ഭാരത ദര്‍ശനം
വിശ്വസംസ്കാരത്തിന്റെ തറവാടാണ് ഭാരതം. സാംസ്കാരികമായി ഇവിടെ ഉത്ഭവിക്കാത്തതും വന്നടിയാത്തതുമായ എന്തെങ്കിലും ഇല്ലെന്നു പറയാം. ഇടക്കിടെ വലിയ പ്രതാപത്തോടെയും ചിലപ്പോഴൊക്കെ ക്ഷയിച്ചും ആ സാംസ്കാരിക തറവാട് നിലനില്ക്കുന്നു. അത്യുന്നതമായ വിചാരഗതിയും കാര്യശേഷിയും പ്രകടമാക്കുന്ന ആ പ്രതാപത്തെ അപ്പാടെ നശിപ്പിക്കാന്‍ തക്കവണ്ണം വിരുദ്ധശക്തികളും ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ ജനത ഇതെല്ലാം നൂറ്റാണ്ടുകളിലൂടെയും തലമുറകളിലൂടെയും അനുഭവിച്ചു വരികയും ചെയ്യുന്നു.
ഭാരതമെന്ന സാംസ്കാരിക തറവാടിന്റെ ഏറ്റവും വലിയ പ്രതാപം എന്തെന്നതിന് ഒരു ഉത്തരമേയുള്ളൂ: മറ്റെങ്ങും ഇല്ലാത്ത വിധം ഇവിടെ ഉത്ഭവിച്ച അമൂല്യമായ അറിവുകള്‍- അതൊന്നുമാത്രം! മനുഷ്യനെ സംബന്ധിച്ച് അറിവിനപ്പുറം ഒന്നുമില്ലല്ലൊ.. എല്ലാം അറിവില്‍ നിന്നാണ് ഉല്പത്തിയാവുന്നത്.. പ്രാവര്ത്തികമായിത്തീരുന്ന എല്ലാ നേട്ടങ്ങളും അറിവില്‍ നിന്നു സംഭവിക്കുന്നതാണ്.
അറിവിന്റെ ഉന്നത ഭാവത്തെയാണ് ജ്ഞാനം എന്നു വിളിക്കുന്നത്. ജ്ഞാനത്തില്‍ എത്തുന്നതിനു വേണ്ടിയിട്ടാണ് നമ്മള് മാനവരാശി ജീവിക്കുന്നത് എന്നു കണ്ടെത്തിയവരാണ് സനാതന, ആര്‍ഷ സംസ്കാരങ്ങളുടെ ശില്പികളായ ഗുരുക്കന്മാരും ഋഷിമാരും.
പല കാലങ്ങളിലൂടെ, ധന്യാത്മാക്കളായ ഗുരുക്കന്മാര്ക്കും ഋഷിമാര്ക്കുമായി ലഭിച്ചിട്ടുള്ള ആ അറിവുകള്‍ ക്രോഡീകരിക്കപ്പെട്ടപ്പോള്‍ വേദങ്ങളും ഉപനിഷത്തുക്കളും പിന്നെ ഗുരുക്കന്മാരുടെ പേരില്‍ അറിയപ്പെടുന്ന ഗീതയും, ബൗദ്ധ, ജൈന സിദ്ധാന്തങ്ങളും ഏഷ്യയുടെ ദക്ഷിണ ദേശത്തിനു ലഭിച്ചു. ജ്യോതിശാസ്ത്രവും ഗണിതവുമായി ലോകത്ത് മറ്റെവിടെയും ഉണ്ടായിരുന്നതിനെക്കാള്‍ മികച്ച അറിവുകളും ആദ്ധ്യാത്മിക സങ്കല്പങ്ങളും യോജിച്ചു നിന്നിരുന്നു. ഉന്നതമായ ഇത്തരം അറിവുകള്‍ പ്രാപിക്കാതിരുന്നവര് പ്രാദേശികമായ ആവശ്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഭാവനകളിലൂടെയും അവരുടേതായ അറിവുകള്‍ ചമച്ചു ജീവിതമാക്കി സംസ്കാരമാക്കി. അങ്ങനെ ഏഷ്യയുടെ ദക്ഷിണദേശം പ്രാദേശികമായിത്തന്നെ സാംസ്കാരിക വൈവിധ്യങ്ങളുടെ കലവറയായി മാറി.
അറിവിന്റെ ഉന്നതഭാവമെന്ന ജ്ഞാനം അന്തിമമായി മനുഷ്യ മനസുകളില്‍ ഇടംപിടിക്കുന്നത് ദൈവസങ്കല്പം എന്ന നിലയിലാണ്. ഒപ്പം തന്നെ അറിവിന്റെ താഴ്ന്ന തലത്തിനുമുണ്ട് ദൈവസങ്കല്പം. അതായത് മനുഷ്യന്റെ ദൈവസങ്കല്പമെന്നതിനു രണ്ട് മാനങ്ങളാണുള്ളത്. ഒന്നാമത്തെ മാനം, സാധാരണയില്‍ നിന്ന് ഉയര്‍ന്നതോ ആകര്‍ഷണീയമാം വിധം വ്യത്യസ്തതകള്‍ ഉള്ളതോ ആയ ജീവനുകളുടെ വാക്കുകളെ പിന്‍പറ്റുക എന്നതാണ്. ഋഷിമാരും, സനാതന ഗുരുപാരമ്പര്യത്തില്പ്പെടുന്ന കൃഷ്ണനും ബുദ്ധനും മഹാവീരനുമൊക്കെ വ്യക്തികളായിരുന്നുവല്ലൊ. അവര്‍ പറഞ്ഞ വാക്കുകളെയാണല്ലൊ പിന്തുടര്ച്ചക്കാര്ക്ക് ദൈവസങ്കല്പമായി കൊണ്ടുനടക്കാന്‍ ഉണ്ടാവുക. ഭാരതത്തില്‍ മാത്രമല്ല, ലോകത്തെവിടെയുമുള്ള ജ്ഞാനാധിഷ്ഠിത വിചാരങ്ങളിലുറച്ച ദൈവസങ്കല്പങ്ങളെല്ലാം ഇങ്ങനെ തന്നെയാണ്.
രണ്ടാമത്തെ മാനത്തിലുള്ള ദൈവസങ്കല്പത്തിന്റെ അടിത്തറ നിലകൊള്ളുന്നത് കേവലമായ ഭയത്തിലും വീരാരാധനയിലുമാണ്. മരിച്ചുപോയ ജീവനുകള്‍ സ്വാധീനിക്കുമെന്ന വിചാരവും, സാധാരണക്കാര്‍ക്ക് സാധിക്കാത്ത വിധം ശക്തമായ കായിക-സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോടുള്ള മാനസികമായ വിധേയത്വവുമാണത്. നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ കാണുന്ന മാടന്, മറുത, മന്ത്രമൂര്‍ത്തി, യക്ഷി, പേയ്, പിശാച് തുടങ്ങിയ ദൈവസങ്കല്പങ്ങളെല്ലാം ഇത്തരത്തില്‍ പെടുന്നവയാണ്. താത്ത്വികമായി ഉന്നതമായ വിചാരധാര ഉള്‍ക്കൊള്ളുന്നതിന് സാധ്യമാവാതിരിക്കുന്ന വ്യക്തികളിലും സമൂഹങ്ങളിലും ഇത്തരം ഭയത്തിന്റെയും വീരാരാധനയുടെയും സ്വാധീനം ദൈവസങ്കല്പമായി നിലകൊള്ളുന്നു.
വാര്‍ത്താവിനിമയവും യഥേഷ്ട സഞ്ചാര സാധ്യതകളും തീരെ ഇല്ലാതിരുന്ന പോയ കാലങ്ങളില്‍ അതിന്റെ സ്വാഭാവികതയോടെ തന്നെ ഉന്നതമായ വിചാരങ്ങള്‍ എല്ലായിടത്തുമായി ജീവനുകള്‍ക്ക് പകര്‍ന്നു കിട്ടുന്നതിനും സംസ്കാരമായി പ്രാവര്‍ത്തികമാകുന്നതിനും സാധ്യമല്ലായിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ സൗകര്യാര്‍ത്ഥം വിഭജിതമായി പിന്നീട് വര്ണ്ണാശ്രമമായി ദുരന്തമായി ജാതിവ്യവസ്ഥ സംഭവിച്ചപ്പോള്‍ അറിവെന്നത് എല്ലാവര്ക്കും കിട്ടാനാവാത്തതായി മാറുകയുണ്ടായി.
ജാതിവ്യവസ്ഥ ഭാരതീയ സംസ്കാരത്തിനുമേല്‍ ദുര്ഭൂതമായി സ്വാധീനമുറപ്പിച്ചപ്പോള്‍, പലകാലങ്ങളിലൂടെ ജാതീയമായ വിചാരങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലാതെ ഉപയുക്തമാക്കിയിരുന്ന ജ്ഞാനമാര്‍ഗ്ഗം ഉന്നത ജാതികളുടേതു മാത്രമാവുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നു നൂറ്റാണ്ടുകള്‍ താണ്ടിയ ദുരന്തഭരിതമായ മനുഷ്യജീവിതം ഭാരത സംസ്കാരത്തിലെ ഏറ്റവും വലിയ കളങ്കമായിത്തീരുകയും ചെയ്തു.
അറിവ് ആര്ജ്ജിക്കുന്നവര്ക്കും പ്രാവര്ത്തികമാക്കുന്നവര്ക്കും ആയിരിക്കും അന്തിമമായ വിജയം എന്നത് സുനിശ്ചിതമാണ്. അറിവാണ് ശക്തി. അറിവ് പ്രാവര്‍ത്തികമാക്കുമ്പോള്‍ അറിവില്ലാത്തവര്‍ക്ക് കീഴടങ്ങാനും അനുസരിക്കാനും മാത്രമേ കഴിയുന്നുള്ളൂ. അറിവാണ് മനുഷ്യനെയും മൃഗത്തെയും യോഗ്യതാപരമായി വേര്‍തിരിക്കുന്നത്.
കാലം സത്യത്തെയും അസത്യത്തെയും ഒരേപോലെ ഉള്‍ക്കൊള്ളുന്നു. കാലത്തിന്റെ പ്രവര്‍ത്തനം പരിവര്‍ത്തനങ്ങള്‍ക്കു കാരണമായിത്തീരുന്നു. അസത്യം എന്ന ഊര്‍ജ്ജ നിക്ഷിപ്താവസ്ഥ പരിവര്ത്തിതമാകുന്നതിലൂടെയാണ് സത്യം ഉത്ഭവിക്കുന്നത്. അന്ധകാരത്തില്‍ നിന്ന് പ്രകാശം ഉത്ഭവിക്കുന്നു എന്ന വാക്ക് സത്യമായിത്തീരുന്ന അവസ്ഥ! ജ്ഞാനഭരിതമായ തത്ത്വം പ്രാവര്‍ത്തികമാകുന്നതിന് ആനുപാതികമായിട്ടായിരിക്കും സത്യം സംസ്ഥാപിതമാകുന്നത്. ഇക്കാരണത്താല്‍ അസത്യതരമായ ഏതു കെട്ടിപ്പൊക്കലുകള്ക്കും സത്യത്തിന്റെ മുന്നേറ്റം ഉണ്ടാകുന്നതു വരെ മാത്രം നിലനില്പുള്ളതായി വരുന്നു.
നൂറ്റാണ്ടുകളിലൂടെ ഇവിടെ സംഭവിച്ച വൈദേശികാധിനിവേശങ്ങളെ നമ്മള് ഭാരതീയരെന്ന നിലയില്‍ മിക്കപ്പോഴും അവമതിക്കുന്നവരാണ്. അധിനിവേശങ്ങളില്‍ ആദ്യത്തേത് ആര്യന്മാരുടേതാണ്. മൂവായിരത്തിലധികം വര്‍ഷങ്ങള്‍ക്കപ്പുറത്ത് സംഭവിച്ച ഈ അധിനിവേശമാണ് ഇന്ത്യയില്‍ ബ്രാഹ്മണ മേല്‍ക്കോയ്മയും ചാതുര്‍വര്‍ണ്യവും അടിമ വ്യവസ്ഥിതിയുമൊക്കെ ശക്തമാക്കിയത്. അങ്ങനെ, ആരാലും ചോദ്യം ചെയ്യപ്പെടാത്തവരായി ആയിരത്തി അഞ്ഞൂറോളം വര്‍ഷങ്ങളിലൂടെ ആര്യ- ബ്രാഹ്മണ മേധാവിത്വം ഇന്ത്യയില്‍ ജാതിവ്യവസ്ഥയുടെ ഇരുണ്ട യുഗം തന്നെ സൃഷ്ടിച്ചു. പിന്നീടാണ് കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ മധ്യത്തോടെ മുസ്ലീംകള്‍ ഇവിടെ വന്നു ആര്യ-ബ്രാഹ്മണ മേധാവിത്വത്തെ കുറെയെങ്കിലും കീഴടക്കി ആധിപത്യം സ്ഥാപിച്ചത്.
അധിനിവേശക്കാരായ മുസ്ലീംകള്‍ അവരുടെ ദൈവസങ്കല്പങ്ങളും ജീവിതരീതിയും ഇവിടെ പ്രചരിപ്പിക്കാന്‍ ആവതുപോലെ ശ്രമിക്കുകയും നല്ലൊരളവോളം വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് അധികം വൈകാതെ സംഭവിച്ച വാസ്കോ ഡി ഗാമയുടെ വരവോടെ പാശ്ചാത്യരായ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ അധിനിവേശം ശക്തമാക്കുകയുണ്ടായി. അങ്ങനെ ആര്‍ഷജ്ഞാനത്തിന്റെ, സനാതന സങ്കല്പങ്ങളുടെ ഈറ്റില്ലവും വിശ്വസംസ്കാരത്തിന്റെ തറവാടുമായ ഭാരതം പലപ്പോഴായി ആക്രമിക്കപ്പെടുകയും അടിമപ്പെടുകയും ചെയ്തു.
മഹത്തായ യോഗ്യതയും സമ്പാദ്യവും ആക്രമണ വിധേയമായിക്കൊണ്ടിരിക്കും. ആര്‍ജ്ജിക്കുന്ന മഹത്വത്തിനനുസരിച്ച് സംരക്ഷിക്കാനുള്ള കരുതല്‍ അനിവാര്യമാണെന്ന സഹസ്രാബ്ദങ്ങളുടെ അനുഭവ പാഠമായി ഇന്ത്യയില്‍ സംഭവിച്ച വൈദേശികാക്രമണങ്ങള്‍ നിലകൊള്ളുന്നു.
അധിനിവേശക്കാരില്‍ ഒന്നാമതെത്തിയ ആര്യന്മാര് വിചാരപരമായും താത്ത്വികമായും കാര്യമായൊന്നും നേടിയവര്‍ ആയിരുന്നില്ല. അവര്‍ ഇവിടെ വന്ന് ഇവിടത്തെ ജനതയുടെ ഐശ്വര്യത്തിനു കാരണമായ ജ്ഞാനം കൈവശപ്പെടുത്തുകയാണ് ചെയ്തത്. സനാതനവും ആര്‍ഷവുമായ അറിവിന്റെ ഉന്നതിയിലെത്തി സാത്വിക ഭാവമാര്‍ന്ന ജനതയെ അക്രമമാര്‍ഗ്ഗത്തിലൂടെ കീഴ്പെടുത്താന്‍ ആര്യജനതയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. തദ്ദേശീയരുടെ സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും കാരണമായ അറിവും വിനിയോഗവും സാധ്യമല്ലാതാക്കിത്തീര്ക്കുക വഴി തദ്ദേശീയര്‍ ക്രമേണ അധപതിച്ചവരായിത്തീര്ന്നു. കൂടാതെ, അക്രമ മാര്ഗ്ഗികളുടെ കര്‍ക്കശമായ നിയന്ത്രണത്തിനു വിധേയമായി തദ്ദേശീയര്‍ ആര്യജനതയുടെ അടിമകളായിത്തീരുകയും ചെയ്തു.
കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയില്‍ ആര്യ മേല്‍ക്കോയ്മക്കു സംഭവിച്ച ആദ്യ പ്രഹരമായി മുഹമ്മദീയരുടെ ആക്രമണവും ആധിപത്യം സ്ഥാപിക്കലും ഇവിടെ സംഭവിച്ചു. തുടര്‍ന്ന്, അധികം വൈകാതെ വാസ്കോ ഡി ഗാമയുടെ വരവോടെ ആരംഭിച്ച പാശ്ചാത്യ ഭരണമാണ് ഭാരത ചരിത്രത്തിലെ അവസാനത്തെ അധിനിവേശം.
അധിനിവേശക്കാരില്‍ ഓന്നാമന്മാരായ ആര്യജനതയാണ് തദ്ദേശിയരെ അധികമായി പീഡിപ്പിച്ചിട്ടുള്ളതെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഭൂരിപക്ഷ ഇന്ത്യന്‍ ജനത ആര്യജനതയെ മുഹമ്മദീയരെപ്പോലെയും ക്രിസ്ത്യാനികളെപ്പോലെയും അധിനിവേശക്കാരായി കാണാന്‍ തയ്യാറാവുന്നില്ലെതാണ് യാഥാര്‍ത്ഥ്യം. മാത്രവുമല്ല, മുഹമ്മദീയരെയും ക്രിസ്ത്യാനികളെയും അധിനിവേശക്കാരായി ചിത്രീകരിക്കുന്നതില്‍ മുഴുവനായ ഭാരതീയ ജനതയുടെയും മുമ്പില്‍ നില്‍ക്കുന്നത് ആര്യ ജനതയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ സംഭവിച്ചു നില്ക്കുന്നുവെങ്കിലും, മനസിലാക്കേണ്ടുന്ന യാഥാര്‍ത്ഥ്യം, ബഹുഭൂരിപക്ഷമായ ജനങ്ങളുടെ ജീവിതം കരിനിഴലിലാക്കിയ ആര്യ നിര്‍മ്മിതമായ ജാതിമേല്‍ക്കോയ്മയുടെ തകര്‍ച്ചക്ക് വഴിമരുന്നായത് മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും അധിനിവേശങ്ങളാണെന്നത് സ്മരിക്കേണ്ട സംഗതി തന്നെയാണ്.
അധിനിവേശക്കാരായ ആര്യജനത ഭാരതീയരും, മുഹമ്മദീയരും ക്രിസ്ത്യാനികളും വിദേശിയരും എന്ന സങ്കല്പം സംഭവിച്ചതിന്റെ കാരണവും സാമാന്യമായൊന്ന് അറിയുക തന്നെ വേണ്ടിയിരിക്കുന്നു. സവര്‍ണ്ണ മേധാവിത്വം സംസ്ഥാപിക്കുകയും ചാതുര്‍വര്‍ണ്യത്തിലൂടെ ജനതയെ ഒന്നാകെ അടിമത്വത്തില്‍ ആക്കുകയും ചെയ്ത ആര്യജനത ചെയ്ത അത്രയും ദ്രോഹം മുസ്ലീം, ക്രിസ്ത്യന്‍ അധിനിവേശ ശക്തികള്‍ തദ്ദേശിയരോട് ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീംകളും ക്രിസ്ത്യാനികളുമാകട്ടെ, അധിനിവേശത്തിനു മുമ്പുതന്നെ സ്വന്തമായ തത്ത്വശാസ്ത്രവും ജീവിതവീക്ഷണവും ഭരണപരിചയവും ഉള്ളവരായിരുന്നു. സ്വന്തം വിശ്വാസങ്ങളിലും പാരമ്പര്യത്തിലുമുള്ള അതിരുകവിഞ്ഞ മതിപ്പ് നിമിത്തം അവര്‍ ഭാരതീയമായ വിചാരധാരകളോട് മമതയുള്ളവരോ, ആര്യന്മാര് തദ്ദേശിയരോട് ചെയ്തതുപോലെ, പിടിച്ചെടുത്ത് തങ്ങളുടേതാക്കാന്‍ ശ്രമിച്ചവരോ ആയതുമില്ല. ഇക്കാരണത്താല്‍, തദ്ദേശിയരായ അടിമകളുടെ ദൃഷ്ടിയില് പോലും ആര്യജനത ഭാരതീയരും, ക്രിസ്ത്യാനികളും മുസ്ലീംകളും വിദേശിയരുമായിത്തീരുന്ന അനുഭവമുണ്ടാവുക തന്നെ ചെയ്തു.
ക്രമേണ സംഭവിച്ചു ശക്തിപ്പെട്ട് രണ്ടു നൂറ്റാണ്ടിലധികം ഭരിച്ച ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യം സംഭവിച്ച്, വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമമായി ഇന്ത്യ 1947-ല്‍ സ്വതന്ത്രമായി. 1947-നു ശേഷം ഇതെഴുതുന്ന 2018 വരെയുള്ള കാലയളവ് എന്നത് ഇന്നത്തെ ശരാശരി മനുഷ്യായുസിനെക്കാള് കുറവുമാണ്.
1947-ല്‍ കിട്ടിയ സ്വാതന്ത്ര്യത്തിനു ശേഷവും കുറെക്കാലത്തേക്ക് വസ്തുവകകള്‍ നിയമപരമായി ബ്രാഹ്മണന്റെ സ്വത്തായിരുന്നുവെന്നത് അമ്പത് വയസിലധികം പ്രായമുള്ളവര്‍ക്ക് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന കാര്യമാണ്. ജനങ്ങളെല്ലാം കുടിയാന്മാരും ഉടമകളെന്ന ബ്രാഹ്മണര്‍ക്ക് പാട്ടം കൊടുക്കേണ്ടവരുമായിരുന്നു. ജനങ്ങള്‍ പണിയെടുക്കുന്നു, അദ്ധ്വാനത്തിന്റെ ഫലം ബ്രാഹ്മണര്‍ക്ക് ലഭിക്കുന്നു- സുഖജീവിതം! രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് ആധിപത്യമായിരുന്നുവെങ്കിലും ധാരണാപരമായിത്തന്നെ ബ്രാഹ്മണന്റെ സ്വത്തിലോ അവകാശാധികാരങ്ങളിലോ കൈകടത്തുന്നതില്‍ നിന്ന ് ബ്രിട്ടീഷുകാര്‍ അകന്നു നിന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായിരുന്നത് ഇവിടത്തെ ജനങ്ങളുടെ അദ്ധ്വാനഫലത്തിന്റെ പങ്ക് മാത്രമായിരുന്നുവല്ലൊ.
ആര്യാധിനിവേശത്തിനു വളരെ മുമ്പ് ഉണ്ടായിരുന്ന ഭാരതീയമായ വിചാരധാരകളും ആ വിചാരധാരക്ക് ഉടമകളായ ഗുരുക്കന്മാരും ഋഷിമാരുമെല്ലാം കവര്ന്നെടുക്കലിലൂടെ ബ്രാഹ്മണര്‍ എന്നറിയപ്പെടുന്ന ആര്യവിഭാഗത്തിന്റേതായിത്തീര്ന്നു. കൂടാതെ, ആരാധനാലയങ്ങളും കൂടി പിടിച്ചെടുക്കുകയും ആര്യസങ്കല്പത്തിന്റേതായ ത്രിമൂര്‍ത്തികള്‍ക്കു കീഴിലായി, ശ്രീരാമനും കൃഷ്ണനും ഉള്‍പ്പടെയുള്ള ഭാരതീയ ഗുരുക്കന്മാരെയെല്ലാം ആര്യദൈവമായ വിഷ്ണുവിന്റെ അവതാരങ്ങളായി ചിത്രീകരിക്കുകയും കൂടി ചെയ്തതോടെ ഭാരതീയ വിചാരത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടുവെന്നു വന്നു. ഇത്തരത്തിലാണ് ഋഷിമാരുടെ കാലത്തിനു ശേഷം ഏറെക്കാലത്തേക്ക് ഭാരതീയ ചിന്തയില്‍ വിചാരതരമായ പുതുമയൊന്നും ഉണ്ടാകാതെ പോയതെന്നു കാണേണ്ടിയിരിക്കുന്നു.
തദ്ദേശിയരായ ഭാരതീയ ജനതയ്ക്ക് ഏറ്റവുമധികം ദ്രോഹകരമായിത്തീര്ന്ന പ്രവര്‍ത്തനം നടത്തിയത് ആര്യവര്ഗ്ഗമായിരുന്നുവെങ്കിലും ആര്യന്മാരെ ഭാരതീയ ജനങ്ങള്‍ക്കിടയില്‍ ഒന്നാമത്തവരായിത്തന്നെ പരിണിക്കുന്നിടത്താണ് കാര്യങ്ങള്‍ നിലകൊള്ളുന്നത്. ഇങ്ങനെ സംഭവിക്കുന്നതിന് ഒരൊറ്റ ന്യായമേ ഉണ്ടാവുന്നുള്ളൂ: ജ്ഞാനമെന്ന സമ്പത്തും ഭൗതികമായ അവകാശാധികാരങ്ങളും ആരുടെ കൈവശമാണോ ഉണ്ടായിരിക്കുന്നത് അവരാണ് എല്ലാം നിയന്ത്രിക്കുന്നവരും എല്ലാവര്ക്കും മേലുള്ളവരും.. ജ്ഞാനവും സമ്പത്തുക്കളും നശിക്കുന്നവര്‍ അടിമകളും ആയിത്തീരുന്നു. ബ്രാഹ്മണ മേധാവിത്വമെന്ന ആര്യമേധാവിത്വത്തിന്റെ കാരണത്തെ ഇങ്ങനെയാണ് തിരിച്ചറിയാനാവുന്നത്.
സ്വാതന്ത്ര്യാനന്തരം സംഭവ്യമായ ജനാധിപത്യത്തിലൂടെ സ്വത്തിന്റെ അവകാശത്തെക്കുറിച്ചുള്ള പുനര്‍ചിന്തനവും നടപ്പാക്കലും ഭൗതികമായിട്ടെങ്കിലും ബ്രാഹ്മണാധിപത്യത്തിന്റെ അന്ത്യം കുറിക്കുന്നതിലേക്ക് കൊണ്ടുവന്നെത്തിച്ചു. പക്ഷേ, ഇന്നും ഭാരതീയ ജനത ബ്രാഹ്മണന്റെ ദൈവസങ്കല്പങ്ങളെയും മൂര്‍ത്തികളെയും ആരാധിക്കുന്നതിലൂടെ ബ്രാഹ്മണര്‍ക്ക് മാനസികമായി വിധേയപ്പെട്ടവരായിത്തന്നെ ഇരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അധിനിവേശക്കാരനായ ആര്യന് ബ്രാഹ്മണനായത് ഭാരതീയ വിചാരത്തിന്റെ അത്യുന്നത ഭാവമായ ബ്രഹ്മസങ്കല്പം കൈവശപ്പടുത്തി സ്വന്തമാക്കിയതിലൂടെയാണ്. ഇന്നത്തെ സങ്കല്പമനുസരിച്ച് ബ്രഹ്മജ്ഞാനം ഉള്ളവനെയാണല്ലൊ ബ്രാഹ്മണന് എന്നു വിളിക്കുന്നത്. ഒരുവന് ബ്രഹ്മജ്ഞാനം ഇല്ലാത്തവനായിരിക്കാന്, അത് കിട്ടാന്‍ സാധ്യതയില്ലാത്തവനായി നിലനിര്‍ത്തിയാല്‍ മാത്രം മതിയാവുന്നുവല്ലൊ! അറിവില്ലാത്തവന് മൂഢന്.. തലമുറകളിലൂടെ അവന് ഒന്നുമല്ലാത്തവനായി മാറുന്നു. ജ്ഞാനം എല്ലാവര്ക്കും ലഭിക്കാതെ തടഞ്ഞതിന്റെ പിന്നിലുള്ള യഥാര്‍ത്ഥമായ ഉദ്ദേശ്യം ഇതായിരുന്നു.
യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ ഇനി നമ്മള് എന്താണ് ചെയ്യേണ്ടത്? ആരാണ് യഥാര്‍ത്ഥ പ്രശ്നക്കാര്‍? നമ്മുക്ക് നമ്മളെത്തന്നെ കണ്ടെത്തി അന്തിമമായ പരിഹാരം ഏറ്റവും മികച്ച അറിവിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കുക തന്നെ വേണം. ചരിത്രപരമായ ചികയലുകള്‍ നടത്തി ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പര വിദ്വേഷം ഊതിക്കത്തിച്ച് തമ്മിലടിക്കുന്നതുകൊണ്ട് പുതുതായ ഒരറിവും പുരോഗതിയും സംഭവിക്കുകയുമില്ല. ആരോടും പകരം വീട്ടുന്ന വിചാരമില്ലാതെ ‘എല്ലാവര്ക്കും എല്ലാം കിട്ടണം’ എന്ന കാഴ്ചപ്പാടോടെ അത് നടപ്പാക്കുക തന്നെ വേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടിയ യോഗ്യതകള്‍ കാത്തുസൂക്ഷിക്കാത്തവരും കിട്ടിയത് അനാവശ്യമായി, ദുര്വിചാരത്തോടെ വിനിയോഗിച്ചവരും എല്ലാം കുറ്റക്കാരാണ്. ശിക്ഷിക്കാന്‍ പ്രത്യേകിച്ചൊരു പ്രതിയെ ഇന്നത്തെ സാഹചര്യത്തില്‍ കണ്ടെത്താനാവുകയില്ല തന്നെ. പക്ഷേ, എല്ലാവര്ക്കും എല്ലാം കിട്ടത്തക്ക വിധംനമുക്ക് പരിഹാരം ഉണ്ടാക്കിയേ കഴിയൂ..
ആര്യ-ബ്രാഹ്മണ സംഗമം
അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം കൃഷ്ണന്റെ കാലത്തു തന്നെ ജാതീയമായ പരിഗണയില്‍ പെടുന്ന ബ്രാഹ്മണന് എന്നൊരു വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണ് കാണാനാവുന്നത്. തൊഴില്‍പരമായി ആയുധവിദ്യയിലാണ് ബ്രാഹ്മണന് പ്രാവീണ്യമുണ്ടായിരുന്നത്. രാജ്യഭരണം നടത്തിയിരുന്ന ക്ഷത്രിയരായ പാണ്ഡവര്‍ക്കും കൗരവര്‍ക്കും ആയുധവിദ്യയില്‍ ഗുരുവായിരുന്നത് ബ്രാഹ്മണനായ ദ്രോണരാണ്.
ഇന്നത്തെ കേരളം ഉള്‍പ്പെടുന്ന ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള തെക്കു പടിഞ്ഞാറന്‍ പ്രദേശം പരശുരാമന് പിടിച്ചടക്കിയെന്നാണ് പറയുന്നത്. പിടിച്ചടക്കുന്നതിനായി പരശുരാമന് ഉപയോഗിച്ചത് മഴുവെന്ന ആയുധമാണ്. മഴു പ്രാചീന കാലത്തിന്റെ ഒരു പ്രധാന യുദ്ധോപകരണം ആയിരുന്നുവല്ലൊ. പോയകാല വിവരണങ്ങളിലെ ശക്തരായ രണ്ടു വ്യക്തിത്വങ്ങളായ ദ്രോണരും പരശുരാമനും ആയുധ വിദ്യയില്‍ അഗ്രഗണ്യരായിരുന്നു എന്നതു തന്നെ, ബ്രാഹ്മണന് ഇന്നു കാണുന്ന വിധം അടിസ്ഥാനപരമായി ദേവപൂജ ചെയ്തും ജ്ഞാനാര്ജ്ജിതമായും സാത്വികരായി ജീവിച്ചിരുന്ന വിഭാഗം ആയിരുന്നില്ലെന്നാണ്.
ബ്രാഹ്മണന് എന്ന വിഭാഗം ആര്യാഗമനത്തിനു മുമ്പു തന്നെ ഉള്ളവര്‍ ആയിരുന്നുവെങ്കില്‍, ആര്യന്മാര്ക്ക് ഇന്ത്യയില്‍ ജാതീയമായ മേല്‍ക്കൈ സാധ്യമായത് എങ്ങനെയെന്നത് ഇന്നോളം ചരിത്രപരമായി വേണ്ടവണ്ണം അപഗ്രഥിക്കാത്ത വിഷയമാണണെന്നു തന്നെ കാണേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍, ഹിന്ദു സങ്കല്പത്തിലെ ഉന്നതരായ ബ്രാഹ്മണകുലത്തെ ആര്യന്മാരായിത്തന്നെ പരിഗണിക്കുന്നതായും കാണാനാവുന്നു. ആര്യാഗമനത്തിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണനും, മൂവായിരം വര്‍ഷത്തോളം മാത്രം പഴക്കമുള്ള ആധിനിവേശത്തിലൂടെ മധ്യേഷ്യയില്‍ നിന്നെത്തിയ ആര്യനും ഒന്നെന്ന നിലയിലുള്ള സങ്കല്പം സംഭവിക്കണമെങ്കില്‍ അതിനു തക്കവിധമുള്ള ഒരു ഇടപാട് നടന്നിരിക്കുമെന്നത് സാമാന്യമായിത്തന്നെ മനസിലാക്കാനാവുന്നു.
മധ്യേഷ്യയില്‍ നിന്നു വന്ന ആര്യന്മാര് ദുര്‍ഘടമായ ഹിന്ദുക്കുഷ് പര്‍വ്വതനിരകള്‍ കടന്ന് ഇന്നത്തെ പാക്കിസ്ഥാനിലുള്ള സിന്ധുതടത്തില്‍ താവളമടിച്ചു നിലകൊണ്ടിരുന്നുവെന്നത് ചരിത്രപരമായ നിഗമനം തന്നെയാണ്. ഹിന്ദുക്കുഷ് കടക്കുകയും ഇവിടെത്തന്നെ കഴിയുന്നവരും എന്ന നിലയില്‍ ആര്യന് ഹിന്ദുവുമായി. മോഹന്ജദാരോ, ഹാരപ്പ സംസ്കാരങ്ങളുടെ അന്ത്യം സംഭവിച്ച് വളരെ കഴിയും മുമ്പ് ഇവിടെ വന്നുചേര്‍ന്ന ആര്യന്മാര്ക്ക് മധ്യേഷ്യയില്‍ എവിടെയും ലഭ്യമായിരുന്നതിനെക്കാള്‍ നല്ല ഭൂമിയായിരുന്നു സിന്ധുതടം.
കൂട്ടത്തോടെ നിരന്തര സഞ്ചാരം ശീലമായിരുന്ന ആര്യന്മാര് ഇന്നത്തെ ഇന്ത്യയെന്ന പ്രദേശത്തേക്കു നീങ്ങുകയും സ്വാഭാവികമായിത്തന്നെ ഇവിടത്തെ പരമ്പരാഗത വര്‍ഗ്ഗങ്ങളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുകയുമുണ്ടായി. ആയുധ വിദ്യയില്‍ ഉന്നതരായിരുന്ന ബ്രാഹ്മണ വിഭാഗവുമായി എറ്റുമുട്ടുകയും കീഴടക്കുകയും കീഴടങ്ങുകയും സന്ധിയില്‍ ഏര്‍പ്പെടുകയും എന്നതൊക്കെ സ്വാഭാവികമായും സംഭവിക്കുക തന്നെ ചെയ്തു.
അന്നത്തെ രീതിയനുസരിച്ച് യുദ്ധത്തില്‍ പരാജയപ്പെടുന്നവരുടെ സ്ത്രീകളെ വിജയിക്കുന്നവര്‍ പിടിച്ചെടുക്കുകയും സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്ന് സ്ത്രീയെന്നത് വീരന്മാരെ സംബന്ധിച്ചിടത്തോളം സ്വത്തുവകകളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരുന്നുവല്ലൊ. ലോകത്ത് എവിടെയുമുള്ള ചരിത്രം പരിശോധിച്ചാലും ഇങ്ങനെയാണ് കാണാനാവുന്നത്. ആര്യാഗമനത്തിനു മുമ്പ് കൃഷ്ണന്റെ കാലത്തു തന്നെ ചൂതുകളിയില്‍ പണയ ഉരുപ്പടിയായി യുധിഷ്ഠിരന് അവസാനമായി വയ്ക്കാനുണ്ടായിരുന്നത് പാഞ്ചാലിയെ ആയിരുന്നു. ത്രേതായുഗത്തില്‍ പോലും രാമനെ രാവണന് വെല്ലുവിളിച്ചത് സീതയെ അപഹരിച്ചിട്ടായിരുന്നുവല്ലൊ!
പിടിച്ചെടുക്കപ്പെടുന്ന സ്ത്രീയെന്ന സ്വത്തുക്കളില്‍ പിടിച്ചെടുക്കുന്നവരുടെ കുഞ്ഞുങ്ങള്‍ ജനിക്കുകയെന്നത് സ്വാഭാവികമാണ്. പരസ്പരം ശത്രുതയില്‍ പോരാടി സാഹചര്യാനുസൃതമായി ജയിക്കുകയും തോല്‍ക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്ന വിഭാഗങ്ങള്‍ രക്തബന്ധമുള്ളവരായി മാറുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു. ഇപ്രകാരം, അധിനിവേശക്കാരായ ആര്യന്മാര് ഇന്ത്യയിലെ ബ്രാഹ്മണ ജനതയുമായി സംഗമിച്ച് ആര്യ-ബ്രാഹ്മണ വിഭാഗമായി മാറുകയും ചെയ്തു.
യുദ്ധമുറകളിലും വെട്ടിപ്പിടുത്തത്തിലും വിദഗ്ദ്ധരായ രണ്ടു വിഭാഗങ്ങളും സംഗമിച്ചപ്പോള്‍ മറ്റു വിഭാഗങ്ങളുടെ സ്വത്തായിരുന്ന ബൗദ്ധികവും ഭൗതികവുമായ സമ്പത്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വലിയ പ്രയാസമുണ്ടായില്ലെന്ന് എളുപ്പത്തില്‍ മനസിലാക്കാനാവുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ ആര്യ-ബ്രാഹ്മണ മേധാവിത്വം നിലവില്‍ വരികയും ചെയ്തു.
ഇപ്രകാരം സംഭവിച്ചുവെന്നതിന്റെ തെളിവായി, കൃഷ്ണന് ഉള്പടെയുള്ള ഉന്നതരായ ഗുരുക്കന്മാരെയും ജ്ഞാനികളെയും മറ്റാര്‍ക്കും അവകാശമില്ലാത്ത വിധം ആര്യ-ബ്രാഹ്മണ വിഭാഗം അവരുടെ മാത്രം സ്വത്താക്കി മാറ്റിയെന്നത് വ്യക്തമാക്കുന്നു. കന്നുകാലി മേയ്ക്കല്‍ തൊഴിലാക്കിയിരുന്ന യാദവ കുലത്തിലാണല്ലൊ കൃഷ്ണന് ജനിച്ചത്. ഇന്നും ഉത്തരേന്ത്യയില്‍ യാദവര്‍ എന്ന വംശം ജീവിച്ചിരിക്കുകയും സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ചാതുര്‍വര്‍ണ്യത്തിലെ വിശിഷ്ഠ നിലപാടായി അസ്പര്‍ശ്യത ശക്തമായിരുന്ന കാലത്തും, താണ ജാതിക്കാരനായി പിറന്നു ജീവിച്ച കറുത്തവനായ കൃഷ്ണനെ മറ്റാര്‍ക്കും കൊടുക്കാത്ത വിധം ദൈവവും ആരാധനാപാത്രവുമായി ആര്യ-ബ്രാഹ്മണ സഖ്യം സ്വന്തമാക്കിയെന്നത് ഇവിടെയുണ്ടായിരുന്ന ഭൗതിക സമ്പത്തുക്കള്ക്കൊപ്പം ജ്ഞാനതരമായ സ്വത്തുക്കളും കവര്‍ന്നുവെന്നതിന്റെ തെളിവായിത്തന്നെ കാണാനാവുന്നു.
“എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്നു തുടങ്ങുന്ന” വിചാരത്തിലൂടെ മുന്നേറുന്ന നമ്മെ സംബന്ധിച്ചിടത്തോളം പക്ഷേ, ഇതൊക്കെ നമ്മുടെ പൂര്‍വ്വികരെയും പാരമ്പര്യത്തെയും അറിയുന്ന ചരിത്രപരമായ അവലോകനം എന്നതു മാത്രമേ ആവുന്നുള്ളൂ. കാലങ്ങള്‍ ഏറെ താണ്ടിയ ഭാരതീയ പാരമ്പര്യത്തെ അവലോകനം ചെയ്യുന്നുവെന്നല്ലാതെ നമുക്ക് ഇന്ന് ഇതൊരു വൈകാരിക പ്രശ്നമായി വരുന്നതുമില്ല. നമ്മള് തികച്ചും നവീനമായ തത്ത്വത്തിലൂടെയുള്ള യാത്രയില്‍ ആണല്ലൊ. പോയ കാലത്തിന്റെ വിചാരപരമായ സമ്പത്തുക്കള്‍ തിരിച്ചു പിടിച്ചെടുത്തതുകൊണ്ടോ സമ്പത്തുക്കള്‍ പിടിച്ചെടുത്ത ആര്യ-ബ്രാഹ്മണ വിഭാഗത്തെ ശത്രുക്കളായി കണ്ടതുകൊണ്ടോ യാതൊന്നും നേടാനുമില്ല. പോയ കാലത്തിന്റെ വിചാരധാരയുടെ അടിത്തറയില്‍ നമുക്ക് കെട്ടിപ്പടുക്കാന്‍ എന്തെങ്കിലും ഉണ്ടാവുന്നുമില്ല.
ഭാരതീയമായ ബൗദ്ധിക-ഭൗതിക സമ്പത്തുക്കള്‍ക്ക് ഇപ്രകാരം സംഭവിക്കുന്നതിന് ഇടവന്നതിനെക്കുറിച്ചും നമുക്ക് സാമാന്യമായൊന്ന് അറിയേണ്ടിയിരിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃഷ്ണന്റെ കാലത്ത് ഭരിച്ചിരുന്ന ക്ഷത്രിയ വര്‍ഗ്ഗത്തിന്റെ പ്രതാപം അപ്പാടെ നശിപ്പിക്കുന്ന വിധത്തിലാണ് കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമമായി സംഭവിച്ചതെന്നത് മഹാഭാരത കാലത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാവുന്നതാണ്. അതായത്, കൃഷ്ണന്റെ പ്രവര്‍ത്തനമെന്നത് ദ്വാപരയുഗ ധര്‍മ്മത്തില്‍ നിന്ന് കലിയുഗ ധര്‍മ്മത്തിലേക്ക് കാലത്തെ കടത്തി വിടുകയെന്നതായിരുന്നു. ഇത്തരത്തിലായതിനാല്‍ കൃഷ്ണന്, നിലവില്‍ ഉണ്ടായിരുന്നതിനെയെല്ലാം അതേപടി തുടരാനാവാത്ത വിധം ഇല്ലായ്മ ചെയ്യേണ്ടുന്ന പ്രവര്‍ത്തനവും അനിവാര്യമായിരുന്നു. ഇക്കാരണത്താല്‍ തന്നെ കൃഷ്ണന് പാണ്ഡവരെ പ്രേരിപ്പിച്ച് മഹായുദ്ധമുണ്ടാക്കി നാശോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തുവെന്ന് പറയാം. മാത്രവുമല്ല, ത്രികാലജ്ഞാനിയായ കൃഷ്ണന് സ്വന്തം പരമ്പരയെത്തന്നെ നശിപ്പിച്ചു കളയുന്ന പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളതും.
ത്രികാല ജ്ഞാനിയായ കൃഷ്ണന് കുലനാശം വരുത്തുന്ന പുത്രന് ജനിച്ചുവെന്നത് യാദൃശ്ചികമല്ലല്ലൊ! കൃഷ്ണന് തന്നെ പടുത്തുയര്‍ത്തിയ ദ്വാരക നശിച്ചതും കുലസ്ത്രീകളെ കാട്ടാളന്മാര് പിടിച്ചു കൊണ്ടുപോയതും കൃഷ്ണന് മുന്‍കൂട്ടി മനസിലാക്കാതിരുന്നിട്ടില്ലല്ലൊ.. ഇങ്ങനെയൊക്കെ സംഭവിച്ചപ്പോളാണ് കലി പിറക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടായതെന്ന് ഓര്‍ക്കേണ്ടതായിട്ടുണ്ട്!
പിന്നെയും നിലനില്പുകളായി ശേഷിച്ചതെന്തോ അവയുടെയും പര്യവസാനം സംഭവിച്ചാല്‍ മാത്രം സാധ്യമാവുന്നതാണ് യഥാര്‍ത്ഥമായുള്ള കലിയുടെ ധര്‍മ്മം എന്നാണ് മനസിലാക്കാനുണ്ടാവുന്നത്. ഇപ്രകാരം സംഭവിക്കേണ്ടുന്നതിനു തക്കവണ്ണമുള്ള സംഭവങ്ങളുടെ തുടര്‍ച്ച എന്നതായി മാത്രം ആര്യന്മാരില് തുടങ്ങി മുസ്ലീംകളും ക്രിസ്ത്യാനികളുമായി പൂര്‍ത്തിയാക്കിയ അധിനിവേശ ചരിത്രത്തെ സൂക്ഷ്മദര്‍ശനങ്ങള്‍ കൊണ്ട് നമുക്ക് വിലയിരുത്താനാവുന്നു. (ഇക്കാര്യം നമുക്ക് പിന്നീട് വിശദമായ വിചാരത്തിനു വിധേയമാക്കാം).
ഭരണപരവും വൈജ്ഞാനികവുമായ ആധിപത്യം ക്ഷയിച്ചു നിന്നിരുന്ന ഒരു സമൂഹത്തില്‍ ആര്യ-ബ്രാഹ്മണ മേധാവിത്വം സംസ്ഥാപിതമാവുകയെന്നത് എളുപ്പവുമായിരുന്നു. ഇത്തരത്തില്‍, ദ്വാപരത്തില്‍ നിലനിന്നിരുന്നതായ വിചാരങ്ങള്‍ക്കും പ്രവര്ത്തനഗതിക്കും കൃഷ്ണന് പര്യവസാനം ഉണ്ടാക്കി എന്നതില്‍നിന്ന് ഇന്ത്യയിലെ അധിനിവേശ ചരിത്രവും കലങ്ങിമറിയലുകളും തുടങ്ങുന്നുവെന്നാണ് കാണാനുണ്ടാവുന്നത്. ഇക്കാരണത്താല്‍ത്തന്നെ അധിനിവേശക്കാരായ ആര്യനോ തദ്ദേശീയനായ ബ്രാഹ്മണനോ ഇത്തരമൊരു കര്‍മ്മം നിമിത്തം ഇന്നത്തെ സാഹചര്യത്തില്‍ വലിയ കുറ്റം ചെയ്ത പ്രതികളോ വെറുക്കപ്പെടേണ്ടവരോ ആകുന്നുമില്ല.
ചരിത്രപരമായി നാം എങ്ങനെയായിരുന്നുവെന്നും ആരെന്നും അറിയുന്നതു നിമിത്തം ഇനി നമുക്കു വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനു പറ്റിയതെന്തോ അത് സാധിച്ചെടുക്കുക എന്നതു തന്നെയാണ്. നിലവിലെ ലോകത്തിന്റെ പോക്ക് തിരിച്ചറിഞ്ഞാല്‍ത്തന്നെ അങ്ങനെയല്ലാതെ ഇനിയൊരു യോഗ്യവും സമാധാനപരവുമായ നിലനില്പ് മാനവരാശിക്ക് സംഭവിക്കുകയില്ലെന്നും മനസിലാക്കാന്‍ കഴിയുന്നു.
ഭാരതീയ വിചാരത്തില്‍ ദേവസങ്കല്പം
ഭാരതീയ ആദ്ധ്യാത്മിക സങ്കല്പലോകത്തെ ഏറ്റവും തിളക്കമുള്ള വ്യക്തിത്വമാണ് കൃഷ്ണന്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന കൃഷ്ണന്റെ കാലത്തു തന്നെ ദേവസങ്കല്പവും ആരാധനയും ഉണ്ടായിരുന്നതായാണ് കാണാന്‍ കഴിയുന്നത്.
താല്ക്കാലികമായ ഭൗതിക ലാഭങ്ങള്‍ ലക്ഷ്യം വയ്ക്കുന്നവരും താഴ്ന്ന മനസുള്ളവരും ദേവന്മാരെ ആശ്രയിക്കുന്നുവെന്നും, യജ്ഞങ്ങളുടെയും തപസ്സുകളുടെയും ഭോക്താവും സര്‍വ്വ ലോകങ്ങടെയും അധിപന് താനാണെന്നും കൃഷ്ണന് പറയുന്നതായി ഭഗവദ്ഗീതയില്‍ കാണാനാവുന്നു. ഈ പ്രസ്താവം കാണിക്കുന്നത് ദേവസമ്പ്രദായത്തോടുള്ള കൃഷ്ണന്റെ സമീപനം എങ്ങനെയായിരുന്നുവെന്നാണ്.
മഹാഭാരത കാലത്തു തന്നെ ദേവാരാധന നിലനിന്നിരുന്നുവെന്നതിന്റെ മറ്റൊരു പ്രധാന തെളിവായി എടുക്കാനാവുന്നതാണ് കര്‍ണ്ണനു ദേവേന്ദ്രനില്‍ നിന്നു കിട്ടുന്ന വരം എന്നത്. കൂന്ദീപുത്രനായി ജനിച്ചുവെങ്കിലും കൗരവരുടെ കുതിരക്കാരനാല് വളര്‍ത്തപ്പെട്ട് കുതിരക്കാരന്റെ പുത്രനായി കരുതപ്പെട്ടിരുന്ന കര്ണ്ണന് ആരാധിക്കാനുണ്ടായിരുന്നത് ദേവസമ്പ്രദായത്തെയാണ് എന്നു കാണേണ്ടിയിരിക്കുന്നു. ആയുധ വിദ്യയില്‍ ഉന്നതനായിരുന്നുവെങ്കിലും രാജ്യത്തെ സംബന്ധിക്കുന്ന നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന സദസ്സുകളില്‍ നിന്ന് താണ ജാതിക്കാരന് എന്ന നിലയില്‍ അപമാനിതനായി മാറിപ്പോകേണ്ട സാഹചര്യം കര്ണ്ണന് ഉണ്ടാവുന്നതും മാഹാഭാരതത്തില്‍ കാണാനാവുന്നു.
വിവരണങ്ങളില്‍ നിന്നു ലഭിക്കുന്ന തെളിവുകള്‍ ഇപ്രകാരമായിരിക്കെ മനസിലാക്കാനാവുന്നത്, ദേവസങ്കല്പം കൃഷ്ണന്റെ കാലത്തു തന്നെ ഉണ്ടായിരുന്നുവെന്നും അത് സമൂഹത്തിലെ താണവരുടെ ആരാധനാ സങ്കല്പം ആയിരുന്നുവെന്നുമാണ്.
മധ്യേഷ്യയില്‍ നിന്നു വന്ന ആര്യന്മാര്, പ്രകൃതിശക്തികളെ ആരാധിച്ചിരുന്നവരായിരുന്നു. ആര്യ-ബ്രാഹ്മണ സങ്കലനത്തിലൂടെ ആരാധനാ സമ്പ്രദായങ്ങളിലും സങ്കലനം സംഭവിച്ചപ്പോള്‍ ആര്യന്മാരുടെ പ്രകൃതിശക്തികളെ ആരാധിക്കലും ബ്രാഹ്മണരുടെ ദേവാരാധനയും സങ്കരമായി ഇന്നു കാണുന്ന വിധത്തിലുള്ള ഹിന്ദു സമ്പ്രദായം നിലവില്‍ വരികയുമുണ്ടായി.
കൃഷ്ണന്റെ കാലത്തും ജാതിവ്യവസ്ഥ നിലനിന്നിരുന്നു എന്നു തന്നെയാണ് മനസിലാക്കാനുണ്ടാവുന്നത്. ആ ജാതിവ്യവസ്ഥ തൊഴില്‍പരമായ നിര്വ്വചനമായിരുന്നുവെന്നും, ജ്ഞാനതരമായ അല്ലെങ്കില്‍ അധികാരതരമായ എന്തെങ്കിലും ആര്‍ജ്ജിക്കുന്നതിന് തടസ്സം ആയിരുന്നില്ലെന്നും കാണാനാവുന്നു. കന്നുകാലി വളര്‍ത്തല്‍ തൊഴിലായ യാദവ വംശത്തില്‍ ആയിരുന്നു കൃഷ്ണന് ജനിച്ചത്. എങ്കിലും കൃഷ്ണന് രാജകീയ പ്രതാപത്തിന്റെ പിന്തുടര്ച്ചക്കാരന് തന്നെയായിരുന്നു. രാജാവായിരുന്ന കംസന് കൃഷ്ണന്റെ അമ്മാവന് ആയിരുന്നു. മാത്രവുമല്ല, കംസന് ദര്ശനതരമായ അനുഭവങ്ങളുള്ള ആളുമായിരുന്നു. കൃഷ്ണന്റെ വരവ് തന്റെ സുഗമമായ നിലനില്പിനു ഭംഗമാണെന്ന് മുന്‍കൂട്ടി കാണാന്‍ കഴിവുള്ള അത്രത്തോളമായ ജ്ഞാനിയുമായിരുന്നു കംസന്.
മഹാഭാരത കാലത്തെ പല സന്ദര്‍ഭങ്ങളിലുമുള്ള വിവരണങ്ങളില്‍ നിന്ന് കൃഷ്ണന്റെ ജ്ഞാനവും മധ്യസ്ഥതയും അംഗീകരിക്കാന്‍ ആര്‍ക്കും വംശീയമായ വിചാരം നിമിത്തം ബുദ്ധിമുട്ടുണ്ടായിരുന്നതായി കാണാനുമാവുന്നില്ല. ഇത്തരത്തില്‍ കാണാനാവുന്നതുകൊണ്ട് ആര്യ-ബ്രാഹ്മണ മേധാവിത്വത്തിനു മുമ്പ് നിലനിന്നിരുന്ന ജാതി വ്യവസ്ഥയെന്നത് മനുഷ്യന്റെ അവകാശങ്ങളെയും സാമൂഹികമായ യോഗ്യതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന എന്തെങ്കിലും ആയിരുന്നില്ലെന്നാണ് മനസിലാക്കാനാവുന്നത്. കൃഷ്ണന്റെ കാലത്തെ ജാതിവ്യവസ്ഥയെ താരതമ്യംകൊണ്ട് ഇന്നത്തെ ജനാധിപത്യ സംസ്കാരത്തിലെ തൊഴില്‍പരമായ നിര്‍വ്വചനങ്ങള്‍ക്കു തുല്യമായി വിലയിരുത്താവുന്നതാണ്.
ഭാരതീയചിന്തയുടെ തലപ്പത്തു നില്ക്കുന്ന കൃഷ്ണന് തറപ്പിച്ചു പറയുന്നത്, താല്കാലിക ലക്ഷ്യവും അല്പമാത്രമായ നേട്ടങ്ങള്‍ക്കും വേണ്ടി ചെറിയ മനസ്സുള്ളവര്‍ ദേവനെ ആരാധിക്കുന്നുവെന്നാണ്. ഇതിന്റെ അര്‍ത്ഥം പലതാണ്. ഒന്നാമത്, ദേവന് എന്ന സങ്കല്പം കൃഷ്ണനെക്കാള് വളരെ ചെറുതാണ്.. രണ്ടാമതായി, ദേവനെന്ന സങ്കല്പം ആര്യാഗമനത്തിനു മുമ്പ് കൃഷ്ണന്റെ കാലത്തു തന്നെ ഉണ്ടായിരുന്നുവെന്നുമാണ്. മഹാഭാരത വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മുന്നിരക്കാരാരും കാര്യസാധ്യത്തിനായി ദേവന്മാരെ ആശ്രയിക്കുന്ന രംഗങ്ങളൊന്നും പ്രസക്തമായി സംഭവിക്കുന്നുമില്ല. പലപ്പോഴായി, എല്ലാവരുംതന്നെ ഗുരുവായ കൃഷ്ണനെ ആശ്രയിക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് കാണാനുണ്ടാവുന്നത്. ഇതിന്നര്‍ത്ഥം ഗുരുവെന്ന സങ്കല്പം ദേവനെക്കാള്‍ വലുതാണെന്നും കൃഷ്ണന്റെ കാലത്തു തന്നെ ഗുരുസങ്കല്പം ശക്തമായി നിലകൊണ്ടിരുന്നു എന്നുമാണ്.
ദേവന്മാരില് ഉന്നതനായി പരിഗണിക്കപ്പെടുന്ന ശിവന് പാര്‍വ്വതിയോട് സംവദിക്കുന്നതായി പറയപ്പെടുന്ന വാക്കുകള്‍ ക്ഷേത്രങ്ങളില്‍ നിന്നു തന്നെ മുഴങ്ങുന്നത് നമ്മള് കേള്‍ക്കാറുണ്ടല്ലൊ- ഗുരൂര്‍ ബ്രഹ്മാ ഗുരൂര്‍ വിഷ്ണു: ഗുരൂര്‍ ദേവോ മഹേശ്വര: ഗുരുരേകം പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ: എന്ന്..
ഈ മന്ത്രത്തിന്റ അര്‍ത്ഥം, ബ്രഹ്മാവും ഗുരുവാണ്, വിഷ്ണുവും ഗുരുവാണ്, സാക്ഷാല്‍ പരമേശ്വരനായ ഞാനും ഗുരുവാണ്. എന്നാല്‍, സാക്ഷാല്‍ പരബ്രഹ്മമായിരിക്കുന്ന ഗുരുവിനെ ഞാന്‍ ധ്യാനിക്കുന്നു എന്നാണ് വ്യാഖ്യാനിച്ചു കേട്ടിട്ടുള്ളത്.
സദാ ധ്യാന നിമഗ്നനായിരിക്കുന്ന ശിവന് ലക്ഷ്യം വയ്ക്കുന്നത് ആരെയാണെന്ന പാര്‍വ്വതിയുടെ സംശയത്തിന് മറുപടിയായിട്ടാണ് ‘സാക്ഷാല്‍ പരബ്രഹ്മമായിരിക്കുന്ന ഗുരുവിനെ ഞാന്‍ ധ്യാനിക്കുന്നു’ എന്ന് ശിവന് പറയുന്നത്. ഭാരതീയ ദര്‍ശനത്തിന്റെ ഒരു ഘട്ടത്തിനും മങ്ങലേല്‍പ്പിക്കാതെ ഈ വിചാരധാര ശക്തിപ്പെട്ടു നില്ക്കുമ്പോള് എങ്ങനെയാണ് കൃഷ്ണന് വിഷ്ണുവിന്റെ അവതാരമായിരിക്കാന് കഴിയുന്നത്..?
നമ്മളെ നമ്മള് അറിയുന്നതിന്റെ മുന്നോടിയായി ഇത്രയും വിവരങ്ങള്‍ മനസിലാക്കുന്നത് നല്ലതായതുകൊണ്ട് ഇതുവഴി കടന്നു പോകേണ്ടി വരുന്നു എന്നുമാത്രം.
മതങ്ങളും ജാതികളും
ഭാരതീയചിന്തയുടെ സമ്പന്നതയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് ബുദ്ധനും മഹാവീരനും അവരുടേതായ രീതിയില്‍ സനാതന ജ്ഞാനമാര്‍ഗ്ഗം അവതരിപ്പിക്കുകയുണ്ടായി. ആര്യ-ബ്രാഹ്മണ മേധാവിത്വം ശക്തമല്ലാതിരുന്ന അക്കാലത്ത് ബൗദ്ധസിദ്ധാന്തങ്ങള് ഭാരതമപ്പാടെ വ്യാപിക്കുകയും ജനങ്ങളുടെ പൊതുവായ സംസ്കാരമാവുകയും ചെയ്തു. ഇറാന് മുതല്‍ അസ്സാം വരെയും, ഹിമാചലം മുതല്‍ ദക്ഷിണ ഭാരതത്തിന്റെ വടക്കെ അതൃത്തി വരെയും വ്യാപിച്ചു കിടന്നിരുന്ന തന്റെ സാമ്രാജ്യമപ്പാടെ അശോകന് ബൗദ്ധസിദ്ധാന്തങ്ങളും ജീവിതരീതികളും വ്യാപിപ്പിക്കുകയുണ്ടായി.
ദക്ഷിണേന്ത്യയില്‍ ശക്തമായിരുന്ന ദ്രാവിഡ സംസ്കാരത്തിലേക്ക് കടന്നുകയറാന്‍ പ്രയാസപ്പെട്ടിരുന്ന അശോകന് സമുദ്രമാര്‍ഗ്ഗം സിലോണില്‍ ബുദ്ധിസം വ്യാപിപ്പിക്കുകയും ആ ബന്ധത്തിലൂടെ കേരളത്തിലും ബൗദ്ധചിന്തകള്‍ വ്യാപിച്ച് സംസ്കാരമാവുകയും ചെയ്തു. ദക്ഷിണേഷ്യയിലും വലിയൊരു പ്രദേശത്ത് വളരെ വേഗം ബുദ്ധിസം ഇങ്ങനെ വളര്‍ന്നു പടരുന്നതിന് കാരണമായത്, ആ പ്രദേശങ്ങളിലെല്ലാം സൈദ്ധാന്തികമായ പിന്‍ബലമൊന്നുമില്ലാതെ കേവലം പ്രാദേശികമായ വിശ്വാസങ്ങളും ആചാരങ്ങളുമായി ദൈവസങ്കല്പം നിലനിന്നിരുന്നതുകൊണ്ടാണ്. വലിയ തത്ത്വചിന്തയും എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്ന വിധത്തില്‍ കേന്ദ്രീകൃതമായ ശക്തമായ ഭരണസംവിധാനവും നേതൃത്വവും ഇത്തരം വിശ്വാസങ്ങള്‍ക്ക് ഇല്ലാതിരുന്നു എന്നത് ത്വരിത ഗതിയിലുള്ള ബുദ്ധിസത്തിന്റെ വളര്‍ച്ചക്ക് കാരണമായി.
അഹിംസ മുഖ്യ തത്ത്വമായ ബൗദ്ധചിന്തയില്‍ അതിന്റെ സ്വാഭാവികതയോടെ തന്നെ അക്രമ മാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കും കോപ്പുകൂട്ടലുകള്ക്കും സാധ്യതയൊന്നുമില്ല. ഇങ്ങനെ സഹസ്രാബ്ദത്തോളം വാണ ബൗദ്ധ സാംസ്കാരിക സങ്കല്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് കേരളത്തില്‍ ആര്യ-ബ്രാഹ്മണ അധിനിവേശം എന്ന ഹൈന്ദവഅധിനിവേശം സംഭവിച്ചത് എന്നു കാണേണ്ടിയിരിക്കുന്നു. ഏ.ഡി. എട്ടാം നൂറ്റാണ്ടു വരെ ഇന്ത്യയുടെ ദക്ഷിണ പശ്ചിമതീരം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ വിവരണങ്ങളില്‍ ഇന്നത്തെ കേരളമെന്ന പ്രദേശത്തെ ജനങ്ങളില്‍ അധികവും ബുദ്ധമതക്കാര്‍ ആയിരുന്നുവെന്നാണ് കാണുന്നത്. ബൗദ്ധചിന്തയില്‍ അഹിംസാലുക്കളായി ജീവിച്ചിരുന്ന ഈ ജനതയുടെ മേല്‍ അധിനിവേശക്കാരായ ആര്യന്മാര് സാധിച്ചെടുത്ത ആധിപത്യമാണ് കേരളത്തില്‍ ത്രിമൂര്‍ത്തി സമ്പ്രദായത്തിലുള്ള ആരാധനയ്ക്കും അടിമ വ്യവസ്ഥിതിക്കും തുടക്കമിട്ടത് എന്നു നിസ്സംശയം പറയാം.
ബൗദ്ധ സങ്കപങ്ങളില് ജീവിച്ചിരുന്ന സാത്വികരായ ജനത വിചാരപരമായും തയ്യാറെടുപ്പുകള്‍ കൊണ്ടും പ്രതിരോധത്തിനു ശേഷിയില്ലാത്തവരായി അധിനിവേശക്കാരായ ദേവസമ്പ്രദായക്കാര്ക്ക് അടിമകളായിത്തീരുകയാണുണ്ടായത്. ഈ അടിമകള്‍ക്ക് ചാതുര്‍വര്‍ണ്യത്തിന്റെ നുകങ്ങള്‍ക്കു കീഴ്പെട്ട് മൃഗതുല്യരായി പണിയെടുക്കുന്നതിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അങ്ങനെ സംഭവിച്ചതിലൂടെ തദ്ദേശിയരുടെ സമ്പത്തുക്കളെല്ലാം എല്ലാ അര്‍ത്ഥത്തിലും അധിനിവേശക്കാരുടേത് ആയിത്തീര്‍ന്നു. തലമുറകള്‍ കടന്നുവന്ന ഈ പ്രക്രിയയിലൂടെ ഇവിടത്തെ ജനമാകെ തങ്ങളുടെ പാരമ്പര്യം മറന്നവരായിത്തീര്ന്നു. കേരളത്തിന്റെ പോയ കാല ചരിത്രത്തെ ഇപ്രകാരമാണ് ചുരുക്കത്തില്‍ പറയാനാവുന്നത്. ഇന്ത്യയില്‍ അപ്പാടെയും സംഭവിച്ചത് ഇതു തന്നെയാണ്. അധിനിവേശത്തിന്റെ ആധിപത്യത്തിന് കാലാനുസാരിയായി പ്രാദേശികമായി ചില സമയ വ്യതയിയാനങ്ങള് ഉണ്ടായി എന്നുമാത്രം.
ബൗദ്ധസങ്കല്പത്തില് ജീവിച്ചിരുന്ന സമാധാന പ്രിയരായ ജനതയുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് അധിനിവേശജനത അവരുടേതാക്കി മാറ്റിയപ്പോള്‍ തദ്ദേശിയരുടെ അധപതനം പൂര്‍ത്തിയായി എന്നു കാണേണ്ടിയിരിക്കുന്നു. ഇന്നത്തെ പ്രമുഖമായ ക്ഷേത്രങ്ങള്‍ പലതും പോയകാലത്തിന്റെ ബൗദ്ധസങ്കല്പ കേന്ദ്രങ്ങള്‍ ആയിരുന്നുവെന്നത് മിക്കവാറും ചരിത്രാന്വേഷികളുടെ ഉറച്ച കണ്ടെത്തലാണെന്നും ഓര്‍ക്കുക.
ആരാധനാലയങ്ങള്‍ പിടിച്ചടക്കുക എന്നതിലൂടെ ഒരു ജനത എല്ലാം നഷ്ടപ്പെടുന്നവര്‍ ആയിത്തീരുന്നത് എങ്ങനെയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് ചിന്തിച്ചാല്‍ മനസിലാവാത്ത സംഗതിയാണെന്നു പറയാം. ഇന്നത്തെപ്പോലെ ശാസ്ത്രവും സാങ്കേതിക വിദ്യകളും മാധ്യമങ്ങളും യഥേഷ്ട ലോകസഞ്ചാരവും സമ്പത്തും ഒന്നുമില്ലാതെ ചുരുങ്ങിയ പരിധിയിലുള്ള ആവാസകേന്ദ്രത്തില്‍ ഒതുങ്ങിയിരുന്ന കാലത്ത് ഒരു ജനതയുടെ സംസ്കാരത്തിന്റെയും ദൈവസങ്കല്പത്തിന്റെയും എന്നു വേണ്ട സകലതിന്റെയും ആശ്രയമായിരുന്നു ആരാധനാകേന്ദ്രവും അതിന്റെ മേലാളന്മാരായ പ്രവര്‍ത്തകരും എന്നാണ് കാണേണ്ടിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, ജനതയ്ക്കു മേല്‍ മാനസികമായ ആധിപത്യം സ്ഥാപിക്കുന്നതിന് ആരാധനാലയങ്ങളുടെയും ഈശ്വര വിചാരത്തിന്റെയും സാധ്യതകള്‍ നിഷേധിക്കുക എന്നത് ഏറ്റവും വലിയ ആയുധ പ്രയോഗമായിരുന്നു.
ആര്യ-ബ്രാഹ്മണ അധിനിവേശത്തോടെ അടിമകള്‍ ആയിത്തീര്‍ന്ന് തലമുറകളിലൂടെ പാരമ്പര്യം മറന്ന ജനത്തിന് അന്തിമമായി മോഹിക്കാനും പ്രാപിക്കാനും ഉണ്ടാവുന്നത് ഉടമകളുടെ ആരാധനാ മൂര്‍ത്തികളും ജീവിത രീതികളുമാണെന്നു വന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ അടിമകളായി തദ്ദേശിയര്‍ നൂറ്റാണ്ടുകള്‍ ജീവിച്ചപ്പോള്‍ മോചനമെന്ന വിചാരവിപ്ലവത്തിന്റെ തീപ്പന്തവുമായി വന്ന മഹാചാര്യനാണ് ശ്രീനാരായണഗുരു. തൊണ്ണൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് സമാധിയായ നാരായണഗുരു കേരളത്തില്‍ ജീവിച്ചിരുന്ന അധസ്ഥിതരുടെ സാമൂഹികവും സാമ്പത്തികവുമായ മോചനത്തിനായാണ് പ്രവര്‍ത്തിച്ചത്.
അധസ്ഥിതരുടെ മോചനത്തിനായി ഏറെ വിശാലമായ ചിന്തയും പദ്ധതികളുമുണ്ടായിരുന്ന നാരായണഗുരുവിനു പോലും ആര്യ-ബ്രാഹ്മണരുടെ സ്വന്തം ആരാധനാസങ്കല്പങ്ങളായ ദേവീദേവന്മാരെ അടിമകളുടേതും കൂടി ആക്കിമാറ്റണമെന്ന നിര്‍ബ്ബന്ധമാണ് ഉണ്ടായത്. ഇക്കാരണത്താല്‍ ഗുരു, അക്കാലത്തിന്റെ വിപ്ലവങ്ങളില്‍ ഏറ്റവും ഉയര്‍ന്നതെന്നു പറയാവുന്ന അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ നടത്തുക തന്നെ ചെയ്തു. വിചാരപരമായി തങ്ങളുടെ സ്വന്തം സ്വത്തായ ദേവസങ്കല്പം കവര്‍ന്നെടുത്തതില്‍ പ്രകോപിതരായ ബ്രാഹ്മണരെ, താന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്നു പറഞ്ഞ് നാരായണഗുരുവിന് തൃപ്തിപ്പെടുത്തേണ്ടതായി വന്ന സാഹചര്യം ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു.
അധികം കാലമെടുക്കാതെ തന്നെ ബ്രാഹ്മണസ്വത്തായ ശിവസങ്കല്പം കൊണ്ട് സാധ്യമാവുന്നതല്ല വിചാപരമായ മോചനം എന്നു മനസിലാക്കിയതിനാലാവാം നാരായണഗുരു പിന്നീട് കണ്ണാടി പ്രതിഷ്ഠിച്ചത്. ഓരോരുത്തരും തന്നെത്തന്നെ കണ്ടെത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആ സങ്കല്പം ഭാവനാപരമായി നല്ലതാണെങ്കിലും അറിവില്ലാത്ത ഒരുവന് കണ്ണാടിയില്‍ അവനെത്തന്നെ കണ്ട് ആരാധിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുകയെന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആരാധന എന്നത് തന്നെക്കാള്‍ ഉയര്‍ന്ന ഒരു ജീവനെ സങ്കല്പിച്ച് ചെയ്യുന്നതിലൂടെ മാത്രമേ തനിക്ക് എന്തെങ്കിലും വിശേഷതരമായും യോഗ്യതരമായും ലഭ്യമാവുന്നുള്ളൂവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍ നാരായണഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ എന്നത് സങ്കല്പതരമായി എത്രത്തോളം പ്രയോജനപ്രദമാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ഭാരതത്തിന്റെ അഹംബ്രഹ്മ സങ്കല്പത്തില് നിന്നാവാം നാരായണഗുരുവിന് കണ്ണാടി പ്രതിഷ്ഠിക്കാനുള്ള പ്രചോദനം ഉണ്ടായതെന്നു കരുതുന്നതിലും തെറ്റില്ല. എങ്കിലും പക്ഷേ, കണ്ണാടിപ്രതിഷ്ഠ കൊണ്ടും കാര്യങ്ങള്‍ ലക്ഷ്യത്തിലെത്തില്ലെന്നു മനസിലാക്കിയ നാരായണഗുരു പിന്നീട്, വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളുമാണ് ഉന്നമനത്തിനു വേണ്ടെതെന്ന് കണ്ടെത്തി പ്രവര്‍ത്തിക്കുകയാണുണ്ടായത്. എന്നിട്ടും കാര്യങ്ങള്‍ എങ്ങുമെത്താത്തതില്‍ അസംതൃപ്തനായി വിഷണ്ണനായ നാരായണഗുരുവിനെയാണ് അവസാന കാലത്ത് കാണാനായതെന്നത് സംശയ ലേശമില്ലാത്ത കാര്യമാണ്.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ വൈക്കം സത്യഗ്രഹം നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല. വഴികളും മറ്റ് സഞ്ചാര മാധ്യമങ്ങളും ഇന്നത്തേതു പോലൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വഴിനടക്കുക എന്നതു തന്നെ വലിയ നേട്ടമായിരുന്നു. താണ ജാതിക്കാര്‍ക്ക് നടക്കാന്‍ അനുവാദമില്ലാതിരുന്ന, വൈക്കം ക്ഷേത്രത്തിനു പുറത്തുള്ള വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടായിരുന്നു സത്യഗ്രഹം ആരംഭിച്ചതെന്നത് ഇന്നു വിചിത്രമായി തോന്നാം. നാരായണഗുരുവിന്റെ അനുഗ്രഹാശിസുകളോടെയും അക്കാലത്തെ പ്രമുഖ വിമോചന പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയും ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യ സമരം, വര്‍ദ്ധിച്ച ജനപിന്തുണയുടെ ബലത്തില്‍ പിന്നീട് ക്ഷേത്രപ്രവേശന സമരമായി മാറുകയാണുണ്ടായത്.
അധസ്ഥിതരുടെ മോചനമെന്നത്, ക്ഷേത്രപ്രവേശന സമരകാലത്തെ സങ്കല്പമനുസരിച്ച്, അവരും ബ്രാഹ്മണരെപ്പോലെ ആയിത്തീരുക എന്നതായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. ഇതിന്റെ തെളിവാണ്, ഭൗതികമായും സങ്കല്പതരമായും ബ്രാഹ്മണരുടെ സ്വന്തമായിരുന്ന ആരാധനാലയങ്ങളും അവിടത്തെ സങ്കല്പ മൂര്‍ത്തികളും താണവരുടേതു കൂടി ആക്കണമെന്ന മുറവിളിയുണ്ടായത്.
വൈക്കം ക്ഷേത്രത്തിന്നടുത്തുള്ള വഴിയിലൂടെ താണ ജാതിക്കാര്‍ക്ക് സഞ്ചാരം ലഭിക്കുന്നതിനുള്ള സമരം തുടങ്ങി പന്ത്രണ്ടു വര്‍ഷത്തിനു ശേഷം 1936-ലാണ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍, അവര്‍ണ്ണര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായത്. ഇത്തരത്തില്‍ ബലപ്രയോഗത്തിലൂടെ ബ്രാഹ്മണരുടെ ആരാധനാലയങ്ങളിലേക്ക് കയറിയ ജനങ്ങള്‍ ഹിന്ദുക്കളായി മാറിയെന്നു സ്വയം സങ്കല്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ ഉള്ളത്. ഇത്തരത്തില്‍ ഹിന്ദുക്കളായി എന്നു സ്വയം സങ്കല്പിക്കുന്ന ജനം പോയ കാലങ്ങളില്‍ അവരുടെ യഥാര്‍ത്ഥ സ്വത്തായിരുന്ന, എന്നാല്‍ അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ആര്ഷവും സനാതനവുമായ ഭാരതീയ ചിന്തകളെ എത്രത്തോളം ഉള്‍ക്കൊള്ളുന്നതിന് പ്രാപ്തമായി എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടീഷ് ഇന്ത്യ ഒട്ടാകെ പടര്‍ന്ന, സകല മേഖലകളിലുമായി സംഭവിച്ച സ്വാതന്ത്ര്യചിന്തയുടെ ഫലമായി വൈക്കം ക്ഷേത്രപ്രവേശനത്തെ തുടര്‍ന്ന് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചിരാജ്യത്തും ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാവുകയുണ്ടായി. ഇങ്ങനെ സംഭവിച്ചതിലൂടെ മാനസികമായി അവര്‍ണ്ണര്‍ ഹിന്ദുക്കളായി എന്ന് സ്വയം വിചാരിച്ചു സമാധാനിക്കുന്നതിന് ഇടവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ത്രിമൂര്‍ത്തി സമ്പ്രദായത്തില്‍ ദൈവസങ്കല്പം കൊണ്ടു നടക്കുന്നതാണ് ഹിന്ദുത്വമെങ്കില്‍ ക്ഷേത്ര പ്രവേശന സംഭവം വരെ ഇന്ത്യയിലെ ന്യൂനപക്ഷം മാത്രമായിരുന്ന ബ്രാഹ്മണര്‍, അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തോടെ ഇന്ത്യയിലെ ഭൂരിപക്ഷ ജനത ഹിന്ദുക്കളാണെന്ന വാദഗതിയില്‍ ഉറയ്ക്കുന്നതിനും മാനസികമായിത്തന്നെ പുതിയൊരു ചുവടുവയ്പായി അവര്‍ണ ജനതക്കു മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ഇടയാവുകയും ചെയ്തു എന്നു മനസിലാക്കാനാവുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്, ഇന്ന് ജീവിച്ചിരിക്കുന്നവരിലെ മുതിര്‍ന്നവര്‍ ചിലരെങ്കിലും അവരുടെ ചെറുപ്പത്തില്‍ ഹിന്ദുവേ ആയിരുന്നില്ലെന്നതാണ്. അതായത് ഇവിടത്തെ ബഹുഭൂരിപക്ഷ ജനതയുടെ ഹൈന്ദവ സങ്കല്പത്തിന് ഒരു മനുഷ്യായുസു പോലും പ്രായമായിട്ടില്ല..!
ഇന്നത്തെ ഇന്ത്യന്‍ ജനത
ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് ഭരണപരമായ സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു നിയമ-ഭരണ സങ്കല്പമാണ് ഭാരത ശില്പികളായ മഹാത്മാക്കള്‍ ഇവിടത്തെ ജനകോടികള്‍ക്കായി നല്‍കിയിട്ടുള്ളത്. ഇന്ത്യയെന്ന ഇന്നത്തെ ദേശം ലോകത്തിന്റെ സാംസ്കാരിക തറവാടെന്നു പറയുന്നുവെങ്കിലും ആധുനിക കാലത്തിനു പറ്റിയ വിധം ഒരു നിയമ-ഭരണ സംവിധാനം ഉണ്ടാക്കുന്നതിന് ഇവിടത്തെ മഹത്തായ അറിവുകള്‍ കൊണ്ട് സാധിച്ചിട്ടില്ലെന്നത് തടസ്സ വാദങ്ങളൊന്നും കൂടാതെ സമ്മതിക്കേണ്ടുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പട വെട്ടിയവരെക്കുറിച്ച് ഒരു നിമിഷം ഇവിടെ വിചാരിക്കേണ്ടതുണ്ട്. മഹാത്മജി, പണ്ഡിറ്റ് നെഹൃ, സര്‍ദാര്‍ പട്ടേല്‍, ഡോ. അംബേദ്കര്‍, മൗലാന ആസാദ് തുടങ്ങി സ്വാതന്ത്ര്യം ലഭ്യമായ കാലത്തെ നേതാക്കളോളം മികച്ചവര്‍ ഇന്ത്യയില്‍ ഒരു കാലത്തും ഒരേ സമയത്ത് ജീവിച്ചിരുന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. ഇത്രയേറെ മഹാത്മാക്കള്‍ ഒരേ കാലത്ത് ജനിച്ചു വന്നു പ്രവര്‍ത്തിക്കുന്നതിന് സാധ്യമായത് ആവശ്യങ്ങളുടെ അനിവാര്യതയോ കാലത്തിന്റെ നിശ്ചയമോ ആണെന്നു പറയാം.
മുന്‍പറഞ്ഞ മഹാത്മാക്കളെ കൂടാതെ മികച്ചവരുടെ വലിയൊരു നിരതന്നെ അക്കാലത്തെ ഭാരതത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. സി. രാജഗോപാലാചാരിയും ഡോ. രാജേന്ദ്ര പ്രസാദും ഡോ. രാധാകൃഷ്ണനും അവരില്‍ ചിലര്‍ മാത്രമാണ്. എല്ലാവരും ഭാരതീയചിന്തയിലും ലോകത്തിന്റെ വലിയ സ്വാധീനമായി നില്ക്കുന്ന വിചാരങ്ങളിലും മികച്ച അറിവുള്ളവരായിരുന്നു. ഇവരിലാകട്ടെ, ഹിന്ദുവെന്നു വിളിക്കുന്ന സങ്കല്പത്തില്പ്പെട്ടവരായിരുന്നു ഭൂരിപക്ഷം നേതാക്കളും എന്നത് പ്രത്യേക വിചാരത്തിന് വിധേയമാക്കേണ്ട സംഗതിയാണ്. ബ്രാഹ്മണ കുലത്തില്‍ ജനിച്ച ഗാന്ധിജിയും നെഹൃവും തന്നെയായിരുന്നു നേതൃത്വത്തില്‍ മുന്നില്‍ നിന്നിട്ടുള്ളതും.
1947- ല്‍ ഇന്ത്യ സ്വതന്ത്രയായതിനൊപ്പം രാജ്യത്തിന്റെ നിലനില്പിനായി ഒരു ഭരണഘടന അനിവാര്യമായി വന്നു. ഭാരതം അറിവിന്റെ തറവാടെന്നു വാഴ്ത്തപ്പെടുന്നുവെങ്കിലും നമ്മുടേതായ അറിവുകള്‍ ഉപയോഗിച്ച് നമുക്കുവേണ്ടി ഒരു ഭരണഘടന നിര്‍മ്മിക്കാന്‍ നമുക്ക് സാധിച്ചില്ലെന്നത് വലിയ തിരിച്ചറിവോടെ കാണുക തന്നെ വേണം! സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയെന്നത് അന്നത്തെ ലോകത്ത് പ്രമുഖമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന, ക്രിസ്തീയ വിശ്വാസത്തിലുറച്ച രാജ്യങ്ങളുടെ ഭരണഘടനകള്‍ പലതും കൂട്ടിയിണക്കി നിര്‍മ്മിച്ചതാണെന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ത്തന്നെ ഇന്ത്യയെ അടിമയാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ നിയമങ്ങളും സങ്കല്പങ്ങളും ലോകശക്തിയായി വിലസിയിരുന്ന അമേരിക്കയുടെ ഭരണഘടനയും മറ്റ് ചില രാജ്യങ്ങളുടെ നിയമ സങ്കല്പങ്ങള് അല്പാല്പമായും കൂട്ടിയുണ്ടാക്കിയതാണ് ഇന്നത്തെ ഇന്ത്യയുടെ ഭരണഘടനയെന്നത് അധികാര കേന്ദ്രങ്ങള്‍ പരസ്യമായിത്തന്നെ ജനങ്ങളെ അറിയിച്ചിട്ടുള്ളതാണ്.
ഇവിടെ, നാം ചിന്തിക്കേണ്ട സുപ്രധാനമായൊരു വിഷയമുണ്ട്. വലിയ അറിവാണ് നമ്മുടേതെന്നു പറയുകയും ജീവിതത്തിനു കൊള്ളുന്ന ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ പോലും അതുകൊണ്ട് സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ അറിവിനെ എങ്ങനെയാണ് കാണേണ്ടത്? വേദങ്ങളും, ഉപനിഷത്തുക്കളും, ശാസ്ത്രങ്ങളും, പുരാണങ്ങളും വെറും വാചകമടിക്കു മാത്രം ഉതകുന്നതാണോ? അങ്ങനെയെങ്കില്‍ ഇവിടത്തെ ജനത അതിന്റെയെല്ലാം ബലത്തില്‍ വെറുതേ ഊറ്റം കൊള്ളേണ്ടതുണ്ടോ? യാഥാര്‍ത്ഥ്യം ഇങ്ങനെയായതുകൊണ്ട് നമുക്ക് ഉണ്ടെന്നു പറയുന്ന വലുപ്പത്തെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നത്?
ആരു തന്നെയായാലും, മറ്റൊരു വ്യക്തിയെയോ സമൂഹത്തെയോ സംസ്കാരത്തെയോ അംഗീകരിച്ച് അനുകരിച്ച് പ്രവര്‍ത്തിക്കുന്നുവെങ്കില്‍, അനുകരിക്കപ്പെടുന്ന ആ വ്യക്തിയോ സമൂഹമോ സംസ്കാരമോ ആയിത്തീരാന്‍ അനുകരിക്കുന്നവന്‍ ശ്രമിക്കുന്നു എന്നു തന്നെയാണ് അര്ത്ഥമാക്കാനാവുക. അറിവും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തനശേഷിയും അധികാരവും എവിടെയാണോ ഉണ്ടായിരിക്കുന്നത് അതാവാന്‍ ശ്രമിക്കുകയെന്നത് ഇല്ലാത്തവന്റെ വാസന തന്നെയാണ്. മുമ്പേ നമ്മള് കണ്ടിട്ടുള്ള, അടിമകളായിത്തീര്‍ന്ന് തലമുറകള്‍ കഴിഞ്ഞ് സ്വന്തം അസ്തിത്വം മറന്നുപോയ ഭാരതീയന് ബ്രാഹ്മണരുടെ ദൈവസങ്കല്പങ്ങളും പ്രവര്‍ത്തന രീതികളും സ്വന്തമാക്കാന്‍ ശ്രമിച്ചതു പോലൊരു മനോഭാവം തന്നെയാണ് ഇവിടെയും കാണാനാവുന്നത്.
മഹത്തായ അറിവുകള്‍ പോയകാല ഭാരതത്തിന് ഉണ്ടായിരുന്നുവെന്നതും ആ അറിവുകള്‍ ഉപയോഗിച്ച് ഇവിടം ഭരിക്കാന്‍ കഴിഞ്ഞിരുന്നുവെന്നതും നിഷേധിക്കാനാവാത്ത സത്യം തന്നെയാണ്. പക്ഷേ, ഭാരതത്തില്‍ എന്നല്ല, മനുഷ്യസമൂഹം എവിടെയെല്ലാം ഉണ്ടായിരിക്കുന്നുവോ അവിടെയെല്ലാം നിരന്തരമായി സംഭവിക്കേണ്ടതാണ് മാറ്റം എന്ന പ്രതിഭാസം. അറിവിന്റെ കാര്യത്തിലും പ്രയോഗത്തിന്റെ കാര്യത്തിലും ഇത് സംഭവിക്കുക തന്നെ വേണ്ടിയിരിക്കുന്നു. ഇങ്ങനെ സംഭവിക്കണമെങ്കില്‍, അറിവാര്ജ്ജിച്ച് സ്വാതന്ത്ര്യം പ്രാപിച്ചു നില്ക്കുന്ന വിവേകമുള്ള ജനത ഉണ്ടായേ മതിയാവൂ എന്നതാണ് പരമാര്‍ത്ഥം. കൃഷ്ണന് പറഞ്ഞിട്ടുള്ളത് മാറ്റം അനിവാര്യമാണെന്നും മാറ്റം ഇല്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂവെന്നുമാണല്ലൊ. യുഗധര്‍മ്മത്തിന്റെ അര്‍ത്ഥവും ഇത്തരത്തിലാണല്ലൊ കാണാനാവുന്നത്.
ആര്യ-ബ്രാഹ്മണ സഖ്യം ഇന്നത്തെ ഇന്ത്യ ഉള്‍ക്കൊള്ളുന്ന ദക്ഷിണേഷ്യ അടക്കി ഭരിച്ചിരുന്ന കാലത്ത് കാര്‍ക്കശ്യത്തോടും സ്വാര്‍ത്ഥ ലക്ഷ്യത്തോടും ജനങ്ങളെ അടിമകളായി സൂക്ഷിച്ചിരുന്നതിന്റെ ഫലമായി ഇവിടെ ഏറെ നൂറ്റാണ്ടുകള്‍ വളര്‍ച്ചയില്ലാത്തതായി അറിവുകള്‍ മുടിച്ചു പോയി. ഇക്കാരണത്താലാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി അറിവിന്റെ മുന്നേറ്റം ഉണ്ടാവുകയും ഭരണ- നിയമ സംവിധാനങ്ങള്‍ മാറി വരികയുമൊക്കെ ചെയ്തിട്ടും ഭാരതത്തില്‍ മാത്രം അങ്ങനെ സംഭവിക്കാതിരുന്നത് എന്നു മനസിലാക്കാനാവുന്നു.
നിലവില്‍ ഭൗതിക ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പാശ്ചാത്യര്‍ക്ക് മുന്നേറാന്‍ ആയിട്ടുണ്ടെങ്കിലും അവരുടെ ഈ മുന്നേറ്റത്തിന്റെ പാത മാനവരാശിക്ക് അന്തിമമായി ആശ്രയിക്കാവുന്ന എന്തെങ്കിലും അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ക്രിസ്റ്റ്യാനിറ്റി എന്ന പേരില്‍ ഉണ്ടായിരുന്ന, ദുര്‍ബ്ബലമെങ്കിലും ആദ്ധ്യാത്മിക സങ്കല്പങ്ങളെല്ലാം വലിച്ചെറിഞ്ഞ് കേവലമായ ഭൗതിക വാദത്തില്‍ ഊന്നിയുള്ള മുന്നേറ്റമാണ് നിലവിലെ പാശ്ചാത്യ ദര്ശനങ്ങളെന്നത് സംശയത്തിന് ഇടയില്ലാത്ത കാര്യമാണ്. ഇത്തരമൊരു സംസ്കാരം മാനവരാശിക്ക് ആത്യന്തികമായി ഗുണപ്പെടുമോ എന്നത് ഭാരതത്തെപ്പോലെ വലിയ പാരമ്പര്യമുള്ള രാജ്യം വലിയ വിചാരത്തിന് വിധേയമാക്കേണ്ടതായിട്ടിരിക്കുന്നു.
ജീവന് ജീവനു വേണ്ടി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുവെന്നും ഫലങ്ങള്‍ അനുഭവിക്കുന്നത് ജീവന് മാത്രമാണെന്നും, ശരീരം സ്വന്തമായ താത്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നും അനുഭവങ്ങള്‍ ജീവന്റേതു മാത്രമാണെന്നും പ്രവര്‍ത്തനങ്ങള്‍ തലമുറകളും ജന്മാന്തരങ്ങളും കടന്ന് ഫലമായി വരുന്നുവെന്നും അറിഞ്ഞിട്ടുള്ളവര്‍ തന്നെയാണ് പോയകാല ഭാരതീയര്‍. പരമ്പരയായി പകര്‍ന്നുകിട്ടിയ അറിവായി ഈ വിവരണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും, ഈ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവ് കൊടുക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഭാരതത്തിന്റെ അറിവുകള്‍ക്ക് ആധുനിക കാലത്ത് പിന്നോക്കം പോകേണ്ടി വരുന്നതിന്റെ കാരണം.
ശാസ്ത്രം സത്യത്തോടെ വിരാജിക്കുന്ന ഇക്കാലത്ത് വ്യക്തമായ തെളിവില്ലാതെ യാതൊരു വിധമായ പ്രസ്താവവും വിവേകമുള്ള ജനത അംഗീകരിക്കില്ലെന്നത് തീര്‍ച്ചയാണ്. ഈ ഒരൊറ്റ കാരണംകൊണ്ടാണ് പാശ്ചാത്യലോകത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ശക്തമായിരുന്ന വിശ്വാസതരമായ സ്വാധീനം അതിന്റെ അനിവാര്യതയോടെ തന്നെ ദുര്ബ്ബലമായിത്തീര്ന്നതും ഭൗതിക ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ക്കെ ഉണ്ടാവുന്നതിന് ഇട വന്നതും.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായിരിക്കുന്നതും പ്രവര്‍ത്തന ഫലങ്ങള്‍ അനുഭവിക്കുന്നതും ജീവനാണെന്ന് യുക്തിഭദ്രമായി വിവരിക്കാന്‍ കഴിയുന്നൊരു സിദ്ധാന്തമാണ് ലോകത്തിന് ലഭിക്കേണ്ടിയിരിക്കുന്നത്. ഈ അറിവും വിവരണവും എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്നതു തന്നെ ആയിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇത്തരത്തില്‍ കണ്ടുപോകുന്ന അറിവ് യുക്തിഭദ്രവും താത്ത്വികവുമായിരിക്കണം. എങ്കില്‍ മാത്രമേ ആധുനിക കാലത്തിന്റെ വിലയിരുത്തലുകള്‍ക്ക് സ്വീകാര്യമായി വരികയുള്ളൂ.
ഋഷിവര്യന്മാരും സനാതന ഗുരുക്കന്മാരും നിര്‍മ്മിച്ച ജ്ഞാന പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്നതായി ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനം പൂര്‍ണ്ണമായിത്തന്നെ ജീവനെ വിവരിച്ചുകൊണ്ട് ലോകത്തിന് പുതിയ മാര്‍ഗ്ഗദര്‍ശനം നല്കുന്നു. കേവലമായ ഭൗതിക ചിന്തയില്‍ രമിക്കുകയും പിഴവോടെ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ലോകത്തെ ക്രമീകരിച്ച് മാനവരാശിയെ ഒന്നാക്കി കൊണ്ടുവരാനാവുന്ന അറിവുകള്‍ ലഭ്യമായിരിക്കുക തന്നെ ചെയ്യുന്നു. ഈ പ്രവര്‍ത്തനത്തില്‍ സ്വയം ശുദ്ധീകരിച്ച് മുന്നില്‍ നില്‍ക്കേണ്ടതും ലോകത്തെ നയിക്കേണ്ടതും ഭാരതം തന്നെയാണ്.
ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വിദ്വേഷങ്ങള്‍ വെടിഞ്ഞ് ഒന്നിക്കുന്നതിനും മാനവരാശി ഒന്നാണെന്ന ബോധ്യത്തില്‍ പ്രവര്ത്തിക്കേണ്ടുന്നതിനും സമയമായിരിക്കുന്നു. തികച്ചും സമാധാന മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിച്ച് ”എല്ലാവര്ക്കും എല്ലാം കിട്ടണം” എന്ന വിചാരത്തിന്റെ അടിത്തറയില്‍ ലോകത്തെ ക്രമീകരിച്ച് ഒരൊറ്റ ജനത ആക്കുന്നതിനായി നമുക്ക് ശ്രമിക്കാം!