിയുന്ന ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും ബോധ്യപ്പെടാവുന്നതാണ്.
ജീവന് ഗുരുവായി മാറുന്ന വഴികള്‍
അറിയുകയും അറിയുന്നത് ആയിത്തീരുകയും എന്ന ശേഷി പ്രാപിക്കുന്ന ജീവന് ഗുരു എന്ന അവസ്ഥയില്‍ എത്തുന്നു. അറിയുന്നതിനും ആയിത്തീരുന്നതിനും കഴിയുന്നത് ജീവനു മാത്രമാണ്. ജീവനല്ലാത്ത ഒന്നിലേക്കും ഒരവസ്ഥയിലക്കും അറിവ് നിക്ഷിപ്തമാകുന്നില്ല. അറിയുക എന്നതുകൊണ്ട് പ്രപഞ്ചത്തെ അറിയുക എന്നു തന്നെയാണ് മനസിലാക്കാനുണ്ടാവുക. പ്രപഞ്ചത്തെ അറിയുക എന്നതാകട്ടെ, എന്തിനെയും അത്രത്തോളമായി സൂക്ഷ്മമായി ജീവനില്‍ നിക്ഷിപ്തമാക്കുക എന്നതുമാണ്. ഇപ്രകാരം അറിവ് എന്ന നിലയില്‍, അത് എത്ര ചെറിയ സംഗതിയെക്കുറിച്ചു തന്നെ ആയിരുന്നാലും, അനുഭവങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ആനുപാതികമായി നാമായിരിക്കുന്ന ജീവന് ഓരോന്നും പ്രപഞ്ചത്തെ അത്രത്തോളമായി സൂക്ഷ്മമായി ഉള്ക്കൊണ്ടുകൊണ്ടിരിക്കുന്നു.
പ്രപഞ്ചത്തെയല്ലാതെ ജീവന് മറ്റൊന്നിനെയും കുറിച്ച് അറിയാനും സൂക്ഷ്മമായി ഉള്‍ക്കൊള്ളാനും ഉണ്ടാകുന്നില്ലല്ലൊ. കാരണം, അറിയാനുണ്ടാവുന്ന എന്തു തന്നെയായാലും അത് പ്രപഞ്ചാംശം മാത്രമാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവെന്തോ അതാണ് അറിവിന്റെ പരമാവധി എന്ന അവസ്ഥ. ആ അറിവെന്നത് പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തെക്കുറിച്ചും ആ മഹാ പ്രവര്‍ത്തനത്തിന്റെ കാരണമെന്ന മഹാശക്തിയെക്കുറിച്ചും സംഭവിക്കണം. പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിന്റെ വ്യക്തത എന്ന അറിവെന്തോ അതാണ് ശാസ്ത്രം. പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിന്റെ കാരണമെന്ന അറിവെന്തോ അതാണ് ജ്ഞാനം. അറിവിന്റെ ഈ രണ്ടു മാനങ്ങളും ഒരേപോലെ സമന്വയിച്ചു നില്ക്കുന്ന ജീവനാണ് ഗുരു എന്ന തലത്തിലേക്കു കടന്ന് ഉന്നതനായിത്തീരുന്നത്.
ഭൗതികവും സൂക്ഷ്മവുമായ, അതായത് കാര്യവും കാരണവുമായ അറിവിന്റെ രണ്ടു മാനങ്ങളും ഇത്തരത്തില്‍ ഉള്‍ക്കൊണ്ട് ശക്തമായി നില്ക്കുന്ന ജീവന് താന്‍ തന്നെയായിരിക്കുന്ന ജീവന് എന്ന പ്രതിഭാസത്തിന്റെ കാരണതരമായ അവസ്ഥകളെ അറിയുന്നതിന് കഴിയുന്നു. ഇങ്ങനെ കാര്യത്തെയും കാരണത്തെയും കണ്ടറിയുന്ന, ശക്തമായ ജ്ഞാനാവസ്ഥ പ്രാപിച്ച ജീവശേഷിക്ക് അതിന്റെ സ്വാഭാവികതയോടെ തന്നെ സകല വിധമായ നിലനില്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം എന്തെന്നറിയുന്നതിന് കഴിയുന്നു. ത്രികാലബോധമാര്ന്ന ആ അവസ്ഥ പ്രാപിച്ചു നില്ക്കുന്ന ജീവനാണ് ലോകത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കുന്ന ഗുരു എന്നത്.
എല്ലാ മേഖലകളിലും എന്നതുപോലെ, ഉന്നത ജീവനുകളായ ഗുരുക്കന്മാരിലും ജ്ഞാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചു നില്ക്കുന്നു. ഇക്കാരണത്താല്‍ ഗുരു എന്ന അവസ്ഥയില്‍ എത്തി നില്ക്കുന്ന നിരവധിയായ ജീവനുകള്‍ക്ക് ഇടയില്‍ അന്തരങ്ങളും വലുപ്പച്ചെറുപ്പങ്ങളും ഉണ്ടായിരിക്കുകയും ചെയ്യുന്നു. പ്രപഞ്ചകാരണത്തോളവും ആ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യത്തോളവും പൂര്‍ണ്ണമായി അറിയുകയും സൂക്ഷ്മതരമായി ആയിത്തീരുകയും ചെയ്യുന്ന ഗുരു ഗുരുക്കന്മാര്‍ക്കിടയില്‍ മഹാഗുരുവായിത്തീരുന്നു.
കാലമെത്തുമ്പോള്‍, നമ്മുടേതു പോലുള്ള മറ്റൊരു പ്രപഞ്ചം അന്ധകാര ഭരിതമായ അനന്ത മഹാശൂന്യതയില്‍ ഉത്ഭവിച്ച് പ്രവര്‍ത്തനമായി നിലകൊള്ളാന്‍ കാരണമായിത്തീരുന്ന ശേഷിയുമാണ് പ്രപഞ്ചത്തെ സൂക്ഷ്മമായി ഉള്‍ക്കൊണ്ടു നില്ക്കുന്ന മഹാഗുരു. ഇത്തരത്തില്‍ പ്രാപ്തമാവുന്ന ജീവനുകളില്‍ നിന്ന്, കാലമെന്ന പുതിയ പ്രവര്‍ത്തനത്തിന്റെ തുടക്കമെന്ന നിലയില്‍, അന്ധകാര ഭരിതമായ അനന്ത മഹാശൂന്യതയില്‍ നമ്മുടേതു പോലുള്ള നിരവധിയായ പ്രപഞ്ചങ്ങള്‍ രൂപം പ്രാപിച്ച് പ്രവര്‍ത്തിക്കുക തന്നെ ചെയ്യുന്നു. നാമാകുന്ന ജീവനുകളെ ഭൂമിയില്‍ ജനിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും, ഒരു സാധാരണ ജീവന് ജന്മാന്തരങ്ങളിലൂടെ വളര്‍ന്ന് തന്നോളമെത്താത്ത ജീവനുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് ക്രമീകരിക്കുന്നതിന്റെയും പ്രാപഞ്ചികമായ ലക്ഷ്യം ഇതാകുന്നു.
പ്രാപഞ്ചികമായ ലക്ഷ്യത്തിലേക്കുള്ള അറിവുകള്‍ നേടാന്‍ ജീവനു സാധിക്കുന്നത് മനസ് എന്ന സൂക്ഷ്മമായ പ്രവര്‍ത്തനം കൊണ്ടാണ്. രൂപമുള്ളതും ഇല്ലാത്തതുമായ പ്രാപഞ്ചിക വിശേഷങ്ങളെ ജീവന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ് ജീവനില്‍ത്തന്നെ സൂക്ഷ്മമായി നിക്ഷിപ്തമാക്കുന്നത് മനസ് എന്ന പ്രവര്‍ത്തനത്തിലൂടെയാണ്. വലിയ മനസ്സെന്നാല്‍ പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തെയും അവസ്ഥയെയും അത്രത്തോളമായി സൂക്ഷ്മമായി ഉള്‍ക്കൊണ്ട് ജീവനിലെത്തിച്ച പ്രവര്‍ത്തനത്തിന്റെ നിറവ് എന്നാണ് മനസിലാക്കാനുണ്ടാവുക. പ്രപഞ്ചത്തെ സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്നതിനും ഒപ്പം, ഉള്‍ക്കൊണ്ടതിനെ സൂക്ഷ്മമായി വിലയിരുത്തുന്നതിനും ജീവന് ഉപയോഗപ്പെടുത്താനുണ്ടാകുന്നത് മനസ് എന്ന ശേഷിയെ മാത്രമാണ്.
ജീവനെ അറിവാക്കി, തുടര്‍ന്ന് ജ്ഞാനമാക്കി മാറ്റുന്ന മനസ് എന്ന പ്രവര്‍ത്തനത്തെ ഇവിടെ സാമാന്യമായൊന്നു കണ്ടു പോകേണ്ടതുണ്ട്. പ്രപഞ്ചമെന്ന സമ്പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉല്പത്തിയാകുന്ന ജീവന്, ഏതര്‍ത്ഥത്തിലും ഉപയുക്തമാക്കുന്നതിനും അനുഭവിക്കുന്നതിനും ഊര്‍ജ്ജത്തിന്റെ ഭാവവൈവിധ്യങ്ങള്‍ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇക്കാരണത്താല്‍ മനസ് എന്നത്, അത്തരത്തില്‍ ജീവന് പ്രവര്‍ത്തിക്കുന്നതിനു തക്കവണ്ണം സംഭവിച്ച ഊര്‍ജ്ജ നിക്ഷിപ്താവസ്ഥയുമാണ്. എന്താണ് മനസ് എന്നു വിശദമായി അറിയുന്നതിനു മുമ്പ്, അറിവാര്ജ്ജിക്കുന്നതിനും സകലതിനും കാരണമായിത്തീരുന്നതിനും ജീവനെ പ്രാപ്തമാക്കുന്ന സംവിധാനമായി മനസ് ഉല്പത്തിയാകുന്ന വഴികള്‍ അറിയുക തന്നെ വേണം. ജീവന്റെ അതിപ്രധാന പ്രവര്‍ത്തനമായ മനസ്, ഊര്ജ്ജവൈവിധ്യങ്ങളുടെ സംഗമവൈഭവമായി ജീവന് ഭൂമിയില്‍ ഉല്പത്തിയായി ആദ്യ കോശമായി പ്രവര്‍ത്തിച്ചു നില്ക്കുമ്പോള് ഉല്പത്തിയായിട്ടില്ലെന്നു പറയാം.
ജീവന് എന്ന നിലയില്‍ ആദ്യജീവകോശം ഭൂമിയില്‍ ഉല്പത്തിയായാല്ത്തന്നെ അതേപടി പ്രവര്‍ത്തിച്ചു നില്ക്കുന്നതേയില്ല. കോശമായി രൂപംകൊണ്ട ജീവന്, പ്രകൃതിയായി അനുഭവപ്പെടുന്ന പ്രാപഞ്ചികമായ പ്രവര്‍ത്തനം നിമിത്തം നിരന്തരമായി പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കും. അതായത് ജനിക്കുന്നു; അവസ്ഥാ മാറ്റം എന്ന വളര്‍ച്ച സംഭവിക്കുന്നു; മരിക്കുന്നു. ജീവന്റെ ഈ അനുഭവം അല്ലെങ്കില്‍ സ്വഭാവമെന്നത് അടിസ്ഥാനപരമായി പ്രപഞ്ചത്തിന്റെ അനുഭവവും സ്വഭാവവും തന്നെയാണ്. രൂപമില്ലായ്കയില് നിന്ന് രൂപമായിത്തുടങ്ങി പ്രവര്‍ത്തനമായി ശക്തിപ്പെട്ട് വികസിതമായി അവസാനം മരിക്കുന്ന പ്രപഞ്ചത്തിന്റെ തനിസ്വഭാവം ജീവനിലേക്കും പകര്‍ന്നു കിട്ടുന്നു. പ്രപഞ്ചം എന്നത്, ഉല്പത്തിയിലും നിലനിന്നുള്ള പ്രവര്‍ത്തനത്തിലും പര്യവസാനത്തിലും വൈവിധ്യങ്ങളോടെയുള്ള ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനം എന്നതു മാത്രമാണ്. ജീവന് എന്നതാകട്ടെ ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സംഗമ വൈഭവവും, പ്രവര്‍ത്തനമെന്നത് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ വിനിമയവും, മരണം ഊര്‍ജ്ജ വിനിമയത്തിന്റെ വിരാമവുമാണ്. പ്രപഞ്ചത്തിന്റെ തനതു ഗുണമാണ് എല്ലാ അര്‍ത്ഥത്തിലും ജീവന് ഉണ്ടായിരിക്കുന്നത്..
പ്രപഞ്ചം ഉത്ഭവിച്ചതാണെന്നും വളര്‍ന്ന് ഇന്നത്തെ നിലയില്‍ എത്തിയെന്നും വളര്‍ച്ച പൂര്‍ത്തീകരിച്ച് അവസാനം മരിക്കുമെന്നും ഇന്ന് നമുക്ക് നല്ല വ്യക്തതയുണ്ട്. ഈ വ്യക്തത പക്ഷേ, നമ്മുടെ നേരിട്ടുള്ള അനുഭവമല്ല. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ മനസിന്റെ ഇടപെടലിലൂടെ സാധ്യമാകുന്ന യുക്തിബോധം നമ്മോട് തറപ്പിച്ചു പറയുന്നതാണ്. ഭദ്രമായ യുക്തി ശാസ്ത്രവും തത്ത്വവുമായി മാത്രം ബന്ധപെട്ടു നില്ക്കുന്നു. ഭദ്രമായ യുക്തി സത്യമാണ്. അത് നിഷേധിക്കാനാവുകയില്ല.. ഭദ്രമായ യുക്തികൊണ്ട് നമുക്കും മനസിലാക്കാം, പ്രപഞ്ചത്തിന്റെ തനത് സ്വഭാവമെല്ലാം നമ്മുടെ ജീവനിലും സംഭവിക്കുമെന്ന്.. അത് സംഭവിക്കുന്നതു പക്ഷേ, ഒരു ദിവസംകൊണ്ടോ ഒരു ജന്മംകൊണ്ടോ ആയിരിക്കുകയില്ലെന്നു മാത്രം. കാരണം, പ്രപഞ്ചമെന്നത് അത്രയധികം അനുഭവിച്ച് ഉള്ക്കൊള്ളാനുള്ളതാണല്ലൊ.. ജനിച്ചു പ്രവര്‍ത്തിച്ചു മരിക്കുന്ന പ്രപഞ്ചത്തിന്റെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന്നിടയില്‍ നമ്മെപ്പോലുള്ള അനേകം ജീവനുകളും മനസുകളും ജനിച്ചു പ്രവര്‍ത്തിച്ച് വികസിതമായി മരിച്ച് സൂക്ഷ്മമായി പ്രപഞ്ചത്തില്‍ത്തന്നെ നിക്ഷിപ്തമാകുന്നുവെന്നും നമുക്ക് മനസിലാകുന്നു.
നിരന്തരമായി ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളുന്ന പ്രവര്ത്തനമാകുന്നതുകൊണ്ട് ഭൂമിയില്‍ ജനിച്ച ആദ്യ ജീവകോശത്തിന് വികസിതമാകാതെ നിലനില്ക്കാന് കഴിയാത്തതായി വരുന്നു. ജീവപ്രവര്‍ത്തനം എന്നതാകട്ടെ, ഒരു പൂര്ണ്ണരൂപമെന്ന നിര്‍മ്മിതിയില്‍ മാത്രം നിലനില്‍ക്കുന്നതിന് സാധ്യമാകുന്ന അവസ്ഥയുമാണ്. ഇപ്രകാരം കാണാനാവുന്നതുകൊണ്ട് ഒരു കോശമെന്നത് അത്രത്തോളമായ പൂര്‍ണ്ണതയുള്ള നിര്‍മ്മിതിയുമാണ്. ഊര്‍ജ്ജവുമായുള്ള ബന്ധം നിരന്തരമായി സംഭവിക്കുകയും ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതുകൊണ്ട് കോശത്തിന്റെ പ്രവര്‍ത്തനം വിഭജിതമായി പുതിയൊരു കോശമായി മാറുന്ന അനുഭവമുണ്ടാകുന്നു. നിരന്തരമായി സംഭവിക്കുന്ന ഊര്ജ്ജവിനിമയത്തിലൂടെ കൂടുതല്‍ വിശാലമായ അര്‍ത്ഥത്തിലുള്ള പ്രവര്‍ത്തനം സംഭവിക്കത്ത വിധത്തില്‍ കോശങ്ങള്‍ ഒന്നു ചേരുകയും ഒരു ജീവശരീരം ഉണ്ടാകുന്നതിന് ഇടയാവുകയും ചെയ്യുന്നു. ഇന്നു കാണുന്ന വികസിതാവസ്ഥയിലുള്ള ജീവികള്‍ ഉല്പത്തിയാതിന്റെ കാരണതരമായ വഴികള്‍ ഇത്തരത്തിലാണ് കാണാനുണ്ടാകുന്നത്.
ജീവശരീരത്തില്‍ കോശങ്ങള്‍ നിരന്തരം ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ഇന്ന് നന്നായറിയാം. ഈ പ്രക്രിയ ഏറെ ആവര്‍ത്തിച്ചതിനു ശേഷമാണ് ഒരു ശരീരം അപ്പാടെ മരിച്ച് പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്നത്. ജീവകോശവും ശരീരവും എന്നതാകട്ടെ പ്രാപഞ്ചികമായ ഊര്‍ജ്ജത്തിന്റെ അവസ്ഥകളെ ജീവനില്‍ നിക്ഷിപ്തമാക്കുന്ന കേവലമായ പ്രവര്ത്തനോപാധി മാത്രവുമാണ്. ബാഹ്യമായ സാഹചര്യങ്ങളില്‍ നിന്ന് ജീവകോശത്തില്‍ എത്തിച്ചേരുന്ന ഊര്‍ജ്ജം, പ്രവര്‍ത്തനം കൊണ്ടും നിയന്ത്രണം കൊണ്ടും ആ ശരീരത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന ജീവന് വിധേയവുമാണ്. ഇക്കാരണത്താല്‍, കോശങ്ങള്‍ മരിച്ചതിനു ശേഷവും കോശങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രവര്‍ത്തനനിരതമായ ഊര്‍ജ്ജത്തിന് ആ ജീവന്റെ നിയന്ത്രണത്തില്‍, ജീവന്റെ തന്നെ ഭാഗമായി നിലകൊള്ളുന്നതിനേ സാധ്യമാകുന്നുള്ളൂ. ഇങ്ങനെ, ജീവന്റെ നിയന്ത്രണത്തില്‍ ജീവന്റെ ഭാഗമായി നിലകൊള്ളുന്ന ജീവതരമായ ഊര്‍ജ്ജത്തിന് കോശതരമായ ബന്ധിതാവസ്ഥ ഇല്ലാത്തു മൂലമായി ശരീരത്തിനു പുറത്ത്, കേന്ദ്രീകൃതമായ ജീവന്റെ നിയന്ത്രണത്തിനു വിധേയമായി മനസ് എന്നു വിളിക്കപ്പെടുന്ന അവസ്ഥയില്‍ യഥേഷ്ടം സഞ്ചരിക്കുന്നതിന് സാധ്യമായിത്തീരുന്നു. ഇത്തരത്തില്‍, ജീവന് എന്ന പ്രവര്‍ത്തനം ശരീരമെന്ന ബന്ധിതമായ രൂപത്തില്‍ നില്ക്കുമ്പോള്ത്തന്നെ മനസ് എന്ന പ്രവര്‍ത്തനമായി, ജീവന്റെ ശേഷിക്കൊത്ത വണ്ണം എവിടെയും എന്തിലും എത്തിപ്പെടുന്നതിന് സാധിക്കുന്നതും ആയിത്തീരുന്നു. ജീവനും മനസും തമ്മിലുള്ള ബന്ധത്തെ ഇത്തരത്തിലാണ് കാണാനാവുന്നത്.
നമുക്ക് മുമ്പില്‍ അടുത്തോ അകലെയോ നില്ക്കുന്ന ഒരു രൂപത്തെ കാണുന്നത് കണ്ണുകൊണ്ടാണെന്ന് സാമാന്യമായി നാം പറയുന്നു, വിചാരിക്കുന്നു. എന്നാല്‍, കാണുന്നത് ജീവനും കണ്ണ് എന്നത് കാണാനുള്ള ജീവന്റെ ഉപാധിയും മാത്രമാണ്. കണ്ണിന്, രൂപത്തില്‍ തട്ടുന്ന പ്രകാശത്തെ ജീവനില്‍ എത്തിക്കുന്ന ധര്‍മ്മം മാത്രമേ നിര്വ്വഹിക്കാനുള്ളൂ താനും. ജീവന്റെ തന്നെ, ശരീരത്തിനു പുറത്തിറങ്ങി പ്രവര്‍ത്തിക്കാനുള്ള ശേഷിയെന്ന മനസിന്റെ വിശകലനത്തിലൂടെ മാത്രമേ കാഴ്ചയെ വിലയിരുത്തി തിരിച്ചറിയാന്‍ ജീവന് കഴിയുന്നുള്ളൂ. അതായത്, ശരീരമെന്ന പ്രവര്ത്തനോപാധിക്കു പുറത്തുവന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ജീവന്റെ തന്നെ ശേഷിയായ മനസ് എന്ന പ്രവര്‍ത്തനമാണ് ജീവനില്‍ അറിവിനെ നിറയ്ക്കുന്നതെന്ന് ഇവിടെ നിസ്സംശയം കണ്ടെത്താനാവുന്നു.
പ്രപഞ്ചം എന്ന പ്രവര്‍ത്തനം അടിസ്ഥാനപരമായിത്തന്നെ ക്രമീകൃതമാണ്. രൂപതരമായ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിലെ ക്രമീകൃതാവസ്ഥ തന്നെയാണ് ജീവരൂപങ്ങളിലും സംഭവിച്ചു നില്‍ക്കുന്നത്. നാം മനുഷ്യര്‍ക്ക് ഏറ്റവും അടുത്ത് അനുഭവമായിത്തന്നെ ബോധ്യപ്പെടാനാകുന്ന പ്രാപഞ്ചികമായ ക്രമീകരണമാണ് നമ്മുടെ സൗരയൂഥം എന്നത്. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഭ്രമണവും ഗ്രഹങ്ങള്‍ക്കു ചുറ്റുമുള്ള ചന്ദ്രന്മാരുടെ ഭ്രമണവും എത്രയോ കാലങ്ങളിലൂടെ മനുഷ്യബുദ്ധിക്ക് ആവുന്ന വിധം വ്യക്തമായ പ്രവചനങ്ങള്‍ക്ക് വഴങ്ങുന്ന കൃത്യതയോടെ നിലകൊള്ളുന്നു! ശ്വാസോഛ്വാസം, ഹൃദയസ്പന്ദനവും രക്തചംക്രമണവും, കോശങ്ങളുടെ ജനനമരണങ്ങള്‍, വിശപ്പ്, ഉറക്കം എന്നിങ്ങനെ ശരീരസംബന്ധിയായ പ്രവര്‍ത്തനങ്ങളുടെ കൃത്യതയോടെയുള്ള നൈരന്തര്യം ജീവനില്‍ സംഭവിക്കുന്നത്, പ്രാപഞ്ചികമായ പ്രവര്‍ത്തനങ്ങളുടെ കൃത്യത ജീവനില്‍ നിക്ഷിപ്തമായി ജീവന്റേതായി ചലനാത്മകമാകുന്നു എന്നതുകൊണ്ടാണ്.
പ്രാപഞ്ചികമായ പ്രവര്‍ത്തനങ്ങളുടെ കൃത്യത ഉള്‍ക്കൊണ്ടു നില്ക്കുന്ന ശരീരകോശങ്ങളുടെ മരണത്തിലൂടെ, കോശത്തില്‍ പ്രവര്‍ത്തനമായി നിലകൊള്ളുന്ന ഊര്‍ജ്ജം സ്വതന്ത്രമാകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ സ്വതന്ത്രമാകുന്ന ഊര്‍ജ്ജത്തിന്റെ സംഗമമായി ഉല്പത്തിയാകുന്ന മനസിന് മുന്‍പറഞ്ഞ തരത്തിലുള്ള ക്രമീകൃതമായ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഒന്നും സംഭവിക്കുന്നതായി കാണാനാവുന്നില്ല. ശരീരത്തിന്റെ ആന്തരികമായ പ്രവര്‍ത്തനം കൃത്യതയോടെ സംഭവിക്കുന്നുവെങ്കിലും ബാഹ്യതരമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കനാവുന്നത് മനസിന് മാത്രം ആണെന്നതാണ് അനുഭവം. ആതായത് ആന്തരികമായ ശരീര പ്രവര്‍ത്തനം ജീവന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ബാഹ്യതരമായ പ്രവര്‍ത്തനം മനസിന്റെ നിയന്ത്രണത്തിലുമായി വിഭജിതമായിത്തീരുന്ന സ്ഥിതിവിശേഷം സംഭവിക്കുന്നുവെന്നാണ് മനസിലാക്കാനാവുന്നത്.
വിചാരം, അന്വേഷണം, കണ്ടെത്തലിനുള്ള ശേഷി, യോഗ്യതായോഗ്യതകളെ തിരിച്ചറിയുന്നതിനുള്ള കഴിവ്, ശരീരത്തിലെ ബാഹ്യാവയങ്ങള് ഉപയോഗിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെ ജീവന്റെ സ്വതന്ത്രമായിരിക്കുന്ന അവസ്ഥക്ക്, അതായത് മനസുകൊണ്ടു മാത്രം ചയ്യാന് സാധിക്കുന്നതാണെന്ന് ഇവിടെ വ്യക്തമാവുകയാണ്. മനുഷ്യന്റെ അനുഭവവും അങ്ങനെത്തന്നെ ആണു താനും. ഇവിടെ മനസിലാക്കാനുണ്ടാവുന്ന പ്രധാന കാര്യം, ബാഹ്യതരമായ ഏതു പ്രവര്‍ത്തനവും ജീവന് സ്വതന്ത്രമായ തീരുമാനത്തോടെ ചെയ്യാന്‍ കാലം അല്ലെങ്കില്‍ കാരണശേഷി അനുവാദം കൊടുത്തിരിക്കുന്നുവെന്നാണ്. ഇത്തരത്തിലാണ് പ്രപഞ്ചാംശം തന്നെയായിരിക്കുന്ന നാം മനുഷ്യര്‍ പ്രപഞ്ചത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ സ്വതന്ത്രരായിത്തീരുന്നതും.
ആദ്യ നിഗമനത്തില്‍ നാം സൃഷ്ടിക്കപ്പെട്ടവരും നിയന്ത്രിക്കപ്പെട്ടവരും നിശ്ചയിക്കപ്പെട്ടവരും ആണെന്നു കണ്ടെത്തുന്നുവെങ്കിലും നാമിപ്പോള്‍ കടന്നുപോകുന്ന കാഴ്ചയുടെ രണ്ടാം ഘട്ടത്തില്‍, നമുക്കു തന്നിരിക്കുന്ന സ്വതന്ത്ര്യത്തെക്കുറിച്ച് ബോധമുള്ളവര്‍ ആകുന്നതിനാണ് സാധിക്കുന്നത്. പ്രപഞ്ചത്തിനുള്ളില്‍ നിന്നുകൊണ്ട് പ്രപഞ്ചമെന്ന വിഭവത്തെത്തന്നെ ഉപയോഗിച്ച് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ നമുക്ക് അനുവാദം ലഭിച്ചിരിക്കുന്നു എന്നതില്‍ നിന്ന്, നാമെന്ന ജീവനെ അന്തിമമായി സ്വതന്ത്രരാക്കുന്നതിനും അറിവിന്റെയും പ്രവര്‍ത്തനശേഷിയുടെയും പ്രാപഞ്ചികമായ പൂര്‍ത്തീകരണത്തിനു തക്കവണ്ണം പ്രാപ്തരാക്കുന്നതിനും കാരണശേഷി പദ്ധതി ഇട്ടിരിക്കുന്നതായി മനസിലാക്കാനാവുന്നു. ഈ പ്രവര്‍ത്തനവഴിയിലെ ഏതാനും ഘട്ടങ്ങളെ ഉദാഹരണമായും തെളിവായും നമുക്കൊന്നു കണ്ടു നോക്കാം.
പ്രപഞ്ചം ഇന്നത്തെ നിലയില്‍ ഒരു പദ്ധതിയുടെ കൃത്യതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ മഹാവിസ്ഫോടനത്തിനു മുമ്പു തന്നെ, മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍, അങ്ങനെ സംഭവിക്കാന്‍ തക്കവണ്ണമുള്ള കൃത്യത സൂക്ഷ്മമായി കേന്ദ്രീകൃതമായിരുന്ന ആ ഊര്‍ജ്ജത്തില്‍ നിക്ഷിപ്തമായിരുന്നുവെന്നാണ് മനസിലാക്കാനുണ്ടാകുന്നത്. അല്ലാത്തപക്ഷം, സ്വതന്ത്രമായ പ്രവര്‍ത്തനത്തിനൊരുങ്ങുന്ന നമ്മള് ജീവനുകള്‍ക്ക് പ്രവര്‍ത്തനത്തിനുള്ള സ്വഭാവഗുണം മറ്റെങ്ങുനിന്നും കിട്ടാനില്ലല്ലൊ. പക്ഷേ, പ്രവര്‍ത്തനം സ്വതന്ത്രമാകുമ്പോള്‍ ജീവന് ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യം നിമിത്തം, കൃത്യതയോടെ ചെയ്യാനാവുന്നതുപോലെ തന്നെ കൃത്യരാഹിത്യത്തോടെ ചെയ്യാനും സാധിക്കുന്നു എന്നുവരുന്നു. ഇങ്ങനെ സംഭവിക്കുന്നുവെന്നതിന്റെ ധാരാളമായ അനുഭവങ്ങള്‍ ഉള്ള നമ്മള് മനുഷ്യര്‍ക്ക് അധികമായ വിശദീകരണത്തിന്റെയും പ്രത്യേകമായ തെളിവിന്റെയും ആവശ്യമൊന്നും ഇല്ല താനും.
കൃത്യതയോടെയും കൃത്യരാഹിത്യത്തോടെയും ചെയ്യാന്‍ ജീവന് സാധിക്കുന്നത് ഊര്‍ജ്ജത്തെ ഏതു വിധത്തിലും പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു എന്നതുകൊണ്ടാണ്. അതായത്, സംഗമവൈഭവത്തിന്റെ യോഗ്യതയോടെ ജീവന് എന്ന അവസ്ഥ പ്രാപിക്കാതെ നിലനില്‍ക്കുന്ന ഊര്‍ജ്ജത്തിന്റെ അവസ്ഥകളെ, ജീവന് എന്ന നിലയില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്ന ഊര്‍ജ്ജത്തിന് എങ്ങനെയും കൈകാര്യം ചെയ്യാന്‍ കഴിയുന്നു.
ഒരു പ്രവര്‍ത്തനത്തിന്റെ കൃത്യതയ്ക്കും കൃത്യരാഹിത്യത്തിനും ഫലങ്ങള്‍ ഉളവാകാന്‍ സാധിക്കുന്നതുകൊണ്ട് ഏതു പ്രവര്‍ത്തനമാണ് യഥാര്‍ത്ഥ ശരിയായിത്തീരുന്നത് എന്ന സാമാന്യമായ സംശയം ഉത്ഭവിക്കുക തന്നെ ചെയ്യുന്നു. പക്ഷേ, നമുക്കിവിടെ ‘ശരി’ എന്നതിന് ഭദ്രമായ യുക്തിയെന്നും യുക്തികൊണ്ട് വിവേചിച്ചറിയാവുന്ന തത്ത്വമെന്നും വ്യാഖ്യാനം കൊടുത്ത് കാണാവുന്നതാണ്. അതായത്, ഒന്നിന്റെ കാരണതരവും പ്രവര്ത്തനതരവുമായ യോഗ്യതയെ യുക്തിഭദ്രമായ വിചാരത്തില്‍ നിന്നുത്ഭവിക്കുന്ന തത്ത്വം കൊണ്ട് ബോധ്യപ്പെടുന്നതിന് സാധിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിനൊത്ത ഫലത്തെ കൊണ്ടുവരിക തന്നെ ചെയ്യുന്നു.
യോഗ്യമായ ഫലത്തെ സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തിനു കാരണമായി നിലകൊള്ളുന്ന വിചാരതരമായ മനോനിലയും ആ പ്രവര്‍ത്തനത്തില്‍ സംഭവിച്ചു നില്ക്കുന്ന സമയബന്ധിതമായ ഘട്ടങ്ങളും കണ്ടെത്തുന്ന ബോധ്യത്തെ കണക്ക് എന്നതുമായി മനസുകള്‍ക്ക് അനുഭവപ്പെടുന്നു. മുന്‍പറഞ്ഞ രണ്ടു ഭാവങ്ങളും ഉള്‍ക്കൊള്ളാനാവുന്ന മനസിന്റെ അവസ്ഥയാണ് ജീവന്റെ മനുഷ്യാവസ്ഥ എന്നത്. ഇത്തരത്തില്‍ ഒരു കര്‍മ്മത്തില്‍ സംഭവിച്ചു നില്ക്കുന്ന വിചാരപരമായ അഥവാ കാരണതരമായ യോഗ്യതയും ആ കര്‍മ്മത്തെ വിശകലനം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുന്ന സമയബന്ധിതമായ ബോധ്യമെന്ന കണക്കും ഒത്തൊരുമിക്കുന്ന പ്രതിഭാസത്തെയാണ് പോയ കാലത്തിന്റെ ജ്ഞാനികള്‍ സത്യമെന്നു വിളിച്ചത്.
വിശകലനത്തിന്റെ വഴിയില്‍ ഉദാഹരണമായി രചിതമായ ഒരു ചിത്രത്തെ ഇവിടെ എടുത്തു കാണാവുന്നതാണ്. മനോഹരമായ ആ ചിത്രമെന്നത് കാന്‍വാസിലുള്ള അതിന്റെ പ്രത്യക്ഷതക്കു മുമ്പ് നിലകൊണ്ടിരുന്നത് ചിത്രകാരന്റെ മനസില്‍ സങ്കല്പം എന്ന അവസ്ഥയില്‍ ആയിരുന്നു. അതായത്, പ്രത്യക്ഷതക്കു മുമ്പ് ചിത്രത്തിന് സൂക്ഷ്മമായ നിലനില്പ് തീര്‍ച്ചയായും ഉണ്ടായിരുന്നു. ചിത്രത്തിന്റെ അളവുകളും കൃത്യതയും മനോഹാരിതയും അടങ്ങുന്ന യോഗ്യതരമായ ഘടകങ്ങളെന്തോ അത് കാണിക്കുന്നത് ചിത്രം വരച്ച മനസിന്റെ സൃഷ്ടിക്കുതകുന്ന കാരണതരമായ യോഗ്യതയെയാണ്. ചിത്രത്തിനായി പ്രയോഗിക്കപ്പെട്ടിരിക്കുന്ന വര്‍ണ്ണങ്ങളുടെ കൂട്ടും ഉപയോഗിച്ചിരിക്കുന്ന വരകളും എന്നത് ചിത്രകാരന് എന്ന ജീവന് എന്ന മനസിന്റെ സങ്കല്പങ്ങള്ക്ക് സാധ്യമാകുന്ന പ്രത്യക്ഷതയാണ്. ചിത്രത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന വര്‍ണ്ണങ്ങളുടെയും വരകളുടെയും അളവും വ്യക്തതയുമാണ് കണക്ക് എന്നതായി അനുഭവപ്പെടുന്നത്. കണക്ക് എന്ന നിലയില്‍ ചിത്രത്തില്‍ വ്യാഖ്യാനിക്കാവുന്ന എന്തും സമയബന്ധിതമായിരിക്കുകയും ചെയ്യുന്നു. കാരണം, ജ്യോതിര്‍ഗോളങ്ങളുടെ ഭ്രമണത്താല്‍ ജീവനുകള്‍ക്ക് അനുഭവപ്പെടുന്ന സമയത്തിന്റെ നിയന്ത്രണത്തിനു കീഴിലാണല്ലൊ ചിത്രത്തിന്റെ രചനാതരമായ പ്രവര്‍ത്തനങ്ങളെല്ലാം നടന്നിട്ടുള്ളത്.
ചിത്രമെന്ന യാഥാര്‍ത്ഥ്യത്തിനു കാരണമായിരിക്കുന്നത് കേവലമായ സങ്കല്പമാണ്. ആ സങ്കല്പം കൃത്യതയുള്ളതും കര്മ്മമെന്ന നിലയില്‍ പരിചയം സാധ്യമായതുമായ മനസിന്റെ നിലയുമായിരുന്നു. ഒപ്പം, പ്രയോഗിച്ചിരിക്കുന്ന അളവുകളും രചയിതാവിന്റെ സാമര്‍ത്ഥ്യവും എന്ന ദൃശ്യതരമായ യാതൊന്നുമില്ലാത്ത, എന്നാല്‍ ചിത്രത്തിനു കാരണമായതെന്തോ അതെല്ലാം ചേര്‍ന്നാണ് ചിത്രത്തെ സംബന്ധിക്കുന്ന സത്യം നിലകൊള്ളുന്നത്. പ്രപഞ്ചത്തിലുള്ള എന്തിനെയും സംബന്ധിക്കുന്ന സത്യത്തെ ഇത്തരത്തിലാണ് കാണാനാവുന്നത്. സത്യമെന്ന യാഥാര്‍ത്ഥ്യം ഇത്തരത്തില്‍ നിലകൊള്ളുന്നതിനാലാണ് സത്യത്തെ ഇല്ലാതാക്കാന്‍ സാധ്യമല്ലാതിരിക്കുന്നത്. ചിത്രത്തെ ഒരു തുണിയോ മറ്റോ കൊണ്ട് മറയ്ക്കുന്നതുപോലെ സത്യത്തെ മൂടിവയ്ക്കാന്‍ കഴിയുമെന്നു മാത്രം. മൂടപ്പെട്ടതുകൊണ്ട് സത്യം ഇല്ലാതാവുന്നില്ല. കാഴ്ചയില്‍ നിന്നു മറഞ്ഞിരിക്കുന്നു എന്നുമാത്രം. ആ ചിത്രം രൂപതരമായി പ്രകൃതിയില്‍ എന്നെങ്കിലും ഇല്ലാതായാലും സങ്കല്പതരമായി പ്രകൃതിയില്‍, പ്രപഞ്ചത്തില്‍ കാരണം എന്ന സത്യം എന്നതായി നിലകൊള്ളുക തന്നെ ചെയ്യുന്നു. എന്തെന്നാല്‍, ഭാവനകളും വിചാരങ്ങളും തയ്യാറെടുപ്പുകളും അദ്ധ്വാനവും മനസ്സും എല്ലാം ഊര്‍ജ്ജത്തിന്റെ ഭാവവ്യതിയാനങ്ങള്‍ മാത്രമാണല്ലൊ. ഊര്‍ജ്ജത്തിന് പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടാനോ നശിക്കാനോ സാധ്യമാവുകയില്ല. അവസ്ഥാമാറ്റം മാത്രമാണ് സംഭവിക്കുന്നത്.
സത്യമെന്നതിനെ മുകളില്‍ പറഞ്ഞതുപോലെ കണ്ടെത്താനാകുന്നുവെങ്കിലും, ചിത്രത്തിനു കാരണമായ ഭാവനാതരമായ മനോനില മിക്കവാറും എല്ലാ മനുഷ്യ മനസ്സുകള്‍ക്കും സാധ്യമാവുന്നതാണ്. പക്ഷേ, ചിത്രരചന കേവലമായ ഭാവനകൊണ്ട് സാധ്യമാവുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചിത്രമായി സംഭവിക്കാതിരിക്കുന്ന വര്‍ണ്ണാഭമായ ഇത്തരം ഭാവനയ്ക്ക് സത്യം എന്നതായി നിലകൊള്ളുന്നതിന് സാധ്യമാകുന്നേയില്ല. കാരണം, സത്യമെന്നത് കര്‍മ്മവുമായി മാത്രം ബന്ധപ്പെട്ടു നില്ക്കുന്നതും കര്‍മ്മത്തിന്റെ ആത്മാവുമാണ്.
ചിത്രത്തിന്റെ രചയിതാവിന് അത് സാധ്യമായത് ആ ജീവന്റെ ലക്ഷ്യബോധത്തോടയുള്ള അദ്ധ്വാനത്തിന്റെ ഫലമായി മാത്രമാണ്. അദ്ധ്വാനമെന്നതിലൂടെ ലക്ഷ്യം പ്രാപിക്കുവോളം ചെയ്തുവന്ന പ്രായോഗിക പരിശീലനം, ലക്ഷ്യബോധത്തോടെയുള്ള നിരീക്ഷണങ്ങള്‍, നിരീക്ഷണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുള്ള കണക്ക് എന്നു വിളിക്കുന്ന കൃത്യതയെ സംബന്ധിക്കുന്ന മനോനില എന്നിങ്ങനെയെല്ലാം ചേരുന്നതാണ് ചിത്രത്തിനു കാരണമായിരിക്കുന്ന വൈദഗ്ദ്ധ്യമെന്ന അറിവെന്ന സത്യം. ഇത്തരത്തില്‍, എന്തിനെയെങ്കിലും കുറിച്ചുള്ള സൂക്ഷ്മമായ നിക്ഷിപ്താവസ്ഥ ജീവനില്‍ സംഭവിച്ചു കഴിഞ്ഞാല്‍ മാത്രം സാധ്യമാകുന്നതാണ് രചനാവൈഭവം എന്നത്. ഇങ്ങനെ ചിത്രമെന്നതിന്റെ കാരണമായിത്തീരുന്നതിന് കഴിയുന്നതു കൊണ്ട് ആ ജീവന് മറ്റ് ജീവനുകളെ ചിത്രരചന സാധ്യമാക്കുന്ന വിധത്തില്‍ പഠിപ്പിച്ച് ക്രമീകരിക്കുന്നതിന് സാധിക്കുന്നവനാണ്. അതായത്, ഒന്നിനെക്കുറിച്ച് അറിയുകയും ആയിത്തീരുകയും ചെയ്യുന്ന ജീവന് മറ്റ് ജീവനുകളെ അതേ പ്രവര്‍ത്തനത്തിന് പ്രാപ്തമാക്കുന്നതിന് തക്കവണ്ണം പ്രവര്‍ത്തിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തിന്റെ ഗുരുവായിത്തീരുന്നു. ഇത്തരത്തില്‍, വിചാരതരവും പ്രവര്ത്തനതരവുമായ യോഗ്യതയുടെ നിരവധിയായ മാനങ്ങളിലൂടെ ഗുരു എന്ന പദവി എല്ലാ മേഖലകളിലുമായി നിലകൊള്ളുകയും ചെയ്യുന്നു. അതായത്, ഗുരുവെന്ന ജീവന് സത്യത്തെ ഉള്‍ക്കൊള്ളുന്നു..
ഏതെങ്കിലുമൊരു ജീവന്, ഏതു മേഖലയില്‍ ആയിരുന്നാലും, മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ നേട്ടങ്ങള്‍ ഉണ്ടാക്കുകയോ വിശേഷതരമായ പദവികള്‍ അലങ്കരിക്കുകയോ ഒക്കെ സാധിക്കുന്നതായി വരുന്നുവെങ്കില്‍ അതിന്നര്‍ത്ഥം ആ ജീവനില്‍ അങ്ങനെ സംഭവിക്കുന്നതിനു തക്കവണ്ണമുള്ള ശേഷി കര്‍മ്മംകൊണ്ട് സാധ്യമായി സൂക്ഷ്മമായി നിക്ഷിപ്തമായിരുന്നു എന്നാണ്. സമൂഹത്തില്‍ മനുഷ്യര്‍ ഓരോരുത്തരും ഓരോ നിലയില്‍ ശേഷിയുള്ളവരും പ്രവര്‍ത്തിക്കുന്നവരും അനുഭവഗുണമുള്ളവരും ആയിത്തീരുന്നതിന്റെ കാരണത്തെ ഇപ്രകാരമാണ് വിവേചിക്കാനാവുന്നത്.
വിചാരപരമായ യോഗ്യതയും പ്രവര്‍ത്തനത്തിന്റെ കൃത്യതയും ഒത്തുചേരുന്ന സത്യത്തിന്റെ നിറവാണ് ഗുരുവെങ്കില്‍ ജീവന്റെ ഏതവസ്ഥയെയാണ് ആദ്ധ്യാത്മികഗുരു എന്നു വിളിക്കാനാകുന്നത് എന്നു കാണേണ്ടിയിരിക്കുന്നു. ജീവന് ആദ്ധ്യാത്മിക ഗുരുവെന്ന പരമാവധിയില്‍ എത്തുന്ന അവസ്ഥ പ്രാപിക്കുന്നത് കര്മ്മതരമായ ഗുരുപദവികളെല്ലാം കടന്നുപോയതിനു ശേഷമാണ്. ലോകത്തുള്ള നിരവധിയായ കര്‍മ്മങ്ങളെ പ്രവര്ത്തിച്ചൊതുക്കി അതിന്റെയെല്ലാം ശേഷികളെ സൂക്ഷ്മമായി ഉള്‍ക്കൊണ്ട് കാലാനുസാരിയായ ഗുരുവായി ജീവന് കടന്നുപോകുന്നു എന്നതിന്നര്‍ത്ഥം പ്രാപഞ്ചികമായ അത്തരം ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളെ ജീവന് സ്വന്തമാക്കുന്നു എന്നുമാണ്. ഇത്തരത്തില്‍ നിരവധിയായ കര്‍മ്മങ്ങള്‍ക്ക് ഗുരുവായ ജീവന് നേടിയിരിക്കുന്ന പ്രാപഞ്ചികമായ ശേഷിയുടെ സമാഹാരമാണ് ഒരു ആദ്ധ്യാത്മിക ഗുരുവെന്ന ജ്ഞാനവും അവസ്ഥയും. ഇത് ഗുരുവിനെക്കാള്‍ താഴെയായിരിക്കുന്ന സാധാരണ ജീവനുകള്‍ക്ക് ബോധ്യപ്പെടുന്നത് ഗുരുവിന്റെ വാക്കുകളിലൂടെയാണ്.
വിചാരപരമായി ഇത്തരത്തില്‍ മുന്നേറാനാവുമ്പോഴും സ്വാഭാവികമായ ചില സംശയങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുന്നു. നാം മുമ്പു കണ്ട വിദഗ്ദ്ധനായ ചിത്രകാരനെപ്പോലെ ജ്ഞാനിയായ ആദ്ധ്യാത്മിക ഗുരുവിന് ചിത്രരചന നടത്തുന്നതിന് സാധിക്കുകയില്ലെന്നത് മിക്കവാറും തീര്‍ച്ചയാണ്. എന്നാല്‍, ഇവിടെ മനസിലാക്കേണ്ടുന്ന യാഥാര്‍ത്ഥ്യം, ചിത്രരചനയുടെ ഗുരുവായി നില്ക്കുകയെന്നത് പ്രപാഞ്ചികമായ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥ ആ ജീവനില്‍ അപ്പോള്‍ അത്തരത്തില്‍ നിലകൊള്ളുന്നു എന്നതുകൊണ്ടു മാത്രമാണ്.
ജീവന് എന്ന പ്രവര്‍ത്തനത്തിലൂടെ പ്രപഞ്ചകാരണശക്തി വയ്ക്കുന്ന അന്തിമമായ ലക്ഷ്യമൊന്നും ആവുന്നേയില്ല ചിത്രരചനയുടെ ഗുരുവെന്ന അവസ്ഥ. അന്തിമമായി പ്രപഞ്ചകാരണ തരമായ മഹാജ്ഞാനത്തോളം എത്തേണ്ടുന്നതാണ് ജീവന് എന്നതുകൊണ്ട് ചിത്രത്തിന്റെ ഗുരുവെന്ന അവസ്ഥയിലുള്ള ഊര്ജ്ജനിക്ഷിപ്താവസ്ഥ ജന്മാന്തരങ്ങളിലൂടെ പരിവര്‍ത്തിതമാവുകയും ജീവന്റെ ആര്‍ജ്ജിത യോഗ്യതയ്ക്ക് ആനുപാതികമായി ജ്ഞാനമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുക എന്നത് ക്രമീകൃതമായി പ്രവര്‍ത്തിച്ചു മുന്നേറുന്ന ജീവനുകള്‍ക്കു മാത്രം സാധിക്കുന്ന കാര്യവുമാണ്. ഇപ്രകാരം സംഭവിക്കുന്നതുകൊണ്ട് ജ്ഞാനിയായിരിക്കുന്ന ആദ്ധ്യാത്മിക ഗുരുവിന് ജ്ഞാനമൊഴികെ കര്‍മ്മമൊന്നും ഇല്ലാതായി വരികയും ചെയ്യുന്നു. കൃഷ്ണന്, മോസ്സസ്, ബുദ്ധന്, യേശു, നബി എന്നിങ്ങനെ ലോകം കണ്ടിട്ടുള്ള ഉന്നത ശേഷിയാര്‍ജ്ജിച്ച ഗുരുക്കന്മാര്ക്ക് ജ്ഞാനമാര്ഗ്ഗമല്ലാതെ കര്മ്മമാര്ഗ്ഗമൊന്നും ഇല്ലാതിരുന്നതിന്റെ കാരണം ഇതാണ്.
ജ്ഞാനമാര്‍ഗ്ഗത്തില്‍ തെളിഞ്ഞുനില്ക്കുന്ന ഗുരുവിനെ തിരിച്ചറിയാനാവുന്നത് ഗുരുവെന്ന ജീവനില്‍ നിന്നു പുറപ്പെടുന്ന വാക്കുകളിലൂടെയാണ്. ഗുരുവിന്റെ വാക്കുകള്‍ താഴെയുള്ള ജീവനുകള്‍ക്ക് നവീനമായ അറിവും മാര്‍ഗ്ഗദര്‍ശനവുമായി മാറുന്നു. ഇപ്രകാരം ഗുരുമാര്‍ഗ്ഗം സ്വീകരിച്ചു പ്രവര്‍ത്തിച്ച പരമ്പരകള്‍ മുമ്പില്‍ വന്നിട്ടുള്ളതും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതും ലോകത്തെ അടക്കി ഭരിക്കുന്നതിന് പ്രാപ്തരായിത്തീര്ന്നിട്ടുള്ളതും ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്നതാണ്. മോസസ്, ബുദ്ധന്, യേശു, നബി എന്നിങ്ങനെയുള്ള ഗുരുക്കന്മാരുടെ പരമ്പരകള്‍ എന്തുകൊണ്ടും ലോകത്തിന്റെ മുന്‍നിരക്കാര്‍ തന്നെയാണ്.
ഗുരുക്കന്മാര് ജ്ഞാനികളായിരിക്കുന്നുവെങ്കിലും, എല്ലാ ഗുരുക്കന്മാരും ജ്ഞാനമണ്ഡലത്തില്‍ ഒരുപോലെയാകുന്നില്ല. തൊഴിലില്‍ വൈദഗ്ധ്യം ഉള്ളവര്ക്കിടയില്ത്തന്നെ ശേഷിയില്‍ അന്തരം കാണാവുന്നതാണല്ലൊ. ഇതേപോലെ തന്നെ ഗുരുക്കന്മാര്ക്കിടയിലും ശേഷിയുടെ അന്തരം നിലനില്ക്കുന്നു. മറ്റൊരു തരത്തില്‍ കണ്ടാല്‍, കൂടുതല്‍ ശേഷിയുള്ളവനെക്കാള് അധികം യോഗ്യതയോടെയും വലുപ്പത്തോടെയും ശേഷി കുറഞ്ഞ വിദഗ്ധന്‍ ചെയ്യാനാവുന്ന സന്ദര്‍ഭങ്ങളും ഉണ്ടായി നില്ക്കുന്നതു കാണാം. ഇത്തരത്തില്‍, ലോകത്തേറ്റവും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നു സങ്കല്പിക്കാവുന്ന പരമ്പരയുടെ ഗുരുവാണ് ഗുരുക്കന്മാര്ക്കിടയിലെ ഏറ്റവും ജ്ഞാനിയായ ഗുരു എന്നും അര്‍ത്ഥമാക്കേണ്ടതില്ല.
ഊര്‍ജ്ജം പരിവര്‍ത്തിതമാവുന്നത് പരിവര്ത്തിതമാകുന്നതിനു തക്കവണ്ണമുള്ള സമ്മര്‍ദ്ദം അല്ലെങ്കില്‍ ബാഹ്യശക്തിയുടെ സ്വാധീനം സംഭവിക്കുന്നതുകൊണ്ടാണ്. ജീവനില്‍ നിറഞ്ഞിരിക്കുന്ന വന്യമായ ഊര്‍ജ്ജം ക്രമീകൃതമാക്കി നിയന്ത്രിക്കുന്നതിലൂടെയാണല്ലൊ ഒരു കുഞ്ഞ് വിദ്യ അഭ്യസിക്കുന്നതും മുന്തിയ പ്രവര്‍ത്തനശേഷി ഉള്ളതും ആയിത്തീരുന്നത്. വിദ്യാഭ്യാസാനന്തരം ആ ജീവന് എന്തായിരിക്കുന്നുവോ അത് ആ ജീവന്റെ അദ്ധ്വാനത്തിനും ശേഷിക്കും ലക്ഷ്യബോധത്തിനും ബാഹ്യതരമായ സ്വാധീനങ്ങള്‍ക്കും മറ്റ് അനുഭവങ്ങള്‍ക്കും ആനുപാതികമായിരിക്കുകയും ചെയ്യുന്നു.
സകലവിധമായ കര്‍മ്മങ്ങളുടെ ശേഷിയും ജ്ഞാനമായി ജീവനില്‍ പരിവര്‍ത്തിതമാകുന്നത് ആ ജീവന്റെ ത്യാഗത്തിലൂടെയാണ്. അതായത് ത്യാഗമാണ് ജീവനെ പരിവര്ത്തിതമാക്കുന്ന അനുഭവമെന്ന ശക്തി. ഇപ്രകാരം ത്യാഗത്തില്‍ മുമ്പനായിരിക്കുന്ന ജ്ഞാനിയായ ഗുരുവിനും ആ ഗുരുവിനെ അനുഗമിക്കുന്ന പരമ്പരയ്ക്കും മറ്റ് പരമ്പരകളെക്കാള്‍ മുമ്പില്‍ വരുന്നതിന് ഇടയാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാരണമില്ലാതെ കാര്യങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തെ കാണുമ്പോള്‍ ഈ തത്ത്വം ബോധ്യപ്പെടാനാകുന്നു.
ഗുരുക്കന്മാരെ പിന്‍പറ്റുന്ന ലോകത്തിന്റെ അനുഭവം ഇപ്രകാരമാകുന്നുവെങ്കിലും, ഗുരുക്കന്മാര്ക്ക് ഇടയിലെ ഉയര്‍ന്ന ഗുരുവിനെ ജ്ഞാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി മാത്രമേ ബോധ്യപ്പെടാനാവുന്നുള്ളൂ.
ലോകത്ത് ശക്തമായ പരമ്പരകള്‍ക്ക് കാരണമാവുകയും, തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും അനേക കോടിയായ ജീവനുകളുടെ ആരാധനാ മാധ്യമവും ആശ്രയ കേന്ദ്രവും ആയിത്തീരാന്‍ സാധിച്ചിട്ടുള്ള ഗുരുക്കന്മാരെ നമുക്കറിയാം. ആ ഗുരുക്കന്മാരെ ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ജീവനുകളെല്ലാം ആ ഗുരുക്കന്മാരുടെ കീഴില്‍ നിലകൊള്ളുകയും ചെയ്യുന്നു. കോടാനു കോടിയായ ജീവനുകള്‍ ഒരു ഗുരുവിന്റെ കീഴിലായി നിലകൊള്ളുന്നതിന് ഇടവരുന്നു എന്നത് ഗുരുവായിത്തീര്‍ന്ന ആ ജീവനില്‍ സംഭവിച്ച, ജന്മാന്തരങ്ങള് കടന്നുപോയിട്ടുള്ള ത്യാഗത്തിലൂടെയാണ്. അതായത് ത്യാഗം ഒന്നു മാത്രമാണ് അന്തിമമായി പ്രാപഞ്ചികമായ അധികാരത്തെ നിര്‍ണ്ണയിക്കുന്നത്. ഇക്കാരണത്താലാണ് “ഇത് ത്യാഗത്തിന്റെ വഴിയാണ്” എന്ന് എന്റെ ഗുരു ആദിസങ്കല്പശ്രീ കരണാകരഗുരു ഉറപ്പിച്ചു പറയുന്നത്.
ത്യാഗത്തിന്റെ വഴിയിലൂടെ ഏറെ മുന്നേറുകയും ഏറെ ജീവനുകളെ അറിവും പ്രവര്‍ത്തനശേഷിയും ഉള്ളവരാക്കുകയും ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പോയ കാലത്തിന്റെ ഗുരുക്കന്മാരില് ആര്‍ക്കും തന്നെ ജീവനെയും പ്രപഞ്ചത്തെയും സമഗ്രമായി വിവരിക്കുന്നതിന് സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും, പ്രപഞ്ചദര്‍ശനം ഇല്ലാത്ത ഒരു ആദ്ധ്യാത്മിക ചിന്തയും ലോകത്ത് നിലവില്‍ വന്നിട്ടില്ലെന്നത് ഓര്‍ക്കേണ്ടിയിരിക്കുന്നു.
പോയകാല പടിഞ്ഞാറന്‍ കാഴ്ചപ്പാടുകളിലെ പ്രപഞ്ചദര്‍ശനവും മരണാന്തര സ്വര്‍ഗ്ഗപ്രാപ്തിയും, വിചാരങ്ങളില്‍ ഏറ്റവും ഉന്നതമായ ഭാരതീയ ചിന്തയിലെ ബ്രഹ്മസങ്കല്പത്തില് അധിഷ്ഠിതമായ പുനര്‍ജ്ജന്മ സങ്കല്പവുമൊന്നും ശാസ്ത്രമെന്ന ആധുനിക കാലത്തിന്റെ സത്യമായ അറിവുകള്‍ക്ക് അംഗീകരിക്കാനാവാത്തതായി നിലകൊള്ളുന്നു. ഇതു കാണിക്കുന്നത് നിലവിലെ ദൈവചിന്ത ഇനിയും വളരേണ്ടതും അന്ത്യത്തോളം കണ്ടെത്തുന്ന പുതിയ അറിവ് സംഭവിക്കേണ്ടതും ആണെന്നാണ്.
അറിവിന്റെ എല്ലാ മേഖലകളും അനുദിനം വളരുന്ന അനുഭവമാണ് മനുഷ്യനുള്ളത്. എന്നാല്‍, ആദ്ധ്യാത്മികമെന്നു വിളിക്കുന്ന, സ്വന്തം ജീവനെ കണ്ടെത്താന്‍ ശ്രമിക്കുന്ന വിചാരമണ്ഡലത്തില്‍ മാത്രം കാര്യമായ വളര്‍ച്ചയൊന്നും സംഭവിക്കുന്നതായി കാണാനാവുന്നില്ല. ആദ്ധ്യാത്മിക വിചാരമണ്ഡലത്തില്‍ ആകെ സംഭവിക്കുന്നത് പോയകാലത്തിന്റെ ജ്ഞാനികള്‍ പറഞ്ഞു വെച്ചിരിക്കുന്നതില്‍ നിന്ന് വിവരിക്കാന്‍ കഴിയുന്ന പണ്ഡിതസ്വഭാവമുള്ള ചില നേതൃത്വങ്ങളുടെയും സിദ്ധന്മാരുടെയും അവതരിക്കല്‍ മാത്രമാണ്. അതില്‍ത്തന്നെ, സനാതനവും ആര്ഷവും വൈദികവും പൈശാചികവും മറ്റും മറ്റുമായി കൂടിക്കുഴഞ്ഞ് കിടക്കുന്ന വിചാരത്തില്‍ നിന്ന് യോഗ്യതയും അയോഗ്യതയും വേര്‍തിരിക്കാന്‍ പോലും മിക്കപ്പോഴും ആദ്ധ്യാത്മികതയില്‍ ഉയര്‍ന്നവര്‍ എന്നു പറയുന്നവര്‍ക്ക് ആവുന്നേയില്ല എന്നു പറയേണ്ടിയിരിക്കുന്നു.
താനും പ്രപഞ്ചവും ഒന്നാണെന്ന ഭാരതീയ ചിന്തയുടെ അവ്യക്ത ദര്‍ശനത്തില്‍ നിന്നു തുടങ്ങി എന്തുകൊണ്ട്, എങ്ങനെ താനും പ്രപഞ്ചവും ഒന്നാകുന്നുവെന്ന് വിവരിക്കുന്നതാണ് ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനമണ്ഡലം. കാലം ഇതുവരെ മറ്റാര്‍ക്കും സാധിക്കാത്ത വിധമുള്ള വ്യക്തതയോടെയും കൃത്യതയോടെയുമാണ് ഗുരുവിന്റെ വിവരണങ്ങള്‍ സാധ്യമാവുന്നത്.
ഓരോരുത്തരെ സംബന്ധിച്ചും തത്ത്വവിചാരത്തിന്റെ ഔന്നത്യത്തോടെ തന്നെത്തന്നെ കണ്ടെത്തുന്ന അറിവില്‍ എത്തിക്കുന്നു എന്നതിലൂടെ മാനവരാശിയുടെ ചരിത്രത്തില്‍ മുമ്പെങ്ങും സാധിക്കാത്ത വിധത്തില്‍ ഗുരുക്കന്മാര്‍ക്കിടയില്‍ മഹാഗുരുവായി ആദിസങ്കല്പശ്രീ കരുണാകരഗുരു നിലകൊള്ളുന്നു.