മനുഷ്യ ജീവിതത്തിന്റെ തുടക്കം എവിടെ നിന്നുമാണ്? അവസാനം നാം എവിടെയാണ്? മനുഷ്യ ജീവിതംകൊണ്ട് എന്താണ് സമ്പാദിക്കേണ്ടത്? അല്ലെങ്കില്‍ നമ്മള് ഈ ജീവിതം ആരംഭിച്ചിരിക്കുന്നത് എന്തറിവോളം എത്തിയതിനു ശേഷമാണ്? ഇന്ന് എന്തറിവിലെത്തി നില്ക്കുന്നു? ഈ അറിവ് ആദ്യം സങ്കല്പിച്ചറിയുക. അതല്ല, അതിനു കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാളെ (ഗുരുവെ) കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ പുറകില്‍ പോയി നിന്നു കണ്ട്, പരിചയപ്പെട്ട് അറിയുക.
ചെവി കേള്‍ക്കാത്തവനെപ്പോലെ, കണ്ണു കാണാത്തവനെപ്പോലെ, സംസാരശേഷി ഇല്ലാത്തവനെപ്പോലെ, യാതൊന്നും അറിയാത്തവനെപ്പോലെ എല്ലാം അറിയാനുള്ള അഭിമാനത്തോടെ നിന്നാല്‍ മാത്രമേ ഏതറിവും നേടാന്‍ കഴിയൂ.
ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്ന നമുക്ക് ഒരുമിച്ചു നില്‍ക്കുന്നതിന് ഒരൊന്ന് ആവശ്യമാണല്ലൊ. ആ ഒന്നില്‍ ഒതുങ്ങി നിന്നുകൊണ്ട് എല്ലാറ്റിലും വ്യാപിക്കുക. എല്ലാറ്റിലും വ്യാപിക്കുന്ന ആ ഒന്നാണ് സത്യം.
വിനയം സത്യത്തിലെത്തിച്ചാല് സത്യം ഗുരുവിലെത്തിക്കും. ഗുരു ദൈവത്തില്‍ എത്തിക്കും. നിങ്ങള്‍ എല്ലാവരും സത്യത്തിന്റെ പ്രവര്ത്തകരായിത്തീരാന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.
ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന നന്മ പകര്‍ത്താന്‍ നാം സന്നദ്ധരല്ല. അവരുടെ അനവധി കാലത്തെ കഷ്ടപ്പാടിന്റെ വെളിച്ചമാണ് ഇന്നു നാം കാണുന്നത്.
അറിവുകേടും പരിചയക്കുറവും പഴക്കവുംകൊണ്ട് വന്നുകയറിയ ഏറ്റവും വലിയ താഴ്ന്ന തരത്തിലുള്ള ജീവിതത്തിന്റെ പൂര്‍ത്തീകരണം ഏറ്റെടുക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ് നമ്മള് ഓരോരുത്തരും.
ഒരേ കളര്‍ തന്നെ അല്പാല്പം വേര്തിരിച്ചെടുക്കുന്നതു പോലെ നമ്മുടെ ചിന്താവിചാരങ്ങളെയും വേര്‍തിരിച്ചെടുക്കാം. തന്റേതായ കര്‍മ്മഗതിയും ധര്‍മ്മഗതിയും എന്തായിരിക്കണമെന്ന് താനാണ് തീരുമാനിക്കേണ്ടത്. മറ്റാരും തീരുമാനിച്ചാല്‍ ആവില്ല.
വീടിനും നാടിനും ഉപകരിക്കുന്ന ഒരു കുഞ്ഞ് ജനിക്കാന്‍ ദാമ്പത്യത്തിലെ കര്മ്മശുദ്ധിയാണ് സാഹചര്യമൊരുക്കുന്നത്. ഈശ്വരന്റെ നീതി ഏറ്റെടുക്കത്തക്ക രീതിയിലാണോ നിങ്ങള്‍ ജീവിക്കുന്നതെന്ന് നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കൂ.
ഏതോ ജന്മാന്തര ഭാഗ്യം കൊണ്ടാകാം നമുക്ക് മനുഷ്യജന്മം കിട്ടിയത്. അങ്ങനെ എത്രയോ മനുഷ്യജന്മങ്ങള് ഇതിനു മുമ്പ് നമുക്കു കിട്ടിയിട്ടുണ്ട്. അങ്ങനെയുള്ള നമ്മള് പാരമ്പര്യത്തില്‍ നിന്നു മാറാന്‍ കഴിയാതെ പലതും പ്രവര്‍ത്തിച്ച് സ്വയം ഭാഗ്യം നഷ്ടപ്പെടുത്തുകയാണ്.
ഭൗതികം, ആത്മീയം എന്ന് രണ്ടായി വകതിരിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട് രണ്ടും രണ്ടാണെന്ന് അര്‍ത്ഥമില്ല. ചില തിരിച്ചറിവുകള്‍ കിട്ടുന്നതിനു വേണ്ടി അങ്ങനെ പറഞ്ഞു എന്നേയുള്ളൂ. എന്തെന്നാല്‍ ഭൗതികമായ ഈ ശരീരം തന്നെയാണ് ആത്മീയത്തിന് നിദാനമായിരിക്കുന്നത്.
ഒമ്പത് ഗോളങ്ങളുടെ ചരിത്രസത്യമാണ് ഒരു ജീവനില്‍ ഉതകി നില്‍ക്കുന്നത്. അതിനെ ബുദ്ധികൊണ്ട് അളക്കുന്ന ജ്ഞാനത്തിന്റെ വൈഭവത്തില്‍ തെളിക്കാനാവില്ല. ഇടം സ്വയം പ്രകാശം എന്ന ആയിരക്കണക്കിനു വെട്ടവെളികളില്ക്കൂടി കടന്നുചെന്ന്, കാലങ്ങളുടെ മാറ്റത്തിനൊത്ത് കടന്നു ചെന്ന്, അനവധി ഭൂമണ്ഡലങ്ങളെ തെളിച്ചെടുക്കുന്ന ധര്മ്മഗതിയുടെ യോഗ്യതയെ നിര്‍ണ്ണയിക്കുന്ന ഗുരുവിനും ആ ഗുരുവിന്റെ ധര്‍മ്മം ഉതകിനില്ക്കുന്ന ശിഷ്യനും കൂടിയേ അതിനെ തെളിക്കാനാവൂ.
ഇത് ത്യാഗത്തിന്റെ വഴിയാണ്. അധികാരമില്ലാതെ പ്രവര്‍ത്തിച്ച് നിങ്ങളുടെ ത്യാഗംകൊണ്ട് മുമ്പില്‍ വരിക!
ത്യാഗത്തിന് ഒരിടത്തും കുനിയേണ്ടതില്ല. സകല യോഗ്യതയും ത്യാഗത്തിന് അടിമയാണ്. ഒരു വിശേഷവിധിയും സിദ്ധിയും ഇല്ലാതെ തന്നെ ത്യാഗിയുടെ വാക്കുകള്‍ ഹൃദയാനുഭൂതി ഉണ്ടാക്കും.